Tuesday, August 24, 2010

ജമാഅത്തിനെ കല്ലെറിയും മുമ്പ്

ജമാഅത്തിനെ കല്ലെറിയും മുമ്പ്

'ദൈവ രാജ്യത്തിനു വേണ്ടിയാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നത്. അരുത്.. അത് അനുവദിക്കരുത്' എന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെ്രകട്ടറി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നു. മുസ്‌ലിം ലീഗ് മതേതരത്വത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ മതരാഷ്ട്രത്തിനു വേണ്ടിയാണ് ജമാഅത്ത് ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ കുറ്റപ്പെടുത്തിയിരിക്കുന്നു. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങളാണെന്നാണ് വയലാര്‍രവിയുടെ ആരോപണം. തെരഞ്ഞെടുപ്പുകളില്‍ ഇടപെടുവാന്‍ മുസ്‌ലിം ലീഗ് അല്ലാതെ മറ്റു മുസ്‌ലിം സംഘടനകളെ അനുവദിക്കില്ലെന്ന് ജമാഅത്തിനെ ഉദ്ദേശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കിയിരിക്കുന്നു. ഇവര്‍ പറയുന്നത് കേട്ടാല്‍ തോന്നും ഇവരൊക്കെ വിശുദ്ധരും ജമാഅത്ത് നികൃഷ്ടരും ആണെന്ന്. യഥാര്‍ഥത്തില്‍ ആടിനെ പേപ്പട്ടിയാണെന്നു പറഞ്ഞ് കല്ലെറിഞ്ഞു കൊല്ലാന്‍ ശ്രമിക്കുകയാണ് ഇവര്‍.

ദൈവ കല്‍പനകളെ വളച്ചൊടിക്കുകയും പുതിയത് പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്ത യഹൂദമത നേതാക്കളോട് അതേമതത്തില്‍ ജനിച്ച യേശു ക്രിസ്തു അരുത് എന്ന് പറഞ്ഞു. യഹൂദര്‍ യേശുവിനെ കുരിശില്‍ തറച്ചുകൊന്നു. യേശു ശ്രമിച്ചത് ഭൂമിയില്‍ ദൈവരാജ്യം സൃഷ്ടിക്കാനാണ്. യേശു പഠിപ്പിച്ച പ്രാര്‍ഥനയും അങ്ങനെതന്നെയാണ്. 'സ്വര്‍ഗസ്ഥനായ പിതാവേ, അങ്ങയുടെ രാജ്യം വരേണമെ....' മഹാത്മാഗാന്ധി വധിക്കപ്പെട്ടതും രാമരാജ്യ സൃഷ്ടിക്കായി വാദിച്ചതിന്റെ പേരിലാണ്.

വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബിയും പറഞ്ഞതിനെ വളച്ചൊടിക്കുകയും പുതിയ ചില രീതികള്‍ കടന്നുകൂടുകയും ചെയ്യുന്നതായി മനസ്സിലാക്കാന്‍ തുടങ്ങിയപ്പോഴാണ് ഇന്ത്യക്കാരനായ മൗലാനാ മൗദൂദി 1941 ആഗസ്റ്റ് 26ന് ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനക്കു രൂപം നല്‍കിയത്. ജമാഅത്ത് എന്നതിന്റെ അര്‍ഥം കൂട്ടായ്മ എന്നാണ്. അവിഭക്ത ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ വിഭജിത ഭാഗങ്ങളിലെല്ലാം ഈ സംഘടനയുടെ പേരില്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവെന്നല്ലാതെ ഇന്ത്യയിലെ ജമാഅത്തിന് ഇന്ത്യക്കു പുറത്തും കശ്മീരിലെ സംഘടനകളുമായും ഒരു ബന്ധവുമില്ല.
ഖുര്‍ആനും നബിയും പറഞ്ഞതില്‍ കടുകിട വ്യത്യാസം കൂടാതെ നല്ല മനുഷ്യരായി ജീവിച്ച് മരണത്തോടെ പരലോകത്ത് ജീവിതം തുടരുക. ഇതാണ് ഇസ്‌ലാമിക ജീവിതത്തിന്റെ ലക്ഷ്യം. ഇസ്‌ലാം നാമധാരികളായ പലരും വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി നമുക്കറിയാം. എന്നാല്‍, ഇന്ത്യയിലെ ഒരു ജമാഅത്തുകാരന്റെ പേരില്‍ ഇന്നേവരേ ഒരു ആരോപണം പോലും ഉയര്‍ന്നുവന്നിട്ടില്ല.

ഇസ്‌ലാം ഒരു മിഷനറി പ്രവര്‍ത്തനമാണ്. ഓരോ മുസല്‍മാനും ഓരോ മിഷനറിയാണ്. പ്രസംഗത്തിലോ ഉപദേശത്തിലോ അല്ല. മറിച്ച്, ജീവിത വിശുദ്ധികൊണ്ടാണ്. ഇസ്‌ലാമിന്റെ ഈ വിശുദ്ധി നഷ്ടപ്പെടാതിരിക്കാനാണ് ജമാഅത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജമാഅത്തിനെതിരെ ആരോപണം ഉന്നയിച്ചവര്‍ ആരൊക്കെയെന്ന് നമുക്കറിയാം. പിണറായി വിജയന്‍ വിമര്‍ശിച്ച അന്നുതന്നെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ നീലകണ്ഠനെ വേദിയില്‍ കയറി മര്‍ദിച്ചത്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ കേരളത്തിലും ഇന്ത്യയിലും ലോകംമുഴുവനും ഇന്നോളം ചെയ്തുകൂട്ടിയ കൊലയും അക്രമവും ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ?

മുസ്‌ലിം ലീഗ് നേതാക്കളുടെ ആക്രോശം കേള്‍ക്കുമ്പോള്‍ തമാശതോന്നുന്നു. ഇന്ത്യ വിഭജിച്ച് പാകിസ്താന്‍ ഉണ്ടാക്കാന്‍ വേണ്ടി രൂപവത്കരിച്ചതാണ് മുസ്‌ലിം ലീഗ്. പക്ഷേ, ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടരുത് എന്ന് ശക്തമായി ആഗ്രഹിച്ചയാളാണ് ജമാഅത്തിന്റെ സ്ഥാപകന്‍ മൗദൂദി.
വയലാര്‍ രവി ഉപമിച്ചത് ആര്‍.എസ്.എസിനോടാണ്. ഹേ, രവീ.... ആര്‍.എസ്.എസുകാര്‍ ഉള്‍പ്പെട്ട കൊലക്കേസുകള്‍ കഴിഞ്ഞ ആഴ്ചപോലും കേരളത്തിലുണ്ടായി. എന്നാല്‍, ഒരു ജമാഅത്തുകാരന്‍ ഉള്‍പ്പെട്ട ഒരു കേസെങ്കിലും ഇന്നോളം ഉണ്ടായിട്ടുണ്ടോ? ജമാഅത്തിനെ ഒരു വര്‍ഗീയ സംഘടനയായി ചിത്രീകരിക്കുവാനാണ് നീക്കമെങ്കില്‍  എന്താണ് വര്‍ഗീയത എന്ന് രവി വിശദമാക്കണം. വിശ്വാസത്തിനനുസരിച്ച് ജീവിക്കുന്നതിന് വര്‍ഗീയത എന്ന് വിളിക്കുന്നത് വലിയ തെറ്റാണ്. ജമാഅത്തെ ഇസ്‌ലാമി ആരെയെങ്കിലും ഇസ്‌ലാമില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടുണ്ടോ?

തെരഞ്ഞെടുപ്പുകളില്‍ ഇടപെടരുതെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ താക്കീത്. കുഞ്ഞാലിക്കുട്ടി ഒന്നു മനസ്സിലാക്കണം, ജമാഅത്ത് രൂപവത്കരിച്ചതുതന്നെ ഒരു പാര്‍ട്ടിയായിട്ടാണ്. ലോകത്ത് ദൈവത്തിന്റെ സന്ദേശം ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതാണ് ജമാഅത്തിന്റെ വാദം. ഇത് തെറ്റായ കാര്യമാണോ? പാര്‍ട്ടി രൂപവത്കരിച്ചത് ഭരണത്തില്‍ വരാന്‍ തന്നെയാണ്. ഗാന്ധിജി ഉള്‍പ്പെടെയുള്ള മനുഷ്യസ്‌നേഹികള്‍ പറഞ്ഞിട്ടുള്ളത് മതമില്ലാത്ത രാഷ്ട്രീയം നിര്‍ജീവമെന്നാണ്. ഇന്നത്തെ രാഷ്ട്രീയത്തിന്റെ മൂല്യശോഷണത്തിന്റെ കാരണം രാഷ്ട്രീയത്തില്‍നിന്നും മതാംശം (ധാര്‍മികത) ചോര്‍ന്നതു തന്നെയാണ്. നിരീശ്വരവാദികളായ പാര്‍ട്ടിക്കാര്‍ പറയുന്നത് ഏറ്റുപറയരുത്. ജമാഅത്ത് രൂപവത്കരിച്ച നാള്‍ മുതല്‍ എല്ലാ സമ്മേളനങ്ങളിലും മറ്റുമത പ്രതിനിധികളെ പങ്കെടുപ്പിക്കാനും സല്‍ക്കരിക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. ജമാഅത്തിനെ സംബന്ധിച്ച് ഇത് എഴുതാന്‍ ഈ ലേഖകനെ പ്രേരിപ്പിച്ചത് അവരുടെ സൗഹൃദ മനോഭാവം മൂലമാണ്. ഈയുള്ളവന്‍ ദൈവത്തിന്റെ പുത്രനായ യേശുവില്‍ വിശ്വസിക്കുന്ന, എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്ന ഒരു ക്രിസ്ത്യാനിയാണ്. അധികാരക്കൊതി മൂലം നന്‍മയെ തിന്‍മയായി ചിത്രീകരിച്ച് നിങ്ങളുടെ തിന്‍മനിറഞ്ഞ പ്രവൃത്തികളെ വെള്ളപൂശാന്‍ ശ്രമിക്കരുത്.

കിനാലൂരില്‍ സമരം ചെയ്ത നാട്ടുകാരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തപ്പോഴുണ്ടായ നാണക്കേട് മറക്കാനല്ലേ സഖാക്കള്‍, സമരത്തെ സഹായിച്ച സോളിഡാരിറ്റിയെയും ജമാഅത്തിനെയും നികൃഷ്ടരായി ചിത്രീകരിക്കുന്നത്. ഇതുവരെ സോളിഡാരിറ്റിയും ജമാഅത്തും വളരെ സജീവമായി എല്ലാ സമരഭൂമിയിലും ഉണ്ടായിരുന്നതാണ്. അന്നൊന്നും തോന്നാത്ത ഈ ആരോപണങ്ങള്‍ ഇപ്പോള്‍ തോന്നുന്നത് അസൂയകൊണ്ടാണ്, സമരഭൂമിയിലും ജീവകാരുണ്യ പ്രവൃത്തികളിലും സംഘടനാ രംഗത്തും ജമാഅത്ത് വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്നതിലും ജനം അവരെ വിശ്വാസത്തിലെടുക്കുന്നുവെന്നതിലുമുള്ള അസൂയകൊണ്ട്.
കര്‍മഭൂമിയില്‍ ജമാഅത്തിനെ കൂടുതല്‍ ശക്തമാക്കാന്‍ ൈദവം അനുവദിക്കട്ടെ! സത്യമേവഃ ജയതേഃ
ഇ.എ. ജോസഫ്, ഡയറക്ടര്‍,
കേരള മദ്യവിമോചന സമിതി 

No comments: