Tuesday, September 14, 2010

പ്രവാചകനിന്ദ: ശിക്ഷയും മാപ്പും

പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
കെ.കെ.ആലിക്കോയ

പ്ര. ജോസഫ് ചെയ്ത, പ്രവാചക നിന്ദ,  തെറ്റ് തന്നെയാണ്‌. പക്ഷെ ആ തെറ്റിനുള്ള ശിക്ഷ നല്‍കാന്‍ കോടതിക്കേ അധികാരമുള്ളൂ. അത്കൊണ്ട് പ്രഫസറുടെ കൈവെട്ടിയ  നടപടിയും തെറ്റ് തന്നെ.
എന്നാല്‍ ചിലര്‍, പ്രവാചക നിന്ദ കുറ്റമല്ലെന്നോ, അല്ലെങ്കില്‍ ജോസഫ് പ്രവാചകനെ നിന്ദിച്ചിട്ടില്ലെന്നോ വാദിക്കുന്നു. വേറെ ചിലരാകട്ടെ കൈവെട്ട് തെറ്റല്ലെന്ന് വാദിക്കുന്നു.
അറബിയില്‍ ഒരു ചൊല്ലുണ്ട്:  الخطأ خطأ أيّ كان فاعله (കര്‍ത്താവ്‌ ആരായിരുന്നാലും തെറ്റ് തെറ്റ് തന്നെയാണ്‌.) ഒരു തെറ്റ് കാണുമ്പോള്‍ അത് ചെയ്തയാളുടെ ജാതി, മതം, പാര്‍ട്ടി, സാമ്പത്തിക സ്ഥിതി,  സാമൂഹിക അന്തസ്സ്, നമ്മളുമായുള്ള ബന്ധം തുടങ്ങി ഒന്നും പരിഗണിക്കാതെ അത് തെറ്റാണെന്ന് പറയാന്‍ നമുക്ക് കഴിയണം. ഈ സാമാന്യ നീതിബോധം  നഷ്ടപ്പെടുന്നവരാണ്‌  പ്രവാചകനിന്ദയെയും  കൈവെട്ടിനെയും  ന്യായീകരിക്കുന്നത്.

ജോസഫിനെ പലരും ന്യായീകരിച്ചു കാണുന്നു. അദ്ദേഹം ബോധപൂര്‍വ്വം ചെയ്തതല്ലെന്ന് ചിലര്‍.
എന്നാല്‍ ദൈവം, മുഹമ്മദ് ഇവ രണ്ടും ചേര്‍ത്ത് പറയുമ്പോള്‍ അത് ഒരു സമുദായത്തെ വേദനിപ്പിക്കുമെന്ന് അദ്ദേഹത്തിന്ന് മനസ്സിലായില്ലെന്ന് വിശ്വസിക്കാന്‍ സാധ്യമല്ല; ന്യൂമാന്‍ കോളേജിന്‍റെ മാനേജ്മെന്‍റ്‌ പോലും അതിന്ന് തയ്യാറാകുന്നില്ല.

പടച്ചോനേ എന്ന് ദൈവത്തെ വിളിക്കുന്നത് മുസ്‌ലിംകളായത് കൊണ്ടാണ്‌ വിളിക്കുന്ന ആള്‍ക്ക് മുസ്‌ലിം നാമം നല്‍കാമെന്ന് വച്ചതെന്ന് പ്രഫസര്‍ പറ യുന്നു. മുസ്‌ലിംകളില്‍ ഏറ്റവും കൂടുതല്‍ ഉള്ള പേര്‌ മുഹമ്മദാണെന്നും അത്കൊണ്ടാണ്‌ അത് തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വേറെയുമുണ്ട് ന്യായീകരണം. ഈ ഭാഗം പി.ടി കുഞ്ഞു മുഹമ്മദിന്‍റെ പുസ്തകത്തില്‍ നിന്നുള്ളതാകയാല്‍ അദ്ദേഹത്തിന്‍റെ പേരില്‍ നിന്ന് കുഞ്ഞു ഒഴിവാക്കി മുഹമ്മദ് കഥാപാത്രത്തിന്‌ നല്‍കാമെന്ന് വച്ചത്രെ. അപ്പോള്‍ പ്രഫസര്‍ സമയമെടുത്ത് ആലോചിച്ച് ബോധപൂര്‍വ്വം ഈ പേര്‌ തെരഞ്ഞെടുക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. ഇനി ആ കഥാപാത്രത്തിന്‌ മുഹമ്മദ് എന്ന് പേര്‌ നല്‍കിയത് പ്രഫസര്‍ക്ക് സംഭവിച്ച ഒരബദ്ധമായിരുന്നുവെങ്കില്‍  വിവാദ  ചോദ്യം വെളിച്ചം കാണുന്നതിന്ന് മുമ്പ് തന്നെ ഡി.ടി.പി. ഓപറേറ്റര്‍  അപകടം സൂചിപ്പിച്ചിരുന്നു വല്ലോ; എന്ത്കൊണ്ട് പ്രഫസര്‍ അത് കാണാന്‍ കൂട്ടാക്കിയില്ല? ഈ ചോദ്യത്തിന്ന് ഉത്തരമെഴുതിയ ഒരു വിദ്യാര്‍ത്ഥി ഉത്തരക്കടലാസിലൂടെ പ്രധിഷേധിച്ചിട്ടുണ്ട്; അപ്പോഴെങ്കിലും എന്ത് കൊണ്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചില്ല?  അപ്പോള്‍ മനഃപൂര്‍വ്വം തന്നെയാണ്‌ എല്ലാം ചെയ്തതെന്ന്  വ്യക്തം. എന്ന് തന്നെയാണ്‌ കോളേജധികൃതരും പറയുന്നത്. അത്കൊണ്ടാണല്ലോ അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.

പി.ടി. യുടെ ഈ തമാശ ഇന്ന് വരെ ആരെയും വേദനിപ്പിച്ചതായി അറിയില്ല. ഈ തമാശകൊണ്ട് ഉദ്ദേശിച്ചതെന്തോ അത് നേടാതെ പോയിട്ടുമില്ല. എല്ലാ ചിഹ്നങ്ങളും നല്‍കാന്‍ കഴിയുന്ന ഒരു ഉദ്ധരണി എന്ന നിലയിലാണ്‌ ഇത് തെരഞ്ഞെടുത്തതെന്നാണല്ലോ പ്രഫസറുടെ  വിശദീകരണം. പടച്ചോനേ പടച്ചോനേ എന്ന്  വിളിക്കുന്ന ആ കഥാപാത്രത്തിന്ന് പി.ടി. കുഞ്ഞു മുഹമ്മദ് നല്‍കിയ അതേ പേര്‌ (ഭ്രാന്തന്‍) തന്നെ നല്‍കിയിരുന്നുവെങ്കില്‍ ഏത് ചിഹ്നമായിരുന്നു ചേര്‍ക്കാന്‍ കഴിയാതെ പോകുമായിരുന്നത്?
എങ്ങനെ നോക്കിയാലും  ആ കഥാപാത്രത്തിന്‍റെ പേര്‌ ഭ്രാന്തന്‍ എന്ത് തന്നെ ആകുന്നതായിരുന്നു ഏറ്റവും നല്ലത്.
പക്ഷെ അതിന്ന് വിവേകവും, ഔചിത്യ ബോധവും കാണിക്കണമായിരുന്നു. പ്രഫസര്‍ അത് കാണിച്ചില്ല.  ഈ പ്രശ്നം ചര്‍ച്ച ചെയ്യുന്നവര്‍ക്കെങ്കിലും അതാകാവുന്നതാണ്‌.

ഒരാളുടെ പ്രവൃത്തി എത്ര കടുത്ത മതനിന്ദ ആയിരുന്നാലും അതിനെതിരെ സമുദായം ആയുധമെടുക്കരുത്; നിയമപരമായി മാത്രമേ നേരിടാവൂ. ഇവിടെയുള്ളത് ഇസ്‌ലാമിക ഭരണമായിരുന്നാല്‍ പോലും അതേ ചെയ്യാന്‍ പറ്റുകയുള്ളു. നിയമം കയ്യിലെടുക്കാന്‍ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല.

സമുദായത്തിലെ ചിലരുടെ  അവിവേകം മൂലം ഈ ചര്‍ച്ചയുടെ ഗതി തന്നെ മാറാനിടയായി. പ്രവാചകനിന്ദക്ക് പകരം കൈവെട്ട് ചര്‍ച്ചവിഷയമായി. ജോസഫ് പ്രതിയാകുന്നതിന്ന് പകരം മുസ്‌ലിം സമുദായം പ്രതിയാവുകയും ചെയ്തു.  ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ തെറ്റ് ചെയ്താല്‍ അത് ആ വ്യക്തികളുടെ മാത്രം കുറ്റം. എന്നാല്‍ ഒരു മുസ്‌ലിം തെറ്റ് ചെയ്താലോ അത് സമുദായത്തിന്‍റെ കുറ്റം! മതത്തിന്‍റെ കുറ്റം! പ്രവാചകന്‍റെ കുറ്റം! അതാണല്ലോ നമ്മുടെ ഒരു സ്റ്റൈല്‍.

കൈവെട്ട് പ്രഫസര്‍ക്ക് ലഭിച്ച ശിക്ഷയായി പരിഗണിച്ച് അദ്ദേഹത്തിന്‌ മാപ്പ് നല്‍കണമെന്ന് ചിലര്‍ വാദിക്കുന്നു. ഇതും ന്യായീകരിക്കത്തക്കതല്ല. കൈവെട്ടിയവര്‍ പ്രഫസറെ ശിക്ഷിക്കാന്‍ അധികാരമുള്ളവരായിരുന്നില്ല; അത് കൊണ്ട് അത് ശിക്ഷയല്ല; അക്രമമാണ്‌. അക്രമികള്‍ ശിക്ഷിക്കപ്പെടണം. അക്രമത്തിന്നിരയായ ആള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുകയും വേണം. അതാണ്‌ നീതിയുടെ താല്പര്യം.  അക്രമത്തെ ശിക്ഷയായി പരിഗണിക്കുന്നത് അക്രമിച്ചവരെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി ചിത്രീകരിക്കുന്നതിന്ന് തുല്യമായ നടപടിയാണ്‌. അങ്ങനെ വരുമ്പോള്‍ അവരെ ശിക്ഷിക്കുന്നതിന്നുള്ള ന്യായം നഷ്ടമാവുകയും ചെയ്യും.  അത്കൊണ്ട് പ്രവാചക നിന്ദയും കൈവെട്ടും തമ്മില്‍ കൂട്ടിക്കുഴക്കുന്നത് ശരിയല്ല.

ഇനി കൈവെട്ട് പ്രഫസര്‍ ജോസഫിന്ന് ലഭിച്ച ശിക്ഷയായി പരിഗണിക്കാതെനിരുപാധികം അദ്ദേഹത്തിന്ന് മാപ്പ് നല്‍കാന്‍ മുസ്‌ലിം സമുദായം തയ്യാറാകുമെങ്കില്‍ അത് മഹത്തായ, പ്രവാചക മാതൃക ഉയര്‍ത്തിപ്പിടിക്കുന്ന, ഒരു നടപടിയായിരിക്കും. ആ വഴിക്ക് ആലോചിക്കുന്നത് എന്ത് കൊണ്ടും വളരെ നല്ലത് തന്നെ. പക്ഷെ അദ്ദേഹം കുറ്റം സമ്മതിക്കുമ്പോള്‍ മാത്രമാണ്‌ മാപ്പിനെക്കുറിച്ച് ആലോചിക്കേണ്ടത്. ഇതിന്നദ്ദേഹം തയ്യാറല്ലെങ്കില്‍, പിന്നെ നല്ലത്, അദ്ദേഹം കുറ്റം ചെയ്തോ ഇല്ലേ എന്ന് കോടതി തീരുമാനിക്കട്ടെ എന്ന് വയ്ക്കുന്നതാണ്‌.

No comments: