Tuesday, September 7, 2010

എലിയെ പേടിച്ച് ഇല്ലം ചുടരുത്

ആധുനിക ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും വളര്‍ച്ചയും അത് മൂലം   മനുഷ്യ സമൂഹത്തിനുണ്ടായ നേട്ടങ്ങളും എടുത്ത് പറയത്തക്കത് തന്നെ. ഇപ്പോള്‍ എത്ര എളുപ്പത്തിലാണ്‌ നാം ഈ ബ്ലോഗിലൂടെ ആശയസംവാദം നടത്തുന്നത്? ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് സാധിക്കുമായിരുന്നില്ലാല്ലോ.
എന്നാല്‍ ശാസ്ത്രത്തിന്‍റെ വളര്‍ച്ചയോടെ മൂല്യ ബോധം വളര്‍ന്നു എന്ന് പറയുന്നത് ശരിയല്ല. മനുഷ്യന്‍ പണ്ടേപോലെ തന്നെയാണ്‌ മൂല്യ ബോധത്തിന്‍റെ കാര്യത്തില്‍ ഇപ്പോഴുമുള്ളത്. ഒരു പാശ്ചാത്യ ചിന്തകന്‍ പറഞ്ഞത്: 'മനുഷ്യന്‍ ആകാശത്തില്‍ പറവകളെ പോലെ പറക്കാന്‍ പഠിച്ചിട്ടുണ്ട്; സമുദ്രത്തില്‍ മല്‍സ്യത്തെ പോലെ ഊളിയിടാനും പഠിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യനെ പോലെ ഭൂമിയില്‍ ജീവിക്കാന്‍ മാത്രം അവന്‍ പഠിച്ചിട്ടില്ല.' എന്നാണ്‌. ഇത് തന്നെയല്ലേ സത്യം?
മതങ്ങല്‍ മനുഷ്യന്‍റെ സ്വൈര ജീവിതം തകര്‍ക്കുന്നില്ല. മതമൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താത്തവര്‍ മാത്രമേ മനുഷ്യനെ ദ്രോഹിക്കുകയുള്ളു. ഒരു നല്ല മത വിശ്വാസി ഒരു നല്ല മനുഷ്യനായിരിക്കും. ഒരു സംശയവും വേണ്ട. മറിച്ച് സംഭവിക്കുന്നുവെങ്കില്‍ അയാള്‍ മതം ഉള്‍ക്കൊണ്ടിട്ടില്ലാത്തവനായിരിക്കും; അല്ലെങ്കില്‍ കപടനായിരിക്കാം. കുഴപ്പം മതത്തിന്‍റേതല്ല; വ്യക്തിയുടേതണ്‌. ദൈവപ്രീതി കാംക്ഷിച്ചു നന്‍മ ചെയ്യുന്നവരും ദൈവകോപം ഭയന്ന് തിന്‍മ ചെയ്യാത്തവരും  നിരവധിയുണ്ട്. അവരുടെ മത ബോധം ഇല്ലാതായാല്‍ എന്താണ്‌ സംഭവിക്കുക എന്നാലോചിച്ചു നോക്കൂ.
ഇപ്പോള്‍ മുസ്‌ലിംകള്‍ വ്രതാനുഷ്ഠാനത്തിലാണ്‌. പട്ടിണി കിടക്കുകയും ദൈവത്തെ ധ്യാനിക്കുകയും ചെയ്തത് കൊണ്ട് വ്രതം പൂര്‍ണ്ണമാകുന്നില്ല. മനുഷ്യനുമായി കൂടി ബന്ധപ്പെട്ടതാണ്‌ ഇസ്‌ലാമിലെ വ്രതം. ദാനം ചെയ്യുക, സഹാനുഭൂതി വളര്‍ത്തിയെടുക്കുക, മനുഷ്യരോട് കാരുണ്യം കാണിക്കുക, അസത്യമായ വാക്കും പ്രവൃത്തിയും വെടിയുക, ആരോടും കയര്‍ത്ത് സംസാരിക്കാതിരിക്കുക, കൂടുതല്‍ ക്ഷമ കൈക്കൊള്ളുക, ശണ്ഠകൂടാതിരിക്കുക, ആരെങ്കിലും ഇങ്ങോട്ട് ശണ്ഠയ്ക്ക് വന്നാല്‍ ഞാന്‍ നോമ്പുകാരനാണെന്ന് പറഞ്ഞ് ഒഴിവാവുക ഇതൊക്കെ വ്രതത്തിന്‍റെ ഭാഗമാണ്‌. ഇതൊന്നും ചെയ്യാന്‍ കൂട്ടാക്കാത്തവന്‍ വിശപ്പും ദാഹവും സഹിക്കണമെന്ന് ദൈവത്തിന്‌ ഒരാവശ്യവുമില്ലെന്ന് മുഹമ്മദ് നബി പറഞ്ഞിരിക്കുന്നു. അത്തരക്കാരുടെ വ്രതം വ്രതമാകില്ലെന്നാണല്ലോ ഇതിന്നര്‍ത്ഥം. മേല്‍ പറഞ്ഞ കാര്യങ്ങള്‍ വ്രത കാലത്ത് മാത്രം ചെയ്യാനുള്ളതല്ല; എന്നാല്‍ ഒരു മാസത്തെ വ്രതകാലത്ത് ഒരു ശക്തമായ പരിശീലനം നേടിയെടുക്കാന്‍ വിശ്വാസികളെ അത് പ്രാപ്തമാക്കുന്നു.
ഇതൊന്നും മനസ്സിലാക്കാതെ വ്രതമനുഷ്ഠിക്കുന്നവരുണ്ടാകാം. അത്തരക്കാരെ ഈ പൊരുള്‌ മനസ്സിലക്കി വ്രതമനുഷ്ഠിക്കാന്‍ പ്രേരിപ്പിക്കുകയാണ്‌ ചെയ്യേണ്ടത്. ഓരോ യുക്തിവാദിയും അതിന്നാണ്‌ ശ്രമിക്കേണ്ടത്. ഒരു മനുഷ്യനെ നല്ല മനുഷ്യനാക്കി മാറ്റുന്ന ഈ പ്രക്രിയക്കിടെ വ്രത നാളില്‍ മധ്യാഹ്നത്തിന്‌ ശേഷം വായ്ക്കുണ്ടാകുന്ന ചെറിയ ദുര്‍ഗ്ഗന്ധമാണ്‌ ഗുരുതരമായ പ്രശ്നം എന്ന് വാദിക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും? പക്ഷെ പ്രവാചകന്‍ പറഞ്ഞത് ഈ ദുര്‍ഗന്ധം ദൈവത്തിങ്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണെന്നാണ്‌.
ഒരു ജനനം നടക്കുമ്പോഴും അതിന്‌ മുമ്പ് മാസങ്ങളോളവും ഒരമ്മ അനുഭവിക്കുന്ന വേദന നമുക്കറിയാമല്ലോ. മനുഷ്യക്കുഞ്ഞെന്ന ഒരു അസംസ്കൃത വസ്തു ഉല്‍പ്പാദിപ്പിക്കാനാണ്‌ ഈ നോവത്രയും സഹിക്കുന്നത്. അതിനെ ഒരു നല്ല മനുഷ്യനാക്കാന്‍ ഇത്തിരി കൂടി നോവ് സഹിച്ചാല്‍ അതൊട്ടും അധികമാകില്ല.
മൂല്യ ബോധമാണ്‌ ഒരു മനുഷ്യനെ നല്ല മനുഷ്യനാക്കുന്നത്; മൂല്യ ബോധം ലഭിക്കുന്നത് ശാസ്ത്രത്തില്‍ നിന്നല്ല; യുക്തിവാദത്തില്‍ നിന്നുമല്ല. മതത്തില്‍ നിന്നാണ്‌. അത് കൊണ്ട് മതത്തെ എതിര്‍ക്കരുത്. എന്നാല്‍ മതത്തെ ദുരുപയോഗപ്പെടുത്തുന്നതിനെ എതിര്‍ക്കണം. അഥവാ എലിയെ പേടിച്ച് ഇല്ലം ചുടരുത്.
കെ.കെ. ആലിക്കോയ

No comments: