Tuesday, June 29, 2010

ടി.കെ. ഹംസയുടെ ഉണ്ടയില്ലാ വെടികള്‍: പി.കെ. നിയാസ്

ടി.കെ. ഹംസയുടെ ഉണ്ടയില്ലാ വെടികള്‍
Monday, June 28, 2010
കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് കൂടുമാറി നേതാവായ ടി.കെ. ഹംസ 'ദേശാഭിമാനി' ദിനപത്രത്തില്‍ എഴുതിയ 'ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും' ലേഖനത്തില്‍ ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലാത്ത ഗുരുതരമായ ഒരു ആരോപണമുണ്ട്. മുസ്‌ലിം ലീഗ് നേതാവും പാകിസ്താന്‍ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ലിയാഖത്ത് അലി ഖാന്റെ വിരിമാറിലേക്ക് നിറയൊഴിച്ച് അദ്ദേഹത്തിന്റെ കഥ കഴിച്ചത് സെയ്ദ് അക്ബര്‍ എന്ന ജമാഅത്തുകാരനാണെന്നാണ് ഹംസയുടെ കണ്ടെത്തല്‍. ജമാഅത്തെ ഇസ്‌ലാമിയുടെ ഏതെങ്കിലുമൊരു പ്രവര്‍ത്തകന്‍ ആരെയെങ്കിലും വധിച്ചതായി കടുത്ത വിമര്‍ശകര്‍ പോലും ഇതുവരെ ആരോപിച്ചിട്ടില്ല. ജമാഅത്തിനെ നിശിതമായി നിരൂപണം ചെയ്ത് പുസ്തകമെഴുതിയ ഫ്രെഡറിക് ഗ്രെയര്‍ മുതല്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ജമാഅത്ത് വധം നിര്‍വഹിച്ചുപോരുന്ന ഹമീദ് ചേന്ദമംഗലൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗവേഷണം നടത്തി കണ്ടുപിടിക്കാന്‍ കഴിയാത്ത സംഗതിയാണ് ഹംസ വക്കീലിന്റെ പ്രബന്ധത്തിലുള്ളത്.

1951 ഒക്‌ടോബര്‍ 16ന് റാവല്‍പിണ്ടിയില്‍ മുസ്‌ലിം ലീഗ് പൊതുയോഗത്തില്‍ സംബന്ധിക്കുമ്പോഴാണ് അഫ്ഗാന്‍ വംശജനായ സെയ്ദ് അക്ബര്‍ എന്നയാളുടെ വെടിയേറ്റ് ലിയാഖത്ത് അലി ഖാന്‍ മരിക്കുന്നത്. സുരക്ഷാഭടന്മാര്‍ ഉടന്‍ അക്രമിയെ വെടിവെച്ചുകൊന്നു. പ്രഫഷനല്‍ കൊലയാളി സംഘാംഗമായ ഇയാളെക്കുറിച്ച് പൊലീസിന് നേരത്തേ അറിവുണ്ടായിരുന്നു. പുഷ്തുന്‍ പ്രദേശം അഫ്ഗാനിസ്താനോട് ചേര്‍ക്കുന്നതിനെ ശക്തിയായി എതിര്‍ത്തയാളായിരുന്നു ലിയാഖത്ത് അലി ഖാന്‍. ഇതിനോടുള്ള പ്രതികാരമായിരിക്കാം സെയ്ദ് അക്ബറിനെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. എന്നാല്‍ ആറു പതിറ്റാണ്ടു പിന്നിട്ടിട്ടും സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് വെളിവായിട്ടില്ല. ജസ്റ്റിസ് മുഹമ്മദ് മുനീറും അഖ്തര്‍ ഹുസൈനും ഉള്‍പ്പെടുന്ന ദ്വയാംഗകമീഷനാണ് ഗൂഢാലോചന അന്വേഷിച്ചത്. സെയ്ദ് അക്ബര്‍ സ്വന്തം തീരുമാനപ്രകാരം കൃത്യം നടത്തിയതാണോ, ഗൂഢാലോചന നടത്തിയവരുടെ ഏജന്റാണോ എന്നിവ വ്യക്തമാക്കാവുന്ന ഒരു തെളിവും ലഭിച്ചില്ലെന്നാണ് കമീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ജമാഅത്തെ ഇസ്‌ലാമിയുടെ പേരു പോലും അതില്‍ പരാമര്‍ശിക്കുന്നില്ല. ഹംസയുടെ നുണബോംബ് ഇവിടെ ആവിയാകുന്നു. എന്നാല്‍ സംശയത്തിന്റെ മുനകള്‍ സി.ഐ.എയെപ്പോലെ കമ്യൂണിസ്റ്റുകള്‍ക്ക് നേരെയും ഉയര്‍ന്നിട്ടുണ്ടെന്നത് മറ്റൊരു കാര്യം.

അതേസമയം, ലിയാഖത്ത് അലി ഖാനെതിരായ പാളിപ്പോയ റാവല്‍പിണ്ടി ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായവരില്‍ പാകിസ്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സജ്ജാദ് സഹീര്‍ ഉള്‍പ്പെട്ടിരുന്നു. ലിയാഖത്ത് ഭരണത്തില്‍ പാകിസ്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. സൈന്യത്തിലെ മേജര്‍ ജനറല്‍ അക്ബര്‍ ഖാനെ കുപ്പിയിലാക്കിയാല്‍ ഇക്കാര്യം നേടിയെടുക്കാമെന്ന അഭിപ്രായമുയര്‍ന്നു. യഥാര്‍ഥത്തില്‍ ഇത്തരമൊരു 'ബുദ്ധി'യുടെ ഉറവിടം അക്ബര്‍ ഖാന്റെ കൗശലക്കാരിയായ ഭാര്യയും മുസ്‌ലിംലീഗ് വനിതാ നേതാവായിരുന്ന ബീഗം ജഹനാര ഷാനവാസിന്റെ പുത്രിയുമായ ബീഗം നസീമായിരുന്നു. 1951 ഫെബ്രുവരി 23ന് അക്ബര്‍ ഖാന്റെ വസതിയില്‍ ഗൂഢാലോചന അരങ്ങേറി. ഈ യോഗത്തില്‍ സജ്ജാദ് സഹീറിനോടൊപ്പം കമ്യൂണിസ്റ്റ് സഹയാത്രികനും 'പാകിസ്താന്‍ ടൈംസ്' പത്രത്തിന്റെ എഡിറ്ററുമായ ഫൈസ് അഹ്മദ് ഫൈസും പങ്കെടുത്തിരുന്നു. ലിയാഖത്ത് അലി ഖാനെ പുറത്താക്കി അധികാരത്തിലേറാന്‍ സഹായിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാമെന്ന് യോഗത്തില്‍ അക്ബര്‍ ഖാന്‍ ഉറപ്പു നല്‍കി. ഒരാഴ്ചക്കുശേഷം റാവല്‍പിണ്ടിയിലെത്തുന്ന ഗവര്‍ണര്‍ ജനറല്‍ ഖാജ നാസിമുദ്ദീനെയും പ്രധാനമന്ത്രി യെയും അറസ്റ്റ് ചെയ്യുകയും ലിയാഖത്ത് അലിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെ പുറത്താക്കിയതായി ഗവര്‍ണറെക്കൊണ്ട് പ്രഖ്യാപിപ്പിച്ച ശേഷം ജനറല്‍ അക്ബര്‍ ഖാന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാറിനെ വാഴിക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ ജനറലിന്റെ വിശ്വസ്തനായിരുന്ന അസ്‌കര്‍ അലി ഷായിലൂടെ രഹസ്യം ചോരുകയും ഗൂഢാലോചകര്‍ അറസ്റ്റിലാവുകയും ചെയ്തു.

റാവല്‍പിണ്ടി ഗൂഢാലോചന കഴിഞ്ഞ് എട്ടുമാസത്തിനുശേഷമാണ് ലിയാഖത്ത് അലി ഖാന്‍ കൊല്ലപ്പെടുന്നത്. തങ്ങളുടെ അന്വേഷണത്തില്‍ മൂന്നു തരത്തിലുള്ള ഗൂഢാലോചനകള്‍ നടന്നതായി സൂചനയുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലിയാഖത്ത് അലി ഖാന്റെ പടിഞ്ഞാറന്‍ അനുകൂല നിലപാടുകളും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടതും പ്രധാനമന്ത്രിക്കെതിരെ പാര്‍ട്ടിയുടെ രോഷം ഉയരാന്‍ ഇടയാക്കിയ സംഭവങ്ങളായിരുന്നു. ഇതിനു പുറമെ, അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ ലിയാഖത്ത് സോവിയറ്റ്‌യൂനിയനെ തിരിഞ്ഞുനോക്കിയില്ലത്രെ. ഇവ്വിധം അവഗണിക്കപ്പെട്ടതില്‍ രോഷം പൂണ്ടാണ് 1971 ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ മോസ്‌കോ ഇന്ത്യയെ സഹായിച്ചതെന്നും പാര്‍ട്ടി ആരോപിക്കുന്നു. ലിയാഖത്ത് അലി ഖാന്റെ മരണത്തിനുശേഷം 'കമ്യൂണിസ്റ്റ് സ്വാധിനാത' പോലുള്ള തീവ്ര ഇടതുപക്ഷ പ്രസിദ്ധീകരണങ്ങള്‍ 'ആംഗ്ലോ-അമേരിക്കന്‍ പാദസേവയുടെ അനിവാര്യദുരന്തം' എന്ന തരത്തിലാണ് മുഖപ്രസംഗങ്ങളും ലേഖനങ്ങളും എഴുതിയത്.

ജമാഅത്തിന്റെ സ്ഥാപക നേതാവായ അബുല്‍ അഅ്‌ലാ മൗദൂദി 'ലാഹോറിന്റെ തെരുവുകളില്‍ കെട്ടിക്കിടക്കുന്ന അഹമ്മദികളുടെ രക്തപ്പുഴയിലൂടെ കുതിരസവാരി നടത്തി'യെന്നും ടി.കെ. ഹംസ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. മുഹമ്മദ് നബിയെ അന്ത്യപ്രവാചകനായി അംഗീകരിക്കാതിരിക്കുകയും മിര്‍സാ ഗുലാമിനെ പ്രവാചകനായി അവതരിപ്പിക്കുകയും ചെയ്ത ഖാദിയാനികള്‍ ഇസ്‌ലാമിന്റെ ഭാഗമല്ലെന്ന് ഖുര്‍ആന്റെയും വിശ്വാസപ്രമാണങ്ങളുടെയും പിന്‍ബലത്തില്‍ സമര്‍ഥിക്കുന്നതാണ് മൗദൂദിയുടെ 'ഖാദിയാനി പ്രശ്‌നം' എന്ന പുസ്തകം. തങ്ങള്‍ മുസ്‌ലിം സമൂഹത്തിന്റെ ഭാഗമല്ലെന്നാണ് ഖാദിയാനികള്‍ പോലും അവകാശപ്പെടുന്നത്. പുസ്തകവും ഖാദിയാനി വിരുദ്ധ കലാപവും തമ്മില്‍ ബന്ധമില്ലെന്നതാണ് വസ്തുത. കലാപത്തിന് എത്രയോ മുമ്പെഴുതിയതാണ് പുസ്തകം. ഇതിന്റെ പേരില്‍ മൗദൂദിക്ക് വധശിക്ഷ വിധിക്കുകയാണ് പാകിസ്ഥാനിലെ പട്ടാള ഭരണകൂടം ചെയ്തത്. എന്നാല്‍ മുസ്‌ലിം ലോകത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹത്തെ മോചിപ്പിക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരായി. സ്റ്റാലിന്റെ മൃഗീയതയെ ആവാഹിക്കുകയും ടിയനന്‍മെന്‍ സ്‌ക്വയറിലെ കബന്ധങ്ങള്‍ക്ക് മുകളിലൂടെ ടാങ്കുകള്‍ പായിക്കുകയും ക്ലാസ് മുറിയില്‍ പിഞ്ചു വിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപകനെ വെട്ടിക്കൊല്ലുകയുമൊക്കെ ചെയ്യുന്നവര്‍ക്ക് രക്തപ്പുഴയും കുതിരയോട്ടവുമൊക്കെ ഗൃഹാതുരതയുളവാക്കുന്നതാവാമെന്നു കരുതുകയേ നിവൃത്തിയുള്ളൂ.
പി.കെ. നിയാസ്
http://www.madhyamam.com/node/74045

Monday, June 28, 2010

ജമാഅത്തെ ഇസ്‌ലാമി: അറുപത് വര്‍ഷം മുമ്പ് - കെ.കെ. ആലിക്കോയ

ലോകപരിചയം നന്നെ കുറഞ്ഞൊരു പുത്തന്‍പണക്കാരന്‍ ഒരു കാറു വാങ്ങി. എന്നിട്ട് ഡ്രൈവറെ കൂലിക്ക് വച്ചു.
വാഹനത്തിന്‍റെ കന്നിയോട്ടം നടത്തുകയാണ്‌. ഡ്രൈവര്‍ ഗിയര്‍
മാറ്റിക്കൊണ്ടിരിക്കുന്നു. അതിനെ പറ്റി ചോദിച്ച മുതലാളിക്ക് അയാള്‍
വിശദീകരിച്ച് കൊടുത്തു: ആദ്യം ഫസ്റ്റ് ഗിയര്‍, പിന്നെ സെകന്‍റ്‌, പിന്നെ തേഡ്......... അങ്ങനെയാണ്‌ വണ്ടി ഓടിക്കുന്നത്.
ഇപ്പറഞ്ജതൊന്നും മനസ്സിലാകാതെ അയാള്‍
ചോദിക്കുകയാണ്‌: എന്നാലും എന്തിനാ ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത്?
ആദ്യം തന്നെ ടോപ് ഗിയറിലങ്ങോടിച്ചാല്‍ പോരേ? എന്നാല്‍ തുടക്കം മുതല്‍ തന്നെ വണ്ടി നല്ല
സ്പീഡില്‍ പോകുമല്ലോ.

മുഹമ്മദ് നബിയുടെ ചരിത്രത്തില്‍ വ്യത്യസ്ത ഘട്ടങ്ങള്‍ കാണാം. അത് പോലെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയ മറ്റ് പ്രവാചകന്‍മാരില്‍ ചിലരുടെ ചരിത്രത്തിലുമുണ്ട് വ്യത്യസ്ത ഘട്ടങ്ങള്‍. അവരെല്ലാവരും തന്നെ
അവരവര്‍ ജീവിച്ച സാഹചര്യങ്ങള്‍ക്കനുഗുണമായ നയ-നിലപാടുകള്‍ സ്വീകരിച്ചവരാണ്‌. വിശ്വാസി സമൂഹത്തിന്‍റെ അംഗ സംഖ്യ, അവര്‍ ഭരണാധികാരികളാണോ അല്ലേ
എന്നത്, എതിര്‍ വിഭാഗത്തിന്‍റെ ശക്തി, അവരുടെ ഇസ്‌ലാമിനോടുള്ള സമിപനം,
അവരെ സ്വാധീനിക്കാന്‍ മുസ്‌ലിംകള്‍ക്ക് എത്രത്തോളം സാധിക്കും എന്നത്, രാജ്യത്ത്
നിലവിലുള്ള സാമൂഹിക-സാംസ്കാരിക- രാഷ്ട്രീയ അവസ്ഥകള്‍ എന്തൊക്കെയാണ്‌-
ഇങ്ങനെ പലതും അവര്‍ പരിഗണിച്ചിരുന്നതായി അവരുടെ ചരിത്രം വിശകലനം ചെയ്താല്‍ കാണാവുന്നതാണ്‌. സ്വന്തം സാഹചര്യങ്ങള്‍ക്കിണങ്ങാത്ത പ്രവര്‍ത്തന ശൈലി കൈക്കൊള്ളുവാന്‍ അല്ലാഹു അവരെ അനുവദിച്ചിട്ടില്ലെന്നും കാണാം.

ഉള്‍ക്കാഴ്ചയില്ലാതെ ചരിത്ര വിശകലനം നടത്തുന്ന അപക്വമതികള്‍ക്ക് പ്രവാചക ചരിത്രത്തെക്കുറിച്ച് ചോദിക്കാവുന്ന ചില വിഡ്ഢിച്ചോദ്യങ്ങളുണ്ട്:
1. പ്രവാചകത്വത്തിന്‍റെ ആദ്യ നാളുകളില്‍ തന്നെ അദ്ദേഹമെന്ത് കൊണ്ട് പരസ്യപ്രബോധനം നടത്താന്‍ 'ധൈര്യം' കാണിച്ചില്ല?
2. ഉമറും ഹംസയും ഇസ്‌ലാമില്‍ വന്നതിന്ന് ശേഷം സ്വീകരിച്ച നിലപാട് നേരത്തെ സ്വീകരിക്കുവാന്‍ എന്ത് കൊണ്ട് നബിക്കും അബൂബക്കറിന്നും 'സാധിക്കാതെ' പോയി?
3. ഇസ്‌ലാമിന്‍റെ ആദ്യ നാളുകളില്‍ തന്നെ ഒരു 'ചെറുത്ത് നില്‍പ്പ് പ്രസ്ഥാനത്തിന്ന്' തുടക്കം കുറിക്കാന്‍ 'ധൈര്യം' കാണിച്ചിരുന്നുവെങ്കില്‍ പാവപെട്ട മുസ്‌ലിംകള്‍ മര്‍ദ്ദിക്കപ്പെടുമായിരുന്നില്ലല്ലോ
4. മക്കയിലെ ദുര്‍ബലരായ വിശ്വാസികളെ പീഡിപ്പിച്ചവരെ ഒന്ന് ഭയപ്പെടുത്തി പിന്തിരിപ്പിക്കുവാന്‍ പാകത്തില്‍ അവര്‍ക്ക് നേരെ ഒളിയാക്രമണം പോലും നടത്താതിരുന്നതെന്ത് കൊണ്ട്?.
5. ബദ്റിന്‍റെയും ഉഹ്ദിന്‍റെയും ഘട്ടത്തില്‍ സ്വീകരിച്ച നിലപാട് മക്കയില്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഹിജ്റ തന്നെ ഒഴിവാക്കാമായിരുന്നില്ലേ?
6. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ മക്കയെ പ്രവാചകന്‍ സ്ഥാപിച്ച ഇസ്‌ലാമിക രാഷ്ട്രത്തിന്‍റെ തലസ്ഥാനമാക്കാന്‍ സാധിക്കുമായിരുന്നില്ലേ?
ജമാഅത്തെ ഇസ്‌ലാമി ഇപ്പോള്‍ സ്വീകരിക്കുന്ന നിലപട് എന്തുകൊണ്ടാണ്‌ അറുപത്
വര്‍ഷം മുമ്പ് സ്വീകരിക്കാതിരുന്നത് എന്ന ചോദ്യവും ഇതിനേക്കാള്‍
മെച്ചപ്പെട്ടതല്ല.
കെ.കെ. ആലിക്കോയ

Saturday, June 26, 2010

നന്ദി അടിമത്തമാകുമ്പോള്‍

ഉപകാര സ്മരണ ഒരു സദ്ഗുണമാണ്‌. ഇത് ചിലപ്പോള്‍ അനാവശ്യവിധേയത്വമായി
മാറുന്നതും കാണാം. ഒരുദാഹരണം: എം.കെ. മുനീറിന്‍റെ ഒലീവ് പബ്ളിഷേഴ്സ്
പരിഷ്കരിച്ച് പുനഃപ്രസിദ്ധീകരിച്ച 'ജമാഅത്തെ ഇസ്‌ലാമി അകവും പുറവും' എന്ന
കൃതിയെ ആസ്പദമാക്കി ഒരു ചര്‍ച്ച കോഴിക്കോട്ട് എം.എസ്.എസ്.
ഓഡിറ്റോറിയത്തില്‍ 2010 ജൂണ്‍ ഒമ്പതിന്ന് നടന്നിരുന്നു. ഒലീവ്
സംഘടിപ്പിച്ച പ്രസ്തുത പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചത് ഹമീദ്
ചേന്നമംഗല്ലൂര്‍ ആയിരുന്നു. ഉദ്ഘാടന പ്രസംഗത്തില്‍ ഹമീദ് കമ്മ്യൂണിസം
പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും മുസ്ലിം ലീഗിനെ ശക്തമായി
വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഡോ. എം. ഗംഗാധരന്‍ ഹമീദും എം.എന്‍. കാരശ്ശേരിയും മുസ്‌ലിം
സമുദായത്തിന്‍റെ ക്രിറ്റിക്കല്‍ ഇന്‍സൈഡേഴ്സ് അല്ല എന്ന് മാതൃഭൂമി
അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതേ ആശയം ലീഗിന്‍റെ പത്രത്തില്‍ ഒരാള്‍
എഴുതിയത് പരാമര്‍ശിച്ച് ഹമീദ് പറഞ്ഞു: ഗംഗാധരന്‍ പറഞ്ഞത് ജമാഅത്ത്
ഏറ്റുപറഞ്ഞു കൊള്ളട്ടെ; വിരോധമില്ല. എന്നാല്‍ മുസ്‌ലിം ലീഗ് അത് ഏറ്റ്
പറയരുത്. കാരണം മുഹമ്മദലി ജിന്നയാണ്‌ ലീഗിന്‍റെ നേതാവ്. അദ്ദേഹം
നമസ്ക്കാരം നോമ്പ് മുതലായ ആരാധനകള്‍ നിര്‍വ്വഹിച്ചിരുന്നില്ല. ശരീഅത്ത്
നിയമം പാലിച്ചിരുന്നില്ല. മുസ്‌ലിമിനെ അല്ല; ഒരു പാര്‍സിയെയാണ്‌ കല്യാണം
കഴിച്ചത്. ഈ ജിന്നയെ ഖായിദേ അ അ്‌സം (മഹാനേതാവ്)എന്ന് വിളിച്ചവരാണ്‌
ലീഗുകാര്‍. അത് കൊണ്ട് ഞാന്‍ ക്രിറ്റിക്കല്‍ ഇന്‍സൈഡറല്ല എന്ന് പറയാന്‍
ലീഗിന്ന് അവകാശമില്ല. യൂത്ത് ലീഗ് പ്രസിഡന്‍റ്‌ കെ.എം.ഷാജി
പരിപാടിയില്‍ പങ്കെടുക്കുമെന്ന് നോട്ടീസിലുണ്ടായിരുന്നെങ്കിലും അദ്ദേഹം
പങ്കെടുത്തിരുന്നില്ല. എം.കെ. മുനീര്‍ സദസ്സിലുണ്ടായിരുന്നു;
മുന്‍നിരയില്‍ തന്നെ. സംഘാടകന്‍ അദ്ദേഹമാണെന്നതും, പുസ്തകത്തിന്‍റെ
പേര്‌ നിര്‍ദ്ദേശിച്ചത് അദ്ദേഹമണെന്നതും ചിലര്‍ അദ്ദേഹത്തെ
മുമ്പിലിരുത്തി പറഞ്ഞു കഴിഞ്ഞതാണ്‌. മാത്രമല്ല; അദ്ധ്യക്ഷ പ്രസംഗം നീണ്ടു
പോയപ്പോള്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ്, അദ്ധ്യക്ഷന്‍റെ അടുത്ത്
ചെന്ന് (സ്റ്റേജില്‍ കയറിയിട്ടില്ല) പ്രസംഗം ചുരുക്കാന്‍ ആവശ്യപ്പെട്ടത്
മുനീറായിരുന്നു. എന്നിട്ടും ലീഗിന്‍റെ ലീഗിന്‍റെ പത്രത്തിനെതിരെ ഹമീദ്
ഉന്നയിച്ച ആരോപണത്തിന്‌ മറുപടി ഉണ്ടായില്ല.
ഈ ലീഗ് ജിന്നയുടെ ലീഗ് അല്ല; 1948-ല്‍ ഉണ്ടായ ലീഗാണ്‌ എന്നാണല്ലോ അവരില്‍
പലരും ആവര്‍ത്തിച്ചു പറയാറുള്ളത്. ജിന്നയുമായുള്ള ലീഗിന്‍റെ ബന്ധം
തള്ളിപ്പറയേണ്ടതാണെങ്കില്‍ അതും അവിടെ നടന്നില്ല.
ജമാഅത്ത് വിരോധം തലക്ക് കയറിയതിന്‍റെ അപകടങ്ങളില്‍ പെട്ടതാണിത്.
മറ്റൊരുദാഹരണം ഇതേ പരിപാടിയിലെ പി. സുരേന്ദ്രന്‍റെ പ്രസംഗമാണ്‌. ഈയിടെ
നടന്നതും ഒട്ടേറെ ബഹളത്തിന്ന് കാരണമായതുമായ ലീഗ്-ജമാഅത്ത് ചര്‍ച്ച
പുറത്തറിയിക്കുകയും ആ നീക്കം തകര്‍ക്കുകയും ചെയ്തതിന്‍റെ 'ക്രെഡിറ്റ്'
അദ്ദേഹം മുനീറിന്ന് നല്‍കുന്നുണ്ട്. ഇതും മുനീര്‍ നിഷേധിച്ചിട്ടില്ല.
മുസ്‌ലിം ലീഗ് ആരുമായി കൂട്ടു കൂടണമെന്ന കാര്യം ലീഗിന്‍റെ നാല്‌
നേതാക്കന്‍മാര്‍ തീരുമാനിച്ചാല്‍ പോരാ; ഞങ്ങളോടൊക്കെ ചോദിച്ചിട്ട് വേണം
തീരുമാനിക്കാന്‍ എന്നായിരുന്നു തുടര്‍ന്നദ്ദേഹം പറഞ്ഞത്. ഇവിടെ ഞങ്ങള്‍
എന്നാല്‍ പൊതു സമൂഹവും മറ്റ് മതക്കാരുമൊക്കെയാണെന്ന് അദ്ദേഹം
വിശദീകരിക്കുകയും ചെയ്തു. ഇതിനും ആരും അവിടെ മറുപടി പറഞ്ഞില്ല.
ലീഗിന്‍റെ കാര്യം തീരുമാനിക്കാന്‍ ലീഗിന്ന് അവകാശമില്ലെന്ന അത്യന്തം
അപകടകരമായ പ്രസ്താവനയെ പോലും ഖണ്ഡിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ
നാണക്കേടാണ്‌.
മുനീര്‍ എഫിഷെന്‍റല്ലെന്ന് ഡോ. എം. ഗംഗാധരന്‍ പറഞ്ഞപ്പോള്‍ ഇത്ര മാത്രം
അര്‍ത്ഥ വ്യാപ്തി അതിനുണ്ടാകുമെന്ന് കരുതിയിരുന്നില്ല. സാങ്കേതികമായി
മുനീര്‍ ആ പരിപാടിയില്‍ പ്രഭാഷകനായിരുന്നില്ല എന്ന് പറഞ്ഞൊഴിയാന്‍
കഴിയുമെന്ന് കരുതരുത്; കാരണം ആ പരിപാടിയിലെ അധ്യക്ഷനെപ്പോലും
(പരസ്യമായിത്തന്നെ) നിയന്ത്രിച്ച സൂപര്‍ അധ്യക്ഷനായ മുനീറിന്ന്
ഇതിന്‍റെയൊന്നും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ്‌മാറാന്‍ കഴിയില്ല.
ഇതെല്ലാം പറയിച്ചത് തന്നെ മുനീറാണെന്നിരിക്കെ വിശേഷിച്ചും.
കെ.കെ. ആലിക്കോയ

Monday, June 14, 2010

കക്കോടിയിലെ സി.പി.എം. ആക്രമണം അപലപനീയം: കെ.കെ. ആലിക്കോയ

കോഴിക്കോട് ജില്ലയിലെ കക്കോടിയില്‍ ജനകീയ വികസന മുന്നണി പഞ്ചായത്ത് തല
പ്രഖ്യാപന സമ്മേളനം സി.പി.എം. പ്രവര്‍ത്തകര്‍ കയ്യേറുകയും നേതാക്കളെയും
പ്രവര്‍ത്തകരെയും അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു.
ജമാഅത്തിനെ കായികമായി നേരിടാന്‍ സി.പി.എം. തീരുമാനിച്ചതായാണ്‌ ഇതുപോലുള്ള
സംഭവങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. ആദര്‍ശത്തെ ആദര്‍ശം കൊണ്ട്
നേരിടാന്‍ കഴിയാതെ വന്നതിനാല്‍ ഫഷിസത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍
അവര്‍ നിര്‍ബന്ധിതരായിരിക്കയാണ്‌. കേരള രാഷ്ട്രീയത്തിലെ സി.പി.എം.
മേധാവിത്തത്തിന്‍റെ ക്ഷയത്തിന്ന് ഇതോടെ തുടക്കം കുറിച്ചിരിക്കയാണ്‌.
ജനങ്ങളോട് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക്
കഴിയാതായിട്ട് കാലം ​കുറച്ചായല്ലോ. ഇരു മുന്നണികളും മാറി മാറി ഭരിച്ച്
മുടിച്ച ഒരു നാടാണ്‌ നമ്മുടെ കേരളം. അഞ്ച് വര്‍ഷം യു.ഡി.എഫ്.
ഭരിക്കുമ്പോള്‍ ജനം അതിനെ വെറുക്കും. കൊള്ളാവുന്ന ഒരു ബദല്‍ ഇല്ലാത്തത്
കൊണ്ട് എല്‍.ഡി.എഫിനെ ജനം അധികാരത്തിലെത്തിക്കും. അടുത്ത അഞ്ച് വര്‍ഷം
കഴിയുമ്പോള്‍ ജനം എല്‍.ഡി.എഫിനെ വെറുക്കും. പകരം യു.ഡി.എഫിനെ
അധികാരത്തിലെത്തിക്കും. കേരള ജനതയുടെ ധര്‍മ്മസങ്കടമാണിത്. ഇതിന്‌ അറുതി
കുറിക്കേണ്ടതുണ്ട്. ഒരു മൂന്നാം മുന്നണിക്ക് വേണ്ടി കേരളം ദാഹിച്ച്
കൊണ്ടിരിക്കുന്നു. അത് യഥാര്‍ത്ഥ്യമാക്കുകയാണ്‌ ഇന്നത്തെ അടിയന്തരാവശ്യം.
സി.പി.എം. ഉള്‍പ്പെടെ സകല രാഷ്ട്രീയ കക്ഷികളെയും വെറുത്ത് കഴിഞ്ഞ കേരള
ജനത ഈ പുതിയ പരീക്ഷണത്തിന്ന് തയ്യാറാകണം എന്നാണ്‌ ഇത്തരം അക്രമ
സംഭവങ്ങള്‍ നമ്മോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് രാഷ്ട്രീയ
സംഘട്ടനമല്ല; സമധാനപരമായി യോഗം നടത്തുന്നിടത്ത് കയറിച്ചെന്ന് ഗുണ്ടാ
രാഷ്ട്രീയം കളിക്കുകയാണ്‌ അക്രമികള്‍ ചെയ്തത്. നിയമ പരമയ മര്‍ഗ്ഗത്തില്‍
ഇതിനെ നേരിടണം. ഇത്തരം അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യ മാര്‍ഗ്ഗത്തില്‍
ശക്തമായ താക്കീത് കേരള ജനത നല്‍കുമെന്ന് പ്രതീക്ഷിക്കാം.
ഈ സംഭവത്തോടനുബന്ധിച്ച് മറ്റൊരു കര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
ജമാഅത്ത് തീവ്രവാദ- ഭീകര സംഘടനയാണെന്ന് ആരോപിക്കുന്ന സി.പി.എം.
സമാധാനത്തിന്‍റെ വെള്ളപ്രാവുകളല്ലെന്നും അവരാണ്‌ ഒന്നാം തരം
ഭീകരന്‍മാരെന്നും കേരള ജനതക്ക് മനസ്സിലായിക്കഴിഞ്ഞിരിക്കുന്നു.

കയ്യേറ്റം/ ടി.കെ. ഹാരിസ് മാനന്തവാടി

കയ്യേറ്റം

വീരന്‍റെ സ്വത്തും
ജാനൂന്‍റെ മണ്ണും
നീലകണ്ഠന്‍റെ വേദിയും
ളോഹയുടെ വിശുദ്ധിയും
ജനകീയ മുന്നേറ്റവും.....

കയ്യേറ്റമെന്നാല്‍
കൈ കൊണ്ട്
കാലു കൊണ്ട്
വടി കൊണ്ട്
വാളു കൊണ്ട്
ഏതറ്റവും വരെയെന്ന്....

ഒതുക്കും..
എം.വി.ആറിനെ
കെ.ആര്‍. ഗൌരിയെ
എം.എന്‍.വിജയനെ
ഉമേഷ് ബാബുവിനെ
സി.ആര്‍. നീലകണ്ഠനെ
ടി.ആരിഫലിയെ...

വളര്‍ത്തും..
സവര്‍ണ്ണ താല്‍പര്യങ്ങളെ
എന്‍.എസ്.എസ്സിനെ
പി.സി.തോമസിനെ
ടൈഗര്‍ സുന്നിയെ
അടവു നയങ്ങളെ
ഹിന്ദുത്വ വോട്ടിനെ...

ഞങ്ങള്‍ മതേതരത്വ സംരക്ഷകര്‍
നാടിന്‍റെ കാവല്‍ക്കാര്‍

ടി.കെ. ഹാരിസ്
മാനന്തവാടി

Tuesday, June 1, 2010

ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും

ഹിന്ദു രാഷ്ട്ര വാദമുന്നയിക്കുന്ന ആര്‍.എസ്.എസ്സും ഇസ്‌ലാമിക രാഷ്ട്ര വാദമുന്നയിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയും ഒരു പോലെയാണ്‌ എന്നാണ്‌ ചിലരുടെ കണ്ടുപിടുത്തം. ആര്‍.എസ്.എസ്. എന്താണ്‌ ചെയ്യുന്നത്; ജമാഅത്തെ ഇസ്‌ലാമി എന്താണ്‌ ചെയ്യുന്നത് എന്ന് വിലയിരുത്തിയ ശേഷമാണല്ലോ ഈ താരതമ്യം നടത്തേണ്ടത്. എങ്കില്‍ അത് ഉചിതമായിരിക്കും. ആര്‍.എസ്.എസ്സിനെ അവരല്ലാത്ത എല്ലാവരും വെറുക്കുകയും ഭയപ്പെടുകയും വിമര്‍ശിക്കുകയും ചെയ്യുന്നു. കാരണമെന്താണ്‌? അവര്‍ ഹിന്ദു രാഷ്ട്ര വാദം ഉന്നയിച്ചു എന്നതാണോ? അങ്ങനെ ഒരു വാദമുന്നയിക്കുന്നതിലോ സമാധാനപരമായി അത് നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നതിലോ ആരും ഒരപാകതയും കാണുകയില്ല; കാണേണ്ടതുമില്ല.
ഉന്നയിക്കപ്പെടുന്ന വാദം -നല്ലതോ ചീത്തയോ വളരെ മോശപ്പെട്ടതോ- എന്തുമാകട്ടെ അത് നടപ്പില്‍ വരുത്തുന്നത് ജനേച്ഛയനുസരിച്ചാകണം എന്നാണ്‌ ഒരു വിഭാഗം വാദിക്കുന്നതെങ്കില്‍ അവരെ പേടിക്കുന്നതെന്തിന്‌? ആ വാദം ജനങ്ങള്‍ അംഗീകരിച്ചാല്‍ നടപ്പില്‍ വരും; അംഗീകരിച്ചില്ലെങ്കിലോ വാദം വെറും വാദമായിട്ട് തന്നെ നിലനില്‍ക്കുകയും ചെയ്യും. ഇതല്ലല്ലോ ആറെസ്സെസ് ചെയ്യുന്നത്. തങ്ങളുടെ ഇംഗിതം നടപ്പിലാക്കാന്‍ വേണ്ടി ഭീഷണിപ്പെടുത്തുക, കൊല നടത്തുക, കലാപം നടത്തുക എന്നിവ പതിവാക്കിയവരാണ്‌ അവര്‍.
ജബല്‍പൂര്‍, ജംഷെഡ്പൂര്‍, റൂര്‍ക്കല, റാഞ്ചി, ഔറംഗബാദ്, ഭീവണ്ടി, ഗുല്‍ഗാവ്, മൊറാദാബാദ്, മീററ്റ്, അഹ്‌മദാബാദ്, ഭഗല്‍പൂര്‍, ഹൈദരാബാദ്, സൂറത്ത്… ആ പട്ടിക വളരെ വലുതാണ്‌. ബാബരി മസ്ജിദും ഗുജറാത്തുമൊക്കെ വേറെയും കിടക്കുന്നു. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ വേണ്ടി ആര്‍. എസ്. എസ്. നടത്തുന്ന രക്തപങ്കിലമായ അദ്ധ്യായങ്ങളാണിവ. അത് കൊണ്ട് ആര്‍. എസ്. എസ്സിനെ ജനങ്ങള്‍ വെറുക്കുന്നു. വിമര്‍ശിക്കുന്നു. ഹിന്ദുരാഷ്ട്ര വാദമല്ല അത് നടപ്പിലാക്കനുള്ള അക്രമത്തിന്‍റെ മാര്‍ഗ്ഗമാണ്‌ വിമര്‍ശിക്കപ്പെടുന്നത്.
ആര്‍.എസ്.എസ്സിനോട് ജമാഅത്തിനെ താരതമ്യപ്പെടുത്തുന്നവര്‍ ജമാഅത്ത് നടത്തിയ കലാപങ്ങളുടെ ലിസ്റ്റ് നിരത്തട്ടെ. എത്ര പേരെ കൊന്നുവെന്ന കണക്ക് പറയട്ടെ. എന്നിട്ട് പറയട്ടെ രണ്ടും ഒരു പോലെയാണെന്ന്. ജമാഅത്ത് പ്രവര്‍ത്തകര്‍ പോലും ആ താരതമ്യത്തെ നിഷേധിക്കുകയില്ല; കാരണം, സത്യം പറയല്‍ ശീലമാക്കിയവരാണവര്‍.
ഇസ്‌ലാമിക രാഷ്ട്രമെന്ന ആശയം മുമ്പോട്ട് വെക്കുക മാത്രമാണ്‌ ജമാഅത്ത് ചെയ്യുന്നത്. അത് നടപ്പിലാകുകയെന്നത് ജമാഅത്തിന്‍റെ കഴിവില്‍ പെട്ടതല്ല. ഇന്ത്യന്‍ ജനത തീരുമാനിക്കെണ്ട കാര്യമാണ്‌. ഇന്ത്യയുടെ ഭരണ മാറ്റം നിര്‍ണ്ണയിക്കാന്‍ മതിയായ ഭൂരിപക്ഷം എന്നാണോ ഈ വാദമംഗീകരിക്കുന്നത് അന്നേ ഇന്ത്യ ഇസ്‌ലാമിക രാഷ്ട്രമാവുകയുള്ളു; ആക്കാന്‍ പാടുള്ളു. ഇതാണ്‌ ജമാഅത്ത് കാഴ്ചപ്പാട്. ഇനി ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ഇതൊരു ഇസ്‌ലാമിക രാഷ്ട്രമാകണം എന്ന് പറഞ്ഞാലും അത് നടപ്പില്‍ വരുത്താന്‍ പാടില്ല എന്നാണോ നിങ്ങളുടെ വാദം? എങ്കില്‍ അതില്‍ പരം ജനാതിപത്യ വിരുദ്ധമായ വാദം വേറെ എന്തുണ്ട്?