Monday, September 6, 2010

മതപരിത്യാഗിയുടെ ശിക്ഷ: മുജീബ്




"മതപരിത്യാഗിയുടെ ശിക്ഷ ഇസ്ലാമിക നിയമത്തില്‍ എന്നൊരു പുസ്തകം ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൌലാനാ മൌദൂദി എഴുതിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ ശാലയായ ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് മലയാളത്തിലാക്കി പ്രസിദ്ധീകരിച്ച അനേകം കൃതികളില്‍ ഈ പുസ്തകം ഇല്ല. സമാന സ്വഭാവമുള്ള മറ്റു ചില പുസ്തകങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടില്ല. ഇസ്ലാമില്‍നിന്നും മതം മാറുന്നവരെ വധിക്കണം എന്നാണ് ജമാഅത്ത് സ്ഥാപകന്‍ ആ പുസ്തകത്തില്‍ ആഹ്വാനം ചെയ്യുന്നത്. ഇന്ന് ജമാഅത്ത് നേതാക്കള്‍ മലയാളിക്ക് മുന്നില്‍ ആടുന്ന പ്രഛന്ന വേഷത്തെ പിച്ചിച്ചീന്തുന്നതാകും ആ ഗ്രന്ഥത്തിന്റെ വായന. ഇതര സംസ്ഥാനങ്ങളില്‍ മത രാഷ്ട്രവാദം പച്ചയായി പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ സവിശേഷ സാഹചര്യങ്ങളില്‍ എടുത്തണിഞ്ഞ കാപട്യത്തിന്റെ കുപ്പായമാണ് ദലിത്-ആദിവാസി-പരിസ്ഥിതി പ്രണയവും പുരോഗമന ഇടതുപക്ഷ നാട്യവും.''
'എന്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി എതിര്‍ക്കപ്പെടണം?' എന്ന തലക്കെട്ടില്‍ രണ്ടാഴ്ചക്കാലം നീണ്ടുനിന്ന ദേശാഭിമാനിയിലെ ലേഖന പരമ്പരയുടെ അവസാനം 'ജമാഅത്തെ ഇസ്ലാമിയും സി.പി.ഐ.എം നിലപാടും' എന്ന പിണറായി വിജയന്റെ ലേഖനത്തില്‍നിന്ന് (2010 ജൂലൈ 5 തിങ്കള്‍). മുജീബിന്റെ പ്രതികരണം?
സബിത റഫീഖ് കടലായി


സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി ആയുഷ്കാലത്തിനിടയില്‍ ഏകദേശം എഴുപത്തഞ്ചോളം കൃതികള്‍ എഴുതിയിട്ടുണ്ടെന്നാണ് കണക്ക്. അവയില്‍ ചിലത് ബൃഹദ് ഗ്രന്ഥങ്ങളാണ്. ആറു വാള്യങ്ങളുള്ള ഖുര്‍ആന്‍ വ്യാഖ്യാനം-തഫ്ഹീമുല്‍ ഖുര്‍ആന്‍- ഉദാഹരണം. ചിലത് സത്യസാക്ഷ്യം, രക്ഷാസരണി, ഇസ്ലാമും ജാഹിലിയ്യത്തും പോലുള്ള ലഘു കൃതികളും. ഇവയില്‍ ചിലത് ആനുകാലിക പ്രാധാന്യം മാത്രം ഉണ്ടായിരുന്നവയാണ്; ചിലത് കര്‍മശാസ്ത്ര പ്രധാനവും. ജമാഅത്തെ ഇസ്ലാമി ഹിന്ദ് മലയാള പ്രസിദ്ധീകരണ വിഭാഗം എല്ലാ കൃതികളും വിവര്‍ത്തനം ചെയ്ത് പുറത്തിറക്കേണ്ടത് ആവശ്യമായി കരുതിയില്ല. തഫ്ഹീമുല്‍ ഖുര്‍ആന്റെ ആറ് വാള്യങ്ങളും മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൌദൂദിയുടെ ഒട്ടുമിക്ക ആശയങ്ങളും അഭിപ്രായങ്ങളും അതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. പര്‍ദ, പലിശ പോലുള്ള കൃതികള്‍ അതിനാല്‍ വേറെ ഇറക്കേണ്ടത് അത്യാവശ്യമല്ല. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവ് അദ്ദേഹമായതുകൊണ്ട് അദ്ദേഹം എഴുതിയതും പറഞ്ഞതുമൊക്കെ സംഘടന അപ്പടി അംഗീകരിക്കുന്നു എന്നും അര്‍ഥമില്ല. പലതവണ അദ്ദേഹം തന്നെ വ്യക്തമാക്കിയപോലെ ഇസ്ലാമിക ശരീഅത്തിന്റെ വിശദാംശങ്ങളുമായും ദൈവശാസ്ത്ര സംബന്ധമായും ബന്ധപ്പെട്ട മൌദൂദിയുടെ വീക്ഷണങ്ങള്‍ ഒരിക്കലും സംഘടനയുടെ അഭിപ്രായങ്ങളല്ല. ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് അവയുമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. മറ്റു വിഷയങ്ങളിലും സ്വന്തം ഇജ്തിഹാദിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ വിമര്‍ശനാതീതമോ വേദവാക്യങ്ങള്‍ക്ക് തുല്യമോ അല്ല.
'മുര്‍ത്തദ്ദ് കീ സസാ ഇസ്ലാമീ ഖാനൂന്‍ മേ' (മതപരിത്യാഗിയുടെ ശിക്ഷ ഇസ്ലാമിക നിയമത്തില്‍) എന്ന കൃതി കര്‍മശാസ്ത്ര പ്രധാനമാണ്; ഭിന്നാഭിപ്രായത്തിന് വകയുള്ളതുമാണ്. എന്നാല്‍ മതപരിത്യാഗിയുടെ ശിക്ഷയെക്കുറിച്ച് നാല് സുന്നീ മദ്ഹബുകള്‍ക്കും ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയെപോലുള്ള സലഫി പണ്ഡിതന്മാര്‍ക്കുമുള്ള അഭിപ്രായത്തില്‍നിന്ന് ഭിന്നമായ യാതൊന്നും മൌദൂദിക്കില്ല. പിണറായി വിജയന്‍ ഇക്കാര്യം അറിയുന്നവനോ അറിയേണ്ടവനോ അല്ല. അദ്ദേഹം മുസ്ലിം മതേതര നാട്യക്കാര്‍ എഴുതുന്നതും പറയുന്നതും പകര്‍ത്തുകയേ ചെയ്തിട്ടുള്ളൂ. മുസ്ലിം പണ്ഡിതന്മാരുടെ സ്ഥിതി അതല്ല. സുന്നീ പണ്ഡിതന്മാര്‍ക്ക് അറിയാം ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലി മദ്ഹബുകളുടെ ഉപജ്ഞാതാക്കളും ആധികാരിക പണ്ഡിതന്മാരും എന്താണ് പറഞ്ഞിട്ടുള്ളത് എന്ന്. അതുപോലെ സലഫികള്‍ക്കും അസ്സലായറിയാം, അവരുടെ മുന്‍കാല പണ്ഡിതന്മാര്‍ ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. പക്ഷേ, എല്ലാവരും അര്‍ഥഗര്‍ഭമായ മൌനം പാലിക്കുകയും, ആക്രമിക്കപ്പെടുന്നത് മൌദൂദിയായതുകൊണ്ട് മിണ്ടാതിരിക്കുകയുമാണ്. മുസ്ലിം മതേതരവാദികള്‍ക്കും ഇക്കാര്യത്തില്‍ മൌദൂദിയെ വിമര്‍ശിക്കാന്‍ എല്ലാ സ്വാതന്ത്യ്രവുമുണ്ട്. പക്ഷേ, അവര്‍ കാണിക്കേണ്ട മിനിമം സത്യസന്ധത പ്രവാചകന്റെ കാലം മുതല്‍ മതപരിത്യാഗിയുടെ ശിക്ഷയെക്കുറിച്ച് രൂപപ്പെട്ട ഏകകണ്ഠമായ അഭിപ്രായത്തെ എതിര്‍ക്കുകയും തുടര്‍ന്ന് അത് തിരുത്തിപ്പറയാത്തതിന് മൌദൂദിയെ കുറ്റപ്പെടുത്തുകയുമാണ്. അവരതിന് തയാറാവാത്തത് അതോടെ ഇസ്ലാമിനെത്തന്നെ എതിര്‍ക്കുന്നവരായി അവര്‍ മുദ്രകുത്തപ്പെടും എന്ന ഭീതി നിമിത്തമാണ്. യഥാര്‍ഥത്തില്‍ ഒരു ഇസ്ലാമിക സ്റേറ്റ് നിലവില്‍ വന്ന ശേഷം അതിന്റെ ആദര്‍ശപരമായ അടിത്തറയെ ചോദ്യം ചെയ്യുന്നയാളെ, അയാള്‍ തെറ്റ് തിരുത്താന്‍ തയാറില്ലെങ്കില്‍ രാജ്യദ്രോഹിയായി കണക്കാക്കുകയും തദടിസ്ഥാനത്തില്‍ വധശിക്ഷക്കര്‍ഹനായി വിധിക്കുകയും ചെയ്യുന്നതാണ് മതപരിത്യാഗിയുടെ ശിക്ഷ എന്ന് വിശദീകരിക്കുകയാണ് മൌദൂദി ചെയ്തത്. കമ്യൂണിസ്റ് നാടുകളിലും ഇത്തരക്കാരെ രാജ്യദ്രോഹികളായി വിധിച്ച് വധിക്കുകയല്ലേ ചെയ്തതും ചെയ്യുന്നതും? ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യങ്ങളിലും വിഘടനവാദികള്‍ക്കും രാജ്യത്തിന്റെ പരമാധികാരം വെല്ലുവിളിക്കുന്നവര്‍ക്കും നല്‍കുന്ന ശിക്ഷ എന്താണ്? വധശിക്ഷ തന്നെയല്ലേ?
അതല്ലാതെ, പാകിസ്താനെ പോലുള്ള ഒരു രാജ്യം ഒരു സുപ്രഭാതത്തില്‍ സ്വയം ഇസ്ലാമിക് റിപ്പബ്ളിക്കായി പ്രഖ്യാപിച്ച് പിന്നീടവിടെ കഴിയുന്ന പൌരന്മാരാരെങ്കിലും ഇസ്ലാമില്‍നിന്ന് പുറത്തുപോയാല്‍ അവരെ മുര്‍ത്തദ്ദായി ഗണിച്ചു വധശിക്ഷക്ക് വിധേയമാക്കണമെന്ന് മൌദൂദിയും പറഞ്ഞിട്ടില്ല. ഏതാണ്ടെല്ലാ മുസ്ലിം മതപണ്ഡിതന്മാരുടെയും കണ്ണില്‍, പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള്‍ ഇസ്ലാമില്‍നിന്ന് പുറത്താണ് (അഹ്മദികളുടെ കണ്ണില്‍ മറ്റു മുസ്ലിംകളും അങ്ങനെതന്നെ). മൌദൂദിക്ക് പട്ടാളക്കോടതി വധശിക്ഷ വിധിക്കാന്‍ പോലും കാരണമായ കൃതിയാണ് 'ഖാദിയാനി പ്രശ്നം.' അതില്‍ പോലും അദ്ദേഹം എഴുതിയത് ഖാദിയാനികളെ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ച് ന്യൂനപക്ഷങ്ങള്‍ക്കുള്ള എല്ലാ അവകാശങ്ങളും അവര്‍ക്ക് അനുവദിക്കണം എന്നാണ്, കൊന്നുകളയണം എന്നല്ല. അഹ്മദിയ്യ മതത്തില്‍ വിശ്വസിക്കാനും അതിനായി പ്രവര്‍ത്തിക്കാനും അവര്‍ക്ക് സ്വാതന്ത്യ്രമുണ്ടെന്നര്‍ഥം. ഇസ്ലാമില്‍നിന്ന് പുറത്തുപോയില്ലെങ്കിലും ഒരാള്‍ ഇസ്ലാമിക സ്റേറ്റിനെതിരെ വിഘടനവാദമുയര്‍ത്തിയാല്‍ അയാള്‍ മുസ്ലിമായിരിക്കെത്തന്നെ വധശിക്ഷക്കര്‍ഹനാണെന്ന പൂര്‍വിക പണ്ഡിതന്മാരുടെ അഭിപ്രായവും ശ്രദ്ധേയമാണ്. ഇസ്ലാമിക രാഷ്ട്രത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ക്കുന്ന വിധം ഒരു കൂട്ടര്‍ പ്രവാചകനു ശേഷം സകാത്ത് നിഷേധികളായി രംഗപ്രവേശം ചെയ്തപ്പോള്‍ ഒന്നാം ഖലീഫ അബൂബക്കര്‍(റ) അവരോട് യുദ്ധം ചെയ്തതും ചരിത്ര സത്യമാണ്.
അതേയവസരത്തില്‍ കേവല മതപരിത്യാഗിക്ക് വധശിക്ഷ നല്‍കുന്നതിനെ ചില ആധുനിക പണ്ഡിതന്മാര്‍ എതിര്‍ക്കുന്നു. ഇസ്ലാം അനുവദിക്കുന്ന മതസ്വാതന്ത്യ്രത്തിന് അത് വിരുദ്ധമാണ് എന്നതാണ് ചൂണ്ടിക്കാട്ടുന്ന ന്യായം. പഠനവും പരിഗണനയും അര്‍ഹിക്കുന്ന വീക്ഷണമാണിത്.


<a href = "http://www.prabodhanam.net/Issues/14.8.2010/faq.html"> (പ്രബോധനം)  

1 comment:

CKLatheef said...

യൂണികോഡ് കണ്ടന്റുകള്‍ ഇവിടെ തന്നെ നല്‍കി വായിക്കാന്‍ സൗകര്യം നല്‍കുക. അതൊടൊപ്പം സ്രോതസിലേക്ക് ലിങ്കും നല്‍കുക.