Friday, September 10, 2010

ചോരപുരണ്ട കൈകളില്‍  മൌദൂദി കൃതി!

* റസൂലിനെ അവഹേളിച്ചയാള്‍ക്ക് ജമാഅത്തോ സോളിഡാരിറ്റിയോ രക്തം കൊടുത്തിട്ടില്ല; മറിച്ച് ഒരു മുസ്‌ലിം സംഘടനയാല്‍ അക്രമിക്കപെട്ട ഒരാള്‍ക്കാണ്‌ രക്തം കൊടുത്തത്. അദ്ദേഹം റസൂലിനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസ് കോടതിയിലുണ്ട്. അദ്ദേഹത്തെ ശിക്ഷിക്കേണ്ടത് കോടതിയാണ്‌. യൂനിവേഴ്സിറ്റി അദേഹത്തിന്‍റെ അംഗീകാരം ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയിരുന്നു; അദ്ദേഹത്തിന്‍റെ മാപ്പപേക്ഷയും കൈവെട്ടപെട്ടതും കണക്കിലെടുത്ത് അവര്‍ അംഗീകാരം തിരിച്ചു നല്‍കി. കോളേജധികൃതര്‍ അദ്ദേഹത്തെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചു വിട്ടു.  രാജ്യത്ത് നിലവിലുള്ള നിയമവാഴ്ച അനുസരിച്ച് ജീവിക്കാന്‍ കഴിയണം. നിയമം കയ്യിലെടുക്കുന്നത് അരാജകത്വം സൃഷ്ടിക്കും.
 അക്രമികള്‍ വെട്ടിയത് ജോസഫിന്‍റെ കയ്യാണെങ്കിലും, യഥാര്‍ത്ഥത്തില്‍ കൈ നഷ്ടപ്പെട്ടത് കൈവെട്ടിയവര്‍ക്ക് തന്നെയാണ്‌. കൈ വെട്ടപ്പെട്ടതില്‍ അതിന്നിരയായ ജോസഫ് ആശ്വാസം പ്രകടിപ്പിച്ചത് അറിയാമല്ലോ. കൈവെട്ടിന്‌ മുമ്പുള്ള അവസ്ഥ കടുത്ത ശിക്ഷയായി അദ്ദേഹത്തിന്‌ തോന്നിയിരുന്നുവെന്ന്. അതായിരുന്നു അദ്ദേഹം അര്‍ഹിച്ചിരുന്ന ശിക്ഷ; ജനാധിപത്യ രീതിയിലുള്ള ശിക്ഷ. അതില്‍ നിന്ന് കൈവെട്ടുകാര്‍ അദ്ദേഹത്തെ മോചിപ്പിച്ചു. അതോടെ പ്രവാചകനിന്ദയെന്ന കുറ്റം എല്ലാവരും മറന്നു. കൈവെട്ടിയ കുറ്റം മാത്രം എല്ലാവരുടെയും മനസ്സില്‍ ബാക്കിയാവുകയും ചെയ്തു. ആ കുറ്റം എല്ലാവരും ചേര്‍ന്ന് ഈ സമുദായത്തിന്‍റെയും മതത്തിന്‍റെയും വേദത്തിന്‍റെയും പ്രവാചകന്‍റെയും തലയില്‍ കെട്ടിവച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ അക്രമികള്‍ക്ക് സമാധാനമായി; അവരെകൊണ്ട് ഇതൊക്കെ ചെയ്യിക്കുന്ന അദൃശ്യരായ യജമാന്‌മാര്‍ക്ക് ഏറെ സന്തോഷവും.

* ഇസ്‌ലാമിന്‌  ഭീകരമുദ്ര ചാര്‍ത്താന്‍  ആവശ്യമായ തെളിവുകള്‍ നിര്‍മ്മിച്ചു കൊടുക്കന്നവരെ സഹായിക്കാന്‍ സയണിസവും ഫാഷിസവും സാമ്രാജ്യത്വവും ഒരു പോലെ സന്നദ്ധരായിരിക്കും എന്ന് തിരിച്ചറിയുക. ജമാഅത്തിനെ പോലെ ഇസ്‌ലാമിന്‍റെ സമഗ്രതയെ കുറിച്ച് സംസാരിക്കുന്നവരെ ലോകത്തിന്‍റെ എല്ലാ ഭാഗത്തും അവര്‍ നശിപ്പിക്കാന്‍ ശ്രമിക്കും. മൌദൂദിയുടെ ഗ്രന്‍ഥം വായിക്കുകയും അതോടൊപ്പം കൈവെട്ടുകയും തലവെട്ടുഅകയും ചെയ്യുന്നവരെ ഇന്ത്യയില്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍. ഇത് മൌദൂദിയെ ഭീകരനായി ചിത്രീകരിക്കാന്‍ വേണ്ടിയുള്ള തന്ത്രത്തിന്‍റെ ഭാഗമാണ്‌. എന്നാല്‍ മറ്റു
പലേടത്തുമെന്ന പോലെ ഇന്ത്യയിലും  ഈ തന്ത്രം പരാചയപ്പെടാനാണ്‌ സാധ്യത.

കൈവെട്ടു കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് മൌദൂദി സാഹിബിന്‍റെ പുസ്തകം കിട്ടിയത് കൊണ്ട് മാത്രം കാര്യമില്ല; ആ ബുക്കില്‍ തൊടുപുഴയില്‍ നടന്ന കൈവെട്ടിനെ അനുകൂലിക്കുന്ന പരാമര്‍ശം ഉണ്ടാകണം; അപ്പോഴേ മൌദൂദി ഭീകരനാവുകയുള്ളു. അതാകട്ടെ മൌദൂദി കൃതികളില്‍ കണ്ടെത്തുക അസാധ്യവും. അതായത് അക്രമത്തിന്‍റെ ചോര പുരണ്ട കയ്യില്‍ നിന്ന് മൌദൂദി കൃതി കണ്ടെടുക്കാന്‍ കഴിയുന്നത് ഏറ്റവും വലിയ വൈരുദ്ധ്യമാണ്‌. ഒന്നുകില്‍ അക്രമത്തിന്‍റെ ചോര; അല്ലെങ്കില്‍ മൌദൂദി കൃതി! രണ്ടിലൊന്നേ ഒരിടത്തുണ്ടാകാവൂ. ചോര അക്രമികളുടെ കയ്യിലിരിക്കട്ടെ; അക്രമികള്‍ അവര്‍ക്കൊരു തരത്തിലും ഉപകാരപ്പെടാത്ത മൌദൂദി കൃതികള്‍ ജമാഅത്ത് പ്രവര്‍ത്തകരെ ഏല്‍പ്പിക്കുക. അത് ഇരിക്കേണ്ടിടത്ത് ഇരിക്കട്ടെ. അത് കൈകാര്യം ചെയ്യാന്‍ അര്‍ഹതയുള്ളവര്‍ അത് കൈകാര്യം ചെയ്യട്ടെ.
കെ.കെ. ആലിക്കോയ 

No comments: