Monday, May 31, 2010

ജമാഅത്തിന്ന് ഒന്നും മായ്ക്കാനില്ല

കേരള ഫ്ളാഷ് ന്യൂസ് ഡോട് കോമില്‍ ശ്രീ പി.ടി. നാസര്‍ എഴുതിയ '
ആ പുള്ളികള്‍ അത്ര എളുപ്പത്തില്‍ മായ്ച്ചുകളയാനാകുമോ, അമീര്‍ ?' എന്ന ലേഖനത്തിന്ന് മറുപടിയായി എഴുതുയതാണിത്. പ്രസ്തുത ലേഖനം വായിക്കുവാന്‍:
http://www.keralaflashnews.com/t-arifali-kerala-jama-athe-islami-pt-nazar.html/comment-page-1#comment-3380

1. ജമാഅത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പോകുന്നു എന്ന് കൂവി നടക്കേണ്ടതില്ല മിസ്റ്റര്‍ നാസര്‍. കാരണം ജമാഅത്ത് അത് രൂപീകരിക്കപ്പെട്ട അന്ന് മുതല്‍ തന്നെ രഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ജമാഅത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളിയാകുന്നില്ല. മറിച്ച് ഇപ്പോള്‍ ജമാഅത്ത് ചെയ്യാന്‍ പോകുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരിക്കുക എന്നതാണ്‌. അതില്‍ ജമാഅത്തുകാര്‍ മാത്രമല്ല ഉണ്ടാവുക. ജമാഅത്ത് മുമ്പോട്ട് വെക്കുന്ന രാഷ്ട്രീയ നിലപാടുകളോട് യോജിക്കുന്ന വേറെയും പലരും അതില്‍ ഉണ്ടാകും. ഇതൊക്കെ പലരേയും വിറളി പിടിപ്പിക്കുണ്ടാകാം. അതിന്ന് ജമാഅത്ത് ഉത്തരവാദിയല്ല. ജമാഅത്ത് രൂപവല്‍ക്കരിക്കുന്ന പാര്‍ട്ടിക്ക് കേരള രാഷ്ട്രീയത്തില്‍ ഒരിടം ലഭിക്കുന്നുവെങ്കില്‍ അതിന്‍റെ ഒന്നാമത്തെ കാരണം നിലവിലുള്ള രഷ്ട്രീയ പാര്‍ട്ടികളുടെ പിടിപ്പുകേട് തന്നെയാണ്‌. രണ്ടാമത്തെ കാരണം ജമാഅത്തിന്‍റെയും ജമാഅത്തിന്‍റെ കൂടെ നില്‍ക്കാന്‍ പോകുന്നവരുടെയും ഇമേജ് ആണ്‌. വലുപ്പത്തെയല്ല ഈ ഇമേജിനെയാണ്‌ ഭയപ്പെടുന്നവരൊക്കെയും ഭയപ്പെടുന്നത്. ജമാഅത്ത് അമീര്‍ ആരിഫലിയെ കൊച്ചാക്കിക്കാണിക്കാനുള്ള നാസറിന്‍റെ ശ്രമം ഇതിന്‍റെ ഭാഗമാണ്‌. ആരിഫലിയുമായി സംസാരിക്കാനോ അദ്ദേഹത്തിന്‍റെ ഒരു പ്രസംഗമെങ്കിലും കേള്‍ക്കാനോ അവസരം ലഭിച്ചിട്ടുള്ള ആരും നാസറിന്‍റെ വാക്കുകള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുകയില്ല. ഇത് നാസറിന്ന് തന്നെ അറിയാവുന്ന കാര്യങ്ങളാണ്‌. ആര്‍ക്കു വേണ്ടി പേന ചലിപ്പിക്കുന്നുവോ അവരെ തൃപ്തിപ്പെടുത്തുകയെന്നത് കൂലിയെഴുത്തുകാരുടെ മാറാ ശാപമാണല്ലോ.
2. ഖുര്‍ആനും നബി ചര്യയുമാണ്‌ ഇസ്‌ലാമിന്‍റെ പ്രമാണം. ഇത് തന്നെയാണ്‌ ജമാഅത്തിന്‍റെയും പ്രമാണം. അത് ഭരണഘടന വ്യക്തമാക്കിയിട്ടുള്ളതാണ്‌. മൌദൂദിയുടെ വാക്കുകള്‍ പ്രമാണമാണെന്ന് ജമാഅത്ത് ഒരു കാലത്തും പറഞ്ഞിട്ടില്ല. ജമാഅത്തിന്‌ അങ്ങനെ പറയാന്‍ പറ്റുകയുമില്ല. കാരണം ഇസ്‌ലാമിന്‍റെ പ്രമാണമല്ലാത്ത ഒന്നും ജമാഅത്തിന്‍റെ പ്രമാണം ആകാവതല്ല. മൌദൂദിയുള്‍പ്പെടെ മനുഷ്യരെ പ്രമാണമോ സത്യത്തിന്‍റെ മാനദണ്ഡമോ ആക്കുന്നതിനെ സംബന്ധിച്ച് ജമാഅത്ത് ഭരണഘടന എന്ത് പറയുന്നു എന്ന് നോക്കാം. “ദൈവദൂതനെ അല്ലാതെ യാതൊരു മനുഷ്യനെയും സത്യത്തിന്‍റെ മാനദണ്ഡമാക്കാതിരിക്കുകയും മറ്റൊരാളെയും വിമര്‍ശനാതീതനായി ഗണിക്കാതിരിക്കുകയും
യാതൊരാളുടെയും മാനസികാടിമത്വത്തില്‍ കുടുങ്ങാതിരിക്കുകയും അല്ലാഹു നിശ്ചയിച്ച
ഇതേ പരിപൂര്‍ണ മാനദണ്ഡം കൊണ്ട് ഓരോരുത്തരെയും പരിശോധിക്കുകയും അതനുസരിച്ച് ആര്
ഏതു പദവിയിലാണോ അവരെ അതേ പദവിയില്‍ വെക്കുകയും ചെയ്യുക\’\’ (ഇന്ത്യന്‍ ജമാഅത്തെ
ഇസ്ലാമി, ഭരണഘടന, ഖണ്ഡിക 3, ആദര്‍ശം, ഉപവകുപ്പുകള്‍ 6).”
ഭരണഘടന വ്യക്തമാക്കുന്ന കാര്യങ്ങള്‍ ഇവയാണ്‌: 1. മുഹമ്മദ് നബിയെ അല്ലതെ (മൌദൂദി ഉള്‍പ്പെടെ) മറ്റൊരാളെയും ജമാഅത്ത് സത്യത്തിന്‍റെ മാനദണ്ഡമായി കണക്കാക്കുന്നില്ല. 2. മുഹമ്മദ് നബി ഒഴികെ (മൌദൂദി ഉള്‍പ്പെടെ) മറ്റൊരാളെയും ജമാഅത്ത് വിമര്‍ശനാതീതരായി കണക്കാക്കുന്നില്ല. 3. മുഹമ്മദ് നബി ഒഴികെ (മൌദൂദി ഉള്‍പ്പെടെ) മറ്റൊരാളുടെയും മാനസികാടിമത്തത്തില്‍ കുടുങ്ങാന്‍ പാടില്ല..
ഈ ആശയം
തന്നെയാണ്‌ അമീര്‍ അഭിമുഖത്തില്‍ പറഞ്ഞത്. പി.ടി. നാസറിനും ഇത് മനസ്സിലാകായ്കയല്ല; വിമര്‍ശിക്കാനുള്ള പഴുത് തേടുമ്പോള്‍ മനസ്സിലായത് മനസ്സിലായെന്ന് സമ്മതിക്കാന്‍ പറ്റാത്തത് കൊണ്ടാണ്‌. ഇതിന്ന് മലയാളത്തില്‍ ‘ഗതികേട്‌’ എന്ന് പറയുന്നു.
3. ‘തഫ്ഹീമുല്‍ ഖുര്‍ആന്‍’ എന്നത് മൌദൂദി തയ്യറാക്കിയ ഉര്‍ദു ഭാഷയിലുള്ള ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവുമാണ്‌. അത് ജമാഅത്തിന്‍റെ പ്രമാണമല്ല. ആണെന്ന് ജമാത്ത് ഒരിക്കലും പറഞ്ഞിട്ടീല്ല. അതായത് അറബി ഭാഷയിലുള്ള ഖുര്‍ആനാണ്‌ പ്രമാണം എന്നേ ജമാഅത്ത് എന്നും പറഞ്ഞിട്ടുള്ളു. അങ്ങനെ മാത്രം പറയാനാണ്‌ മൌദൂദി തന്നെയും പഠിപ്പിച്ചിട്ടുള്ളതും.
4. ജമാഅത്തിന്‍റെ ലക്‌ഷ്യം ഇഖാമത്തുദ്ദീനാണ്‌. ഇഖാമത്ത് എന്നാല്‍ സ്ഥാപിക്കല്‍; ദീന്‍ എന്നാലോ? ‘മതം’ എന്നാണ്‌ സാധാരണ പറയറുള്ളത്. ‘മതം’ എന്ന് പറയുമ്പോള്‍ ദീനിന്‍റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ. ‘ജീവിതവ്യവസ്ഥ’ എന്ന് പറയുമ്പോള്‍ മാത്രമേ ദീനിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥം ആവുകയുള്ളൂ. ആത്മീയ വ്യവസ്ഥ, കുടുംബ വ്യവസ്ഥ, നിയമവ്യവസ്ഥ, സാമ്പത്തികവ്യവസ്ഥ, രാഷ്ട്രീയ വ്യവസ്ഥ എന്നിവയെല്ലാം കൂടിച്ചേരുമ്പോള്‍ മാത്രമേ ഒരു ജീവിത വ്യവസ്ഥ ആവുകയുള്ളു. അതാണ്‌ ഖുര്‍ആനും നബിയും പഠിപ്പിച്ച ‘ദീന്‍’. ജമാഅത്തിന്‍റെ കാഴ്ചപ്പാടും ഇത് തന്നെയാണ്‌. അപ്പോള്‍ ‘ദീന്‍’ സ്ഥാപിക്കുക എന്നതിന്‍റെ ഉദ്ദേശം ഇസ്‌ലാമിന്‍റെ സമ്പൂര്‍ണ്ണമായ സംസ്ഥാപനമാണ്‌. ‘ഹുകൂമത്തെ ഇലാഹി’ എന്ന് പറഞ്ഞപ്പോള്‍ എന്താണോ ജമാഅത്ത് ഉദ്ദേശിച്ചിരുന്നത് അത് തന്നെയാണ്‌ ഇപ്പോഴും ഉദ്ദേശിക്കുന്നത്. എന്നാല്‍ ഹുകൂമത്തെ ഇലാഹി അഥവാ ദൈവരാജ്യം സ്ഥാപിക്കല്‍ എന്ന പദപ്രയോഗം ആളുകള്‍ തെറ്റിദ്ധരിക്കാന്‍ ഇടവന്നപ്പോള്‍ ആ ഉര്‍ദു പദം മാറ്റി തല്‍സ്ഥാനത്ത് അറബി ഭാഷയിലുള്ള ഖുര്‍ആനിലും സുന്നത്തിലും വന്നതും കൂടുതല്‍ വ്യക്തതയുള്ളതുമായ പദം പകരം ഉപയോഗിക്കുകയാണ്‌ ചെയ്തത്. പദം മാത്രമേ മാറ്റിയിട്ടുള്ളു; ഉദ്ദേശവും ലക്‌ഷ്യവും മറ്റിയിട്ടില്ല. അത് മാറ്റാന്‍ ജമാഅത്തിന്‌ സാധ്യവുമല്ല. അതാണ്‌ അമീര്‍ പറഞ്ഞതും.
5. ഒരു ഖണ്ഡികയില്‍ ജമാത്ത് മാറ്റിപ്പറഞ്ഞുവെന്ന് എഴുതുക, അടുത്ത ഖണ്ഡികയില്‍ ദൈവ രാജ്യം തന്നെയാണ്‌ അവരുടെ ലക്‌ഷ്യം എന്നത് ഒരു കണ്ടുപിടുത്തം പോലെ അവതരിപ്പിക്കുക. ഇതിലുള്ള വൈരുധ്യമെങ്കിലും ജമാഅത്ത് വിമര്‍ശകര്‍ തിരിച്ചറിയണം. ഇനി ജമാഅത്ത് പറഞ്ഞത് മനസ്സിലാകായ്കയാണ്‌ പ്രശ്നമെങ്കില്‍ അന്വേഷിക്കുകയും പഠിക്കുകയും ചെയ്യാമല്ലോ. കൂടുതല്‍ അറിയാന്‍ http://www.jihkerala.org സന്ദര്‍ശിക്കുക.
6. നാസര്‍ എഴുതുന്നു: ‘മഹാപണ്ഡിതര്‍ പോലും ‘താഗൂത്ത്’ എന്ന വാക്കിന് പിശാച്, ചെകുത്താന്‍ , പിഴപ്പിക്കുന്നവന്‍ എന്നൊക്കെയാണ് അര്‍ഥം കല്‍പ്പിച്ചിരുന്നത്.’
തുമ്പിയെ കൊണ്ട് കുട്ടികള്‍ കല്ലെടുപ്പിക്കാറുണ്ട്. പക്ഷെ തുമ്പി സ്വയം കല്ലെടുക്കാറില്ല എന്ന് നാസറിനെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം ഇപ്പോള്‍ അത് അനുഭവിക്കുകയാണല്ലോ. ത്വാഗൂത്തിന്‍റെ വിശാലമായ അര്‍ത്ഥത്തിന്‍റെ പരിധിയില്‍ അനിസ്‌ലാമിക ഭരണകൂടവും അനിസ്‌ലാമിക കോടതികളും ഉള്‍പ്പെടുമെന്ന് തന്നെയാണ്‌ ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുള്ളത്. അവര്‍ക്കിടയില്‍ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍വഹ്ഹാബും ഉണ്ട്. ഇത് ഉള്‍കൊള്ളാന്‍ കഴിയാത്തവരാണ്‌ കേരളത്തിലെ വഹ്ഹാബികള്‍ അഥവാ മുജാഹിദുകള്‍. അത്കൊണ്ടാണ്‌ ‘ആ വഹ്ഹാബിസമല്ല ഈ വഹ്ഹാബിസമെ’ന്ന് എം.എന്‍. കാരശ്ശേരി മാതൃഭൂമിയില്‍ എഴുതിയത്. മുഹമ്മദ് ബിന്‍ അബ്ദില്‍ വഹ്ഹാബിനെ ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ലാത്ത ഇവര്‍ക്ക് മൌദൂദിയെയും ഉള്‍ക്കൊള്ളാന്‍ കഴിയില്ല.
7. 1941-ല്‍ രൂപവല്‍ക്കരിക്കപ്പെട്ടതും വിഭജനാന്തരം 1948-ല്‍ പുനഃസംഘടിപ്പിക്കപെട്ടതുമാണ്‌ ജമാഅത്തെ ഇസ്‌ലാമി. ഇന്ത്യാ വിഭജനത്തെ അനുകൂലിച്ച, അഥവാ പാക്കിസ്താന്‍ വാദത്തെ പിന്തുണച്ച ചില സംഘടനകള്‍ക്ക് തങ്ങളുടെ ഭൂതകാലം തള്ളിപ്പറയേണ്ടി വന്നിട്ടുണ്ട്. മതേതരത്വത്തിന്‍റെ ആളുകളായി കണക്കാക്കാപ്പെടുന്ന മുസ്‌ലിം ലീഗ് ഈ വിഭാഗത്തില്‍ പെടുന്നു. എന്നാല്‍ ഇന്ത്യാ വിഭജനത്തെ ശക്തമായി എതിര്‍ത്ത ജമാഅത്തിന്‌ ഈ ഗതികേട് ഉണ്ടായിട്ടില്ല. ഈ വസ്തുതക്ക് വിരുദ്ധമായി ഒന്നും ആരിഫലി പറയില്ല.