Tuesday, August 24, 2010

ജമാഅത്തെ ഇസ്‌ലാമിയും ആര്‍.എസ്്.എസും തുല്യമല്ല - ടി.എന്‍. പ്രതാപന്‍

ജമാഅത്തെ ഇസ്‌ലാമിയും ആര്‍.എസ്്.എസും തുല്യമല്ല - ടി.എന്‍. പ്രതാപന്‍

Saturday, June 5, 2010
ദോഹ: ജമാഅത്തെ ഇസ്‌ലാമിയും ആര്‍.എസ്.എസും ഒരേനാണയത്തിന്റെ വശങ്ങളാണെന്ന അഭിപ്രായപ്രകടനങ്ങളോട് തനിക്ക് യോജിപ്പില്ലെന്ന് കെ.പി.സി.സി സെക്രട്ടറി ടി.എന്‍. പ്രതാപന്‍ എം.എല്‍.എ.

ദോഹയില്‍  മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം. വിദ്യാഭ്യാസകാലഘട്ടം മുതല്‍ കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയെയും അതിന്റെ പ്രവര്‍ത്തകരെയും അടുത്തറിയുന്ന പൊതുപ്രവര്‍ത്തകനാണ് താന്‍. ഫാഷിസ്റ്റ്‌നയങ്ങള്‍ പിന്തുടരുന്ന, ന്യൂനപക്ഷങ്ങളെ ഭൗതികമായി തന്നെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിനോട് ജമാഅത്തെ ഇസ്‌ലാമിയെ താരതമ്യം ചെയ്യുന്നത് ശരിയല്ല. മതസൗഹാര്‍ദം പുലരണമെന്ന ലക്ഷ്യത്തോടെ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന പുരോഗമനചിന്താഗതിക്കാരായ മുസ്‌ലിംകള്‍ നേതൃത്വം നല്‍കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. 2004 ല്‍ സൂനാമി ദുരന്തകാലത്ത് കൊല്ലം, ആലപ്പുഴ ജില്ലകളില്‍ അവര്‍ നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മാത്രം മതി അവരെ വിലയിരുത്താന്‍. ജാതിയും മതവും നോക്കിയല്ല അന്ന് അവര്‍ സേവനം ചെയ്തിരുന്നത്.

എന്നാല്‍, ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയനിലപാടുകളോട് പലപ്പോഴും തനിക്ക് കടുത്ത എതിര്‍പ്പുണ്ടായിട്ടുണ്ടെന്നും ടി.എന്‍. പ്രതാപന്‍ പറഞ്ഞു. കേരളത്തില്‍ ചാരായനിരോധത്തിലൂടെ മദ്യത്തിനെതിരെ വിശുദ്ധയുദ്ധം നടത്തിയ എ.കെ. ആന്റണിയെ അടുത്ത തെരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍ പരാജയപ്പെടുത്താനാണ് ജമാഅത്തെ ഇസ്‌ലാമി നിലപാടെടുത്തത്. ഇക്കാര്യത്തില്‍ അവര്‍ രാഷ്ട്രീയമൂല്യം നിശ്ചയിച്ചത് ഏത് മാനദണ്ഡമനുസരിച്ചാണെന്ന് അറിയില്ല. ഏതുകാലത്തും കോണ്‍ഗ്രസ് വിരുദ്ധസമീപനമായിരുന്നു അവര്‍ക്ക്. 2001ലും 2006ലും നിയമസഭാതെരഞ്ഞെടുപ്പില്‍ തനിക്കെതിരെ വോട്ട് ചെയ്തവരാണ് ജമാഅത്തെ ഇസ്‌ലാമി. എങ്കിലും അവര്‍ വര്‍ഗീയവാദികളാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പലയിടങ്ങളിലും ഇതരമതസ്ഥരുമായി കൈകോര്‍ത്ത് ജമാഅത്തെ ഇസ്‌ലാമിക്കാര്‍ നല്ല ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്.

വോട്ട്ബാങ്ക് മാത്രം ലക്ഷ്യമിട്ട് ജമാഅത്തെ ഇസ്‌ലാമിയെ ആര്‍.എസ്.എസിനോട് ചേര്‍ത്തുകെട്ടുന്നതിനോട് യോജിക്കാനാവില്ല. മുസ്‌ലിംകള്‍ക്കിടയിലെ തെറ്റായപ്രവണതകളെയും വര്‍ഗീയനിലപാടുകളെയും തുറന്നെതിര്‍ക്കുന്ന സമീപം സ്വീകരിക്കുന്ന അവരെ വിമര്‍ശിച്ചും ന്യൂനപക്ഷങ്ങളെ ഒന്നടങ്കം വര്‍ഗീയവാദികളായി ചിത്രീകരിച്ചും നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കേരളീയ സമൂഹത്തില്‍ ഭിന്നിപ്പാണ് വിതക്കുകയെന്നും ടി.എന്‍. പ്രതാപന്‍ പറഞ്ഞു.

No comments: