മാസപ്പിറവി: തെറ്റും ശരിയും
ഖുര്‍ആന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചും നബി (സ) മാതൃക കാണിച്ചതുമനുസരിച്ചുമാണല്ലോ നാം കാലഗണന നടത്തേണ്ടത്.
ഖുര്‍ആന്‍ പറയുന്നു: 'ഹിലാലുകളെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: മനുഷ്യര്‍ക്കും ഹജ്ജിനുമുള്ള കാല സൂചികളാകുന്നു അവ.' (2/189)
നബി (സ) പറഞ്ഞു: ഹിലാല്‍ കാണുവോളം നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. ഹിലാല്‍ കാണുവോളം നിങ്ങള്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യരുത്. ഹിലാല്‍ കണ്ടാല്‍ നിങ്ങള്‍ നോമ്പ് നോല്‍ക്കുക. ഹിലാല്‍ കണ്ടാല്‍ നിങ്ങള്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക.
(അഹ്‌മദ് 9505)
ഈ പ്രമാണ വചനങ്ങളും നബിയുടെ നടപടിക്രമവുമനുസരിച്ച് നാം ചെയ്തുവരുന്നതിതാണ്:
നിലവിലുള്ള മാസം 29 ന്ന് സൂര്യാസ്തമയ വേളയില്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഹിലാല്‍ കണ്ടാല്‍ ആ സമയം മുതല്‍ അടുത്ത മാസം ആരംഭിച്ചതായി കണക്കാക്കുക.
ഏന്നാല്‍ ശാസ്ത്രമേറെ പുരോഗമിച്ച ഇക്കാലത്ത് മാസം നോക്കാന്‍ പോകേണ്ടതില്ലെന്നും കണക്ക് അവലംബിച്ചാല്‍ മതിയെന്നും ചിലര്‍ വാദിക്കുന്നു. നമസ്‌കാര സമയം നിര്‍ണ്ണയിക്കുന്നതിന്ന് കണക്ക് അവലംബിക്കുന്നത് തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ഈ വാദം സമൂഹത്തിലെ വലിയൊരു ഭാഗത്തെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ഇപ്പറയുന്നതിന്‍റെ പൊരുളറിഞ്ഞു കൊണ്ടല്ല പൊതു ജനം ഈ പ്രചരണത്തില്‍ വീഴുന്നത്. പഴഞ്ചന്‍, പ്രാകൃതം, എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നതിനോട് വെറുപ്പും അകല്‍ച്ചയും; കണക്ക്, ശാസ്ത്രീയം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നതിനോട് കമ്പവും തോന്നുക തോന്നുക സ്വാഭാവികമാണ്.
നബിയുടെ കാലത്ത് ചക്രവാളത്തില്‍ നോക്കി സൂര്യന്‍ മറഞ്ഞെന്ന് ബോധ്യമാകുമ്പോള്‍ മഗ്‌രിബ് ബാങ്ക് വിളിക്കുമായിരുന്നു. പിന്നീട് കണക്കനുസരിച്ച് നമസ്‌കാര സമയം തീരുമാനിക്കാന്‍ തുടങ്ങിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചതായി 'ദൃശ്യമാവുക' എപ്പോഴാണെന്ന് കണക്ക് കൂട്ടി കണ്ടു പിടിച്ചു. എന്നിട്ട് ആ സമയ വിവരപ്പട്ടിക നോക്കി ബാങ്ക് വിളിക്കാനും തുടങ്ങി. യഥാര്‍ത്ഥത്തില്‍ സൂര്യനസ്തമിക്കുന്നത് ഈ പട്ടികയില്‍ പറയുന്ന സമയത്തിന്‍റെ 8 മിനിറ്റ് 20 സെക്കന്‍റ് മുമ്പാണ്. അത് കണക്ക് കൂട്ടാന്‍ കഴിയാഞ്ഞിട്ടല്ല; പക്ഷെ അങ്ങനെ ചെയ്യാറില്ല; ആ സമയത്ത് ബാങ്ക് വിളിക്കാറുമില്ല.
ഈ മാതൃക അനുസരിച്ച് മാസപ്പിറവിയുടെ കാര്യത്തില്‍ കണക്ക് അവലംബിക്കാമെന്ന് വച്ചാല്‍ എന്താണ് ചെയ്യേണ്ടത്? നിലവിലുള്ള മാസം 29 ന്ന് സൂര്യന്‍ അസ്തമിച്ച ശേഷം ഹിലാല്‍ 'ദൃശ്യമാ'കുമോ എന്ന് കണക്ക് കൂട്ടണം. സൂര്യന്‍ അസ്തമിച്ച ശേഷം ഹിലാല്‍ ആകാശത്തുണ്ടായത് കൊണ്ട് മാത്രം അത് ദൃശ്യമാകണമെന്നില്ല. അത് കൊണ്ട് തന്നെ ഹിലാല്‍ ആകാശത്തുണ്ടാകുമോ എന്ന് പോലുമല്ല; അത് 'ദൃശ്യമാകുമോ' എന്ന് തന്നെയാണ് കണക്ക് കൂട്ടേണ്ടത്. നമസ്‌കാരസമയം നിര്‍ണ്ണയിക്കുന്ന അതേ മാതൃക മാസനിര്‍ണ്ണയത്തിന്നും അവലംബിക്കുന്നു എന്ന് വാദിക്കുന്നവര്‍ ഇതാണ് ചെയ്യേണ്ടത്.
എന്നാല്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യയുടെ ശൈലി ഖുര്‍ആനും ഹദീസും പഠിപ്പിച്ചതിന്ന് വിരുദ്ധമാണ്. അവര്‍ക്ക് ഹിലാല്‍ കാണണമെന്നില്ലെന്ന് മാത്രമല്ല; അസ്തമയ ശേഷം ഹിലാല്‍ ആകാശത്തുണ്ടാകുമോ എന്ന് പോലും പരിഗണിക്കേണ്ടതില്ലത്രെ. ഇത്തവണ (2010) അവര്‍ ഈദുല്‍ ഫിത്വ്‌ര്‍ ആഘോഷിക്കുക സെപ്റ്റമ്പര്‍ 9 ന്ന് വ്യാഴാഴ്ചയാണ്. ബുധനാഴ്ച സൂര്യനസ്തമിക്കുമ്പോള്‍ മാസപ്പിറവി കണ്ടെങ്കില്‍ മാത്രമേ വ്യഴാഴ്ച ഒന്നാം തിയ്യതി ആവുകയുള്ളൂ. അതാണ് നബിയുടെ നടപടിക്രമം.
ഒരിക്കല്‍ ഒരു ഗ്രാമീണന്‍ നബിയുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: 'ഞാന്‍ ഹിലാല്‍ കണ്ടിരിക്കുന്നു.'
നബി ചോദിച്ചു: അല്ലാഹുവല്ലാതെ ഒരു ഇലാഹില്ലെന്ന് നീ സാക്‌ഷ്യം വഹിക്കുന്നുണ്ടോ?
അദ്ദേഹം പറഞ്ഞു: അതെ.
വീണ്ടും നബി ചോദിച്ചു: മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാണെന്ന് നീ സാക്‌ഷ്യം വഹിക്കുന്നുണ്ടോ?
അദ്ദേഹം പറഞ്ഞു: അതെ.
നബി പറഞ്ഞു: ഓ ബിലാല്‍, അടുത്ത പകല്‍ നോമ്പനുഷ്ഠിക്കണമെന്ന് ജനങ്ങള്‍ക്കിടയില്‍ വിളമ്പരം ചെയ്യുക. (അബൂ ദാവൂദ് 1993)
എന്നാല്‍ ബുധനാഴ്ച കോഴ്ക്കോട്ട് സൂര്യനസ്തമിക്കുന്നതിന്‍റെ 10 മിനിറ്റ് (മക്കയില്‍ 10 മിനിറ്റ്) മുമ്പാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. അത് കൊണ്ട് തന്നെ അലി മണിക്ഫാന്‍ നേതൃത്വം നല്‍കുന്ന, ഹിജ്‌റ കമ്മിറ്റിക്കാരുടെ ശൈലി ഖുര്‍ആനിന്‍റെയോ നബി ചര്യയുടെയോ പിന്തുണയില്ലാത്ത പിഴച്ച വാദമാണ്.
അതേസമയം വ്യാഴാഴ്ച സൂര്യന്‍ അസ്തമിച്ച ശേഷം കോഴിക്കോട്ട് 38 മിനിറ്റ് (മക്കയില്‍ 34 മിനിറ്റ്) സമയം ഹിലാല്‍ ചക്രവാളത്തില്‍ ഉണ്ടാകും. അത് കാണാനും വെള്ളിയാഴ്ച പെരുന്നാളാകാനും സാധ്യതയുണ്ട്.
NB: 1. 1990 മുതല്‍ 2030 വരെയുള്ള ലോകത്തിന്‍റെ എല്ലാ ഭാഗത്തെയും സൂര്യ ചന്ദ്രന്‍മാരുടെ ഉദയാസ്തമയങ്ങളറിയാന്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക: http://www.timeanddate.com/worldclock/sunrise.html
2. 2010 സെപ്റ്റമ്പറിലെ കോഴിക്കോട്ടെ ഉദയാസ്തമയങ്ങള്‍ : സൂര്യന്‍: http://www.timeanddate.com/worldclock/astronomy.html?n=1895&month=9&year=2010&obj=sun&afl=-11&day=1
ചന്ദ്രന്‍: http://www.timeanddate.com/worldclock/astronomy.html?n=1895&month=9&year=2010&obj=moon&afl=-11&day=1
3. 2010 സെപ്റ്റമ്പറിലെ മക്കയിലെ ഉദയാസ്തമയങ്ങള്‍ : സൂര്യന്‍: http://www.timeanddate.com/worldclock/astronomy.html?month=9&year=2010&obj=sun&afl=-11&day=1&n=151
4. ആഗോളാടിസ്താനത്തില്‍ ഓരോ മാസവും ഹിലാല്‍ ദൃശ്യമാകുമോ എന്നതിനെക്കുറിച്ച് ശാസ്ത്രീയ പ്രവചനവും പിന്നീട് ദൃശ്യമാകുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടും ലഭിക്കാന്‍: http://www.moonsighting.com/
കെ.കെ. ആലിക്കോയ
No comments:
Post a Comment