Thursday, April 8, 2010

ഇബാദത്ത് മുജാഹിദുകള്‍ ഇരുട്ടില്‍ തപ്പുന്നു

((മുജാഹിദുകള്‍ പിളരുന്നതിന്‍റെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലഘു ലേഖയണിത്. എന്നാലും പുനര്‍വായനക്ക് ഉപകരിക്കുമെന്ന് കരുതുന്നു..)

ഇബാദത്ത് എന്ന പദം ഇസ്‌ലാമിലെ പ്രധാന സാങ്കേതിക ശബ്ദമാണ്. അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കും അത് അര്‍പ്പിക്കാന്‍ പാടില്ല. അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്യല്‍ ശിര്‍ക്കാണ്. അതിനാല്‍ ഇബാദത്തിന്‍റെ അര്‍ത്ഥവും വിവക്‌ഷയും ശരിയായി മനസ്സിലാക്കല്‍ അനിവാര്യമാണ്.

ഇബാദത്ത് എന്ന പദത്തിന്‍റെ അര്‍ത്ഥം അനുസരണം, ആരാധന, അടിമവേല എന്നിവയാണ്. വിശുദ്ധ ഖുര്‍ആനില്‍ ഈ മൂന്ന് അര്‍ത്ഥത്തിലും ഈ പദം വന്നിട്ടുണ്ട്. അപ്രകാരം തന്നെ ഇവയില്‍ ഏതെങ്കിലും ഒരര്‍ത്ഥത്തില്‍ മാത്രമായും ഇബാദത്ത് എന്ന പദം ഖുര്‍ആനില്‍ വന്നിട്ടുണ്ട്. അതിനാല്‍ ആരാധനയും നിരുപാധികമായ അനുസരണവും പരമമായ അടിമത്തവും അല്ലാഹുവിന്ന് മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളു. പരിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും പ്രാമാണികരായ പണ്ഡിതന്‍മാരുടെ അഭിപ്രായവും അസന്നിഗ്ദമായി വ്യക്തമാക്കുന്ന ഈ കാഴ്ചപ്പാടാണ്‌ ജമാഅത്തെ ഇസ്‌ലാമി അംഗീകരിച്ചത്, എന്നാല്‍ ജമാഅത്തിനെ വിമര്‍ശിക്കാനായി കേരള നദ്‌വതുല്‍ മുജാഹിദീനും അനുബന്ധ സംഘടനകളും ഇബാദത്തിന്‍റെ അര്‍ത്ഥ വിശകലനത്തില്‍ വിചിത്രമായ പല വാദങ്ങളും ഉന്നയിക്കുകയുണ്ടായി. അതവരെ ഗുരുതരമായ അബദ്ധത്തിലും ആശയക്കുഴപ്പത്തിലും വൈരുദ്ധ്യത്തിലും അകപ്പെടുത്തിയിരിക്കുന്നു. ചില ഉദാഹരണങ്ങളിവിടെ വിശദീകരിക്കാം:


ഒന്ന്: കേരളത്തിലെ മുജാഹിദ് പണ്ഡിതന്‍മാരില്‍ പ്രമുഖനായ കെ. ഉമര്‍ മൌലവി എഴുതി: "ഇബാദത്തിന്ന് അനുസരണം എന്ന് അര്‍ത്ഥം വെക്കല്‍ ശരിയാകുമോ എന്ന് ഞാന്‍ പരിശോധിക്കുവാന്‍ തുടങ്ങി. വളരെയധികം പണ്ഡിതന്‍മാരുമായി ചര്‍ച്ച ചെയ്തു. വളരെയധികം ഗ്രന്‍ഥങ്ങള്‍ പരിശോധിച്ചു. സര്‍വാംഗീകൃതമായ ലിസാനുല്‍ അറബ് എന്ന മഹാ ഡിക്‌ഷ്‌ണറി അന്ന് കേരളത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഉമറാബാദില്‍ പോയി അതും നോക്കി. അവസാനം എനിക്ക് അങ്ങേയറ്റം ബോധ്യപ്പെട്ടു. അനുസരണം എന്ന് ഇബാദത്തിന്ന് അര്‍ത്ഥം വെക്കാന്‍ പറ്റുകയില്ല." (സല്‍സബീല്‍ മെയ് 20, 1996, പേജ് 6,7)

ഉമര്‍ മൌലവി ഒന്നുകില്‍ ലിസാനുല്‍ അറബ് കണ്ടിട്ടില്ല; അല്ലെങ്കില്‍ വായിച്ചിട്ട് മനസ്സിലായിട്ടില്ല. കാരണം ലിസാനുല്‍ അറബ് പരിശോധിക്കുന്ന ആര്‍ക്കും ഇബാദത്തിന്ന് അനുസരണം എന്ന് അര്‍ത്ഥം പറയാന്‍ പറ്റുകയില്ലെന്ന് ബോധ്യമാവുകയില്ല. ഭാഷാപ്രയോഗമെന്ന നിലക്കും സാങ്കേതിക പ്രയോഗമെന്ന നിലക്കും ഇബാദത്തിന്ന് അനുസരണം എന്ന് അര്‍ത്ഥം അതില്‍ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.

അറബി വ്യാകരണ നിയമങ്ങളനുസരിച്ച് ഇബാദത്തിന്ന് അടിമ വേല എന്നര്‍ത്ഥം പാടില്ലെന്ന വിചിത്ര വാദമുന്നയിച്ച് ജ്മാഅത്തിനെ വിമര്‍ശിക്കുന്ന 'ഇബാദത്ത് ഒരു പഠനം' എന്ന കൃതിയില്‍ ഇങ്ങനെ കാണാം. 'അബ്‌ദ്‌' എന്ന പദം ഇബാദത്തുമായി പ്രത്യക്‌ഷത്തില്‍ ബന്ധം തോന്നാമെങ്കിലും ഇബാദത്തിന്ന് അടിമ വേല എന്നര്‍ത്ഥമില്ല. (മുജാഹിദ് പബ്ലിക്കേഷന്‍സ്, പേജ് 19)

ഉമര്‍ മൌലവി എഴുതുന്നു: ഇബാദത്ത് എന്ന പദത്തിന്ന് അടിമത്തം ദാസ്യ വൃത്തി എന്നര്‍ത്ഥമില്ല. (സല്‍സബീല്‍ പുസ്തകം 7, ലക്കം 7, പേജ് 11)

എന്നാല്‍ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ പ്രമുഖ പണ്ഡിതന്‍മാരായ ജനാബുമാര്‍ പി. കെ. മൂസ മൌലവി, മുഹമ്മദ് അമാനി മൌലവി എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ ഖുര്‍ആന്‍ പരിഭാഷയിലിങ്ങനെ കാണാം: "ഭാഷാര്‍ത്ഥം നോക്കുമ്പോള്‍ താഴ്മ കാണിക്കല്‍, ഭക്തി അര്‍പ്പിക്കല്‍, കീഴ്പ്പെടല്‍, അനുസരിക്കല്‍, വണങ്ങല്‍,അടിമവേല ചെയ്യല്‍, ആരാധിക്കല്‍, പുണ്യം ചെയ്യല്‍, എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളില്‍ സന്ദര്‍ഭോചിതം ഇബാദത്ത് എന്ന പദം വരാവുന്നതാണ്. (വിശുദ്ധ കുര്‍ആന്‍ വിവരണം, രണ്ടാം പകുതി, വാല്യം:2, 1967, പേജ്:504)

ഇവിടെ ആര്‍ക്കാണ്‌ ഇബാദത്തിന്‍റെ ഭാഷാര്‍ത്ഥം പോലും അറിയാത്തത്? ഇബാദത്തിന്‍റെ അര്‍ത്ഥമറിയാത്തവര്‍ക്ക് തൌഹീദിന്‍റെ വിവക്‌ഷയും പിഴക്കുമല്ലൊ. അതിനാല്‍ ആരാണ്‌ തൌഹീദിനെ മനസ്സിലാക്കുന്നതില്‍ പിഴച്ചത്? ഉമര്‍ മൌലവിയോ മറ്റു പണ്ഡിതന്‍മാരോ?

രണ്ട്: ഉമര്‍ മൌലവി എഴുതുന്നു: "അല്ലാഹു അല്ലാത്തവര്‍ക്ക് അടിമവേല ചെയ്യല്‍ ശിര്‍ക്കാണെന്ന് ജമാഅത്തെ ഇസ്‌ലാമി വാദിക്കുന്നു. അതും ഇസ്‌ലാമില്‍ ഇല്ലത്ത ഒരു പുതിയ വാദമാണെന്ന് ഞങ്ങള്‍ പറയുന്നു." (സല്‍സബീല്‍ പു. 3, ല.3. പേജ് 40)

ഇതിന്ന് മുജാഹിദുകളുടെ മുഖപത്രം ഇങ്ങനെ മറുപടി പറയുന്നു: "മനുഷ്യവംശത്തെ എല്ലാ വിധ അടിമത്തങ്ങളില്‍ നിന്നും മോചിപ്പിച്ചു കൊണ്ട് അല്ലഹുവിന്‍റെ മാത്രം അടിമത്തം സ്വീകരിക്കുവാന്‍ തയ്യാറാക്കുക എന്നതാണ്‌ ഇസ്‌ലാം ഉദ്ദേശിക്കുന്നത്. (അല്‍മനാര്‍ പു. 15, , 7. പേജ് 188)

മര്‍ഹൂം കെ എം മൌലവി എഴുതുന്നു: "ഇസ്‌ലാം വന്നപ്പോള്‍ അത് ജനങ്ങളെ മതത്തിലും ഭരണത്തിലും കലര്‍പ്പില്ലാത്ത സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. ആരാധനയും അടിമത്തവും അര്‍പ്പണവും അല്ലാഹുവിന്ന് മാത്രമാക്കിത്തീര്‍ത്തു. അതില്‍ അവന്ന് യാതൊരു പങ്കുകാരുമില്ല. (അല്‍മുര്‍ശിദ് ഭാഗം 4, പേജ് 302)

യുവ മുജാഹിദുകളുടെ പ്രസാധനാലയമായ യുവത ബുക് ഹൌസ് പ്രസിദ്ധീകരിച്ച അബുല്‍ ഹസന്‍ അലി നദ്‌വിയുടെ അര്‍കാനെ അര്‍ബ-അയില്‍ നമസ്‌കാരം അല്ലാഹു അല്ലാത്തവരുടെ അടിമത്തത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കാനുള്ളതാണെന്ന് പ്രഖ്യാപിക്കുന്നു. (പേജ് 72, 73)

ഇവിടെ ആരാണ്‌ തൌഹീദില്‍ പിഴച്ചത്? രണ്ടിലൊരു വിഭാഗം തൌഹീദില്‍ പിഴച്ചിരിക്കുന്നു എന്ന് വ്യക്തമാണല്ലൊ. ഉമര്‍ മൌലവിക്കും സംഘത്തിനുമാണോ അതോ മര്‍ഹൂം കെ. എം. മൌലവി, അബുല്‍ ഹസന്‍ അലി നദ്‌വി പോലുള്ളവര്‍ക്കാണോ തൌഹീദ് അറിയാത്തത്?

മൂന്ന്: "അല്ലാഹു അല്ലാത്തവരെ അനുസരിക്കലും അല്ലഹു അല്ലാത്തവര്‍ക്ക് അടിമ വേല ചെയ്യലും ശിര്‍ക്കാണെന്ന് ലോകത്ത് ആരും പറഞ്ഞിട്ടില്ല. മൌദൂദി സാഹിബ് കളവ് പറഞ്ഞതാണെന്ന്" ഉമര്‍ മൌലവി വാദിക്കുന്നു. (സല്‍സബീല്‍ പു. 8. ല. 6. പേജ് 9)

കള്ളം പറഞ്ഞത് മൌദൂദി സാഹിബല്ല; അദ്ദേഹത്തിന്‍റെ മേല്‍ വ്യാജാരോപണം നടത്തിയ ആള്‍ തന്നെയാണ്‌. "ആരെങ്കിലും അല്ലാഹു അല്ലാത്തവരുടെ അടിമയായാല്‍ അയാല്‍ മുശ്‌രികായിത്തീരുമെന്ന്" ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ്യയും (അല്‍ഉബൂദിയ്യ പേജ് 112) " അല്ലാഹുവിന്‍റെ കല്‍പനക്കെതിരില്‍ പണ്ഡിതന്‍മാരെയും മറ്റും അനുസരിക്കല്‍ ശിര്‍ക്കാണെന്ന്" ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബും (മജ്‌മൂഅതുത്തൌഹീദിന്നജ്ദിയ്യഃ പേജ് 6, 7) ഉള്‍പ്പെടെയുള്ള പണ്ഡിതന്‍മാരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്‌.

യഥാര്‍ത്ഥത്തില്‍ മൌദൂദി സാഹിബിന്‍റെ മേല്‍ വ്യാജമാരോപിക്കാനായി ഉമര്‍ മൌലവി ഉന്നയിച്ച വാദത്തിന്ന് അദ്ദേഹത്തിന്‍റെ പത്രം തന്നെ മറുപടി എഴുതുന്നുണ്ട്. "ഗുലാം അഹ്‌മദ് എന്ന പേരുതന്നെ മുഅ്‌മിനിനു ചേര്‍ന്നതല്ല. കാരണം അഹ്‌മദിന്‍റെ അടിമ എന്നാണ്‌ ആ വാക്കിന്‍റെ അര്‍ത്ഥം. അപ്പോള്‍ ശിര്‍ക്കിന്‍റെ നാമാവാതായ കള്ളപ്രവാചകനാണദ്ദേഹം. " (സല്‍സബീല്‍ പു 2, ല. 10)

നാല്‌: ഇബാദത്ത് എന്ന പദത്തിന്‌ അനുസരണം എന്ന് അര്‍ത്ഥമേ ഇല്ലെന്നു വാദിച്ച വ്യക്തി തന്നെ എഴുതുന്നു: "നൂറുക്കണക്കിനു സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള ഇബാദത്തിന്ന് രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ അനുസരണം എന്നുദ്ദേശിക്കാമെന്നു വെച്ച് എല്ലാ സ്ഥലങ്ങളിലും ആ അര്‍ത്ഥം കൊണ്ട് സായൂജ്യം നേടാനുള്ള വ്യഗ്രതയില്‍ സംഭവിച്ചു പോയതാണിതെല്ലാം. (സല്‍സബീല്‍ 1972 ജൂലൈ 17)

ഇബാദത്തിന്ന് അനുസരണം എന്ന് ആരും മുമ്പ് അര്‍ത്ഥം പറഞ്ഞിട്ടില്ലെന്ന് എഴുതി വിട്ടവര്‍ തങ്ങള്‍ക്ക് തന്നെ ഇങ്ങനെ മറുപടി എഴുതിയിരിക്കുന്നു: "പിശാചിന്ന് നിങ്ങള്‍ ഇബാദത്ത് ചെയ്യരുത്" എന്നു ഖുര്‍ആന്‍ പറഞ്ഞതിന്ന് അധിക മുഫസ്സിറുകളും "പിശാചിനെ അനുസരിക്കരുതെന്ന് അര്‍ത്ഥം പറഞ്ഞിരിക്കുന്നു." (സല്‍സബീല്‍ 20 ജൂലൈ 1972)

ഉമര്‍ മൌലവി തന്നെ "പിശാചിന്ന് നിങ്ങള്‍ ഇബാദത്ത് ചെയ്യരുത്" എന്നതിന്ന് അറബി മലയള ഖുര്‍ആന്‍ പരിഭാഷയില്‍ അനുസരിക്കരുതെന്നാണ്‌ അര്‍ത്ഥം നല്‍കിയത്.

അഞ്ച്: ഇബാദത്തിന്ന് ആരാധന എന്ന് മാത്രമേ അര്‍ത്ഥമുള്ളുവെന്നും അവ്വിധമേ അത് പ്രയോഗിക്കപ്പെട്ടിട്ടുള്ളുവെന്നും വാദിക്കുന്ന മുജാഹിദുകള്‍ക്ക് മറുപടി പറയുന്നത് അവരുടെ പണ്ഡിതന്‍മാര്‍ തന്നെയാണ്‌. പി. കെ. മൂസ മൌലവി, എ. അലവി മൌലവി, മുഹമ്മദ് അമാനി മൌലവി എന്നിവര്‍ ചേര്‍ന്ന് തയ്യറാക്കിയ ഖുര്‍ആന്‍ പരിഭാഷയിലിങ്ങനെ കാണാം. "ഭാഷാര്‍ത്ഥം നോക്കുമ്പോള്‍ താഴ്മ കാണിക്കല്‍, ഭക്തി അര്‍പ്പിക്കല്‍, കീഴ്പ്പെടല്‍, അനുസരിക്കല്‍, വണങ്ങല്‍, അടിമ വേല ചെയ്യല്‍, ആരാധിക്കല്‍, പുണ്യം ചെയ്യല്‍ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളില്‍ സന്ദര്‍ഭോചിതം ഇബാദത്ത് എന്ന പദം വരാവുന്നതാണ്‌. ഖുര്‍ആനിലും ഹദീസിലും ഇസ്‌ലാമിക ഗ്രന്‍ഥങ്ങളിലും ആരാധന എന്ന അര്‍ത്ഥത്തിലാണ്‌ മിക്കവാറും ആ പദം ഉപയോഗിക്കപ്പെട്ടു കാണുന്നത്. ചുരുക്കം ചിലപ്പോള്‍ മേല്‍ക്കണ്ട ഏതെങ്കിലും അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെടാതില്ല. അതിലൊന്നാണ്‌ സൂറത്തുല്‍ മുഅ്‌മിനൂനിലെ 47-ആം ആയത്തില്‍ നാം കണ്ടത്. (വിശുദ്ധ ഖുര്‍ആന്‍ വിവരണം രണ്ടാം പകുതി വല്യം 2. പേജ് 504, നവമ്പര്‍ 1967)

ആറ്: ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കാനായി ഈമാം റാസീ (റ) യുടെ മേല്‍ കള്ളമാരോപിക്കാന്‍ വരെ വിമര്‍ശകന്‍മാര്‍ ധൃഷ്ടരായി. 'ഇബാദത്ത് എന്നതിന്ന് ആരെങ്കിലും അനുസരണം എന്ന് അര്‍ത്ഥം കല്‍പ്പിക്കുന്ന പക്‌ഷം അവന്‍ അബദ്ധം പറഞ്ഞു'വെന്ന് ഇമാം റാസി എഴുതുയതായി ഉമര്‍ മൌലവി വാദിക്കുന്നു. (സല്‍സബീല്‍ പു. 1, ല.11. പേജ് 32)

എന്നാല്‍ ഇമാം റാസി അങ്ങനെ എഴുതിയിട്ടില്ല. ഇബാദത്തെന്നാല്‍ അനുസരണം (ത്വാഅത്ത്) എന്നാണെന്ന് വാദിക്കാന്‍ പാടില്ലെന്നാണ്‌ റാസീ വ്യക്തമാക്കിയത്. രണ്ടും തമ്മിലുള്ള അന്തരം വ്യക്തമണല്ലോ.

ഏഴ്‌: മൌദൂദി സാഹിബിന്ന് മുമ്പ് ഇബാദത്തിന്ന് അനുസരണം എന്ന് ആരും അര്‍ത്ഥം പറഞ്ഞിട്ടില്ലെന്ന് വാദിച്ച വ്യക്തി തന്നെ എഴുതുന്നു. "എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഇബാദത്തിന്ന് അനുസരണം എന്നര്‍ത്ഥം ഉറപ്പിക്കാന്‍ ഏറ്റവും വലിയ പ്രമാണമായി എടുത്തു കാണിക്കുന്നത് ഇമാം റാസിയുടെ വാക്കുകളാണ്. അങ്ങനെയുള്ള ചില അബദ്ധങ്ങള്‍ ഇമാം അവര്‍കള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം വലിയ മഹാന്‍ തന്നെ. എന്നാല്‍ ഇപ്പറഞ്ഞത് മഹാ തെറ്റാണ്. (സല്‍സബീല്‍ പു. 2, ല. 8. പേജ് 45, 46)

ഉമര്‍ മൌലവിയുടെ പ്രസ്താവത്തെ പ്രമുഖ മുജാഹിദ് പണ്ഡിതനും ഗ്രന്‍ഥകാരനും ജാമിഅ നദ്‌വിയ്യ അദ്ധ്യാപകനുമായ അബ്ദുസ്സലാം സുല്ലമി തിരുത്തുന്നു: "പിശാചിന്ന് ഇബാദത്തെടുക്കുക എന്നതിന്‍റെ വിവക്‌ഷ അനുസരണമാണെന്ന് ഇമാം റാസി പ്രസ്താവിക്കുന്നു. (റാസി 21/224) ഭാഷയില്‍ ഈ പദത്തിന്‌ അനുസരണം എന്നര്‍ത്ഥമുണ്ട്. ആരാധിക്കുക എന്ന അര്‍ത്ഥവും ഇവിടെ നല്‍കാവുന്നതാണ്‌. ഏറ്റവും അനുയോജ്യമായത് ഇമാം റാസീ (റ) നല്‍കുന്ന അര്‍ത്ഥമാണ്‌." (സൂറത്തു മര്‍യം പരിഭാഷയും വ്യാഖ്യാനവും പേജ് 28)

എട്ട്: അനുസരിക്കപ്പെടുന്നവര്‍ക്ക് അഭൌതികത കല്‍പ്പിച്ചാല്‍ മത്രമേ അനുസരണം ഇബാദത്തും ശിര്‍ക്കുമാവുകയുള്ളുവെന്ന് സമര്‍ത്ഥിക്കാനാണല്ലോ ചെറിയ മുണ്ടം അബ്ദുല്‍ ഹമീദ് സാഹിബ് "ഇബാദത്ത് വീക്‌ഷണങ്ങളുടെ താരതമ്യം" എന്ന കൃതിയില്‍ ശ്രമിച്ചത്. എന്നാല്‍ ഇലാഹാക്കാതെയും ഇബാദത്തെടുക്കുക എന്ന ഉദ്ദേശമില്ലാതെയും അനുസരിച്ചാലും ശിര്‍ക്കാകുമെന്ന് അബ്ദുസ്സലാം സുല്ലമി സമര്‍ത്ഥിക്കുന്നു. (തൌഹീദ് സമഗ്ര വിശകലനം പേജ് 57, 58)

ഈ വിധം ഇബാദത്തിന്‍റെ അര്‍ത്ഥവും വിവക്‌ഷയും വിവരിക്കുന്നതിന്നതില്‍ മുജാഹിദുകള്‍ തികഞ്ഞ ആശയക്കുഴപ്പത്തിലും പരസ്പര വൈരുദ്ധ്യത്തിലും അകപ്പെട്ടിരിക്കുകയാണ്‌ ജമാഅത്ത് വിമര്‍ശകര്‍ അക്‌ഷരാര്‍ത്ഥത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്‌. തൌഹീദ് ഗ്രഹിക്കുന്നതില്‍ സംഭവിച്ച ഈ പിഴവ് തിരുത്തണമെന്നാണ്‌ മുജാഹിദ് സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുവാനുള്ളത്.

പ്രസാധനം: ഐഡിയല്‍ യൂത്ത് വിംഗ്, കോഴിക്കോട്.