Monday, July 5, 2010

ജമാഅത്തെ ഇസ്‌ലാമി തീവ്ര വാദ സംഘടന? കെ.കെ. ആലിക്കോയ

ജമാഅത്തെ ഇസ്‌ലാമി തീവ്ര വാദ സംഘടന ആയതിനാല്‍ അതിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ഹരജി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ട് ഒരു വര്‍ഷമായല്ലോ. ഇതിനിടയില്‍ കേന്ദ്ര, കേരള സര്‍ക്കറുകളോട് ജമാഅത്ത് തീവ്രവാദ സംഘടനയാണോ എന്ന കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. രണ്ട് സര്‍ക്കാറും നിശ്ചയിക്കപ്പെട്ട സമയത്ത് അത് ചെയ്തില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കറുകള്‍ അലംഭാവം കാണിക്കുന്നെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. അതിന്ന് ശേഷമാണ്‌ കേരളത്തിലെ ആഭ്യന്തര വകുപ്പ് സെക്രട്ടരിയോട് നേരിട്ട് ഹാജറാകാന്‍ കോടതി ആവശ്യപ്പെടുന്നത്.
ജമാഅത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്ന് അതിന്‍റെ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് പഠിച്ചു വരികയാണെന്നാണ്‌ സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്. ഇന്‍റലിജന്‍സ് എ.ഡി.ജി.പി. സിബി മാത്യൂവിനെയാണ്‌ ഈ ചുമതല സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്‌ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ജമാഅത്തെ ഇസ്‌ലാമി ഇതിനകം തന്നെ ഈ കേസ് വിജയിച്ച് കഴിഞ്ഞിരിക്കുന്നു എന്നാണ്‌ തോന്നുന്നത്. കാരണം, അത് ശരിക്കും ഒരു തീവ്രവാദ സംഘടന ആയിരുന്നുവെങ്കില്‍ വളരെയേറെ തെളിവുകള്‍ ഗവണ്‍മെന്‍റ്‌ വശം ഉണ്ടാകുമായിരുന്നു; ഇതിനകം തന്നെ അത് കോടതിയെ ബോധിപ്പിച്ച് കഴിഞ്ഞിട്ടുമുണ്ടാകുമായിരുന്നു. ഇപ്പോള്‍ തന്നെ ജമാഅത്തിന്‍റെ പ്രവര്‍ത്തനത്തില്‍ തീവ്രവാദത്തിന്ന്‌ തെളിവുണ്ടോ എന്ന് പരിശോധിക്കാമെന്ന് സര്‍ക്കാര്‍ പറയുന്നില്ല. അതിന്‍റെ പ്രസിദ്ധീകരണങ്ങളില്‍ തീവ്രവാദ ആശയം ഉണ്ടോ എന്ന് നോക്കാമെന്നേ പറയുന്നുള്ളൂ. (എന്നാണ്‌ വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്.)
ജമാഅത്തിന്ന് കുറേയേറെ വിമര്‍ശകരുണ്ട്. തീവ്രവാദമാണ്‌ അവരാരോപിച്ചുകൊണ്ടിരിക്കുന്ന കുറ്റം. എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനെമെന്ന് വിശേഷിപ്പിക്കാന്‍ കൊള്ളുന്ന എന്തെങ്കിലും ഒന്ന് ചെയ്തതായി തെളിവ് നല്‍കാന്‍ ജമാഅത്ത് അതിന്‍റെ വിമര്‍ശകരോട് ആവശ്യപ്പെട്ട് കൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. നാളിത് വരെ അങ്ങനെ ഒരു 'സല്‍ക്കര്‍മ്മം' ചെയ്യാന്‍ അവര്‍ക്കായിട്ടില്ല. എന്നാലോ ആരോപണത്തിനൊരു മുടക്കവും അവര്‍ വരുത്താറുമില്ല. സമാധാനപരമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് തീരുമാനിച്ചിട്ടുള്ള, ആ തീരുമാനം അണുവിട വ്യതിചലിക്കാതെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു സംഘടന തീവ്രവാദ സംഘടന ആണെന്നതിന്ന് തെളിവ് ഹാജറാക്കാനുള്ള ശ്രമം കൂരിരുട്ടുള്ള ഒരു മുറിയില്‍ ഇല്ലാത്ത കരിമ്പൂച്ചയെ തിരയുന്നത് പോലെയാണ്‌.

No comments: