Tuesday, September 7, 2010

പ്രവാചക വിമര്‍ശകന്‍മാര്‍: അന്നും ഇന്നും


പ്രവാചക വിമര്‍ശകന്‍മാര്‍: അന്നും ഇന്നും 
കെ.കെ. ആലിക്കോയ


(യുക്തിവാദി ഇ.എ. ജബ്ബാര്‍ അദ്ദേഹത്തിന്‍റെ 'സംവാദം' ബ്ളോഗില്‍ "'ഇസ്‌ലാം എങ്ങനെ പ്രചരിച്ചു'" എന്ന തലക്കെട്ടില്‍  ഇസ്‌ലാമിനെ വിമര്‍ശിച്ചു കൊണ്ടെഴുതിയ ചില കുറിപ്പുകള്‍ക്കയച്ച  മറുപടി.)

ജബ്ബാര്‍ എഴുതി: 
"മക്കക്കാര്‍ മുഹമ്മദിന്റെ മുമ്പില്‍ വെച്ച നിര്‍ദേശങ്ങള്‍ക്കോ ചോദ്യങ്ങള്‍ക്കോ യുക്തിസഹമായ ഒരു മറുപടിയും പറഞ്ഞില്ല എന്നു ഖുര്‍ ആന്‍ വായിച്ചാല്‍ തന്നെ ഏതൊരു സാധാരണ ബുദ്ധിക്കാരനും മ്മനസ്സിലാകും. 
പില്‍ക്കാല‍ത്ത് റദ്ദാക്കി എന്നു പറയുന്ന “കാഫിറൂന്‍” എന്ന അധ്യായം ഇറങ്ങിയതിന്റെ പശ്ചാതലം ഒന്നു വായിച്ചു നോക്കൂ. എത്ര ന്യായവും യുക്തിഭദ്രവുമായ നിര്‍ദേശമാണ് ഖുറൈശികള്‍ മുന്നോട്ടു വെച്ചത്."

ഇത് വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ ചില ചോദ്യങ്ങള്‍: 

1. 
ബുദ്ധിപരമായി മുഹമ്മദ് നബിയെ തോല്‍പ്പിക്കാന്‍ പോന്നവയായിരുന്നു എതിരാളികളുന്നയിച്ച വാദങ്ങളെന്ന് താങ്കള്‍ കരുതുന്നുണ്ടോ? 
2. 
ആശയപരമായി നബിയെ നേരിടാന്‍ അവര്‍ ഉന്നയിച്ച വാദങ്ങള്‍ എന്തെല്ലാമായിരുന്നു?
3. 
ഇവയില്‍ ഏതാണ്‌ ഖുര്‍ആന്‍ അല്ലെങ്കില്‍ മുഹമ്മദ് നബി മറുപടി പറയാതെ വിട്ടുകളഞ്ഞത്?
4. 
നബിയോ എതിരാളികളോ ആരായിരുന്നു സംവാദത്തില്‍ ജയിച്ചു നിന്നത്?
5. 
സംവാദങ്ങളില്‍ നബി തോല്‍ക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍,  നബി മക്കയിലായിരിക്കെ തന്നെ ഇസ്‌ലാമിന്‍റെ അംഗസംഗ്യ വര്‍ദ്ധിക്കാന്‍ കാരണമെന്തായിരുന്നു?
6. 
സംവാദങ്ങളില്‍ നബി തോല്‍ക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍, കഠിനമായ പീഡനങ്ങള്‍  സഹിച്ചൂം  മക്കയിലെ വിശ്വാസികള്‍  ഇസ്‌ലാമില്‍ ഉറച്ച് നില്‍ക്കാന്‍ കാരണമെന്തായിരുന്നു?
7. 
സംവാദത്തില്‍ നബി തോറ്റുകൊണ്ടിരിക്കുകയാണ്‌ ചെയ്തിരുന്നതെങ്കില്‍ പരലോക ശിക്ഷയെക്കുറിച്ചുള്ള താക്കീത് അവര്‍ പേടിക്കുമായിരുന്നു എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
8. 
ഇഹലോകത്ത് വച്ച് എന്തെങ്കിലും ചെയ്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ്‌ മക്കയിലെ ചിലരെ നബി മതം മാറ്റുകയും, ഇസ്‌ലാമില്‍ തന്നെ അവരെ പിടിച്ചു നിറുത്തുകയും ചെയ്തത് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?


ജബ്ബാര്‍ എഴുതി: 
" പില്‍ക്കാല‍ത്ത് റദ്ദാക്കി എന്നു പറയുന്ന “കാഫിറൂന്‍” എന്ന അധ്യായം ഇറങ്ങിയതിന്റെ പശ്ചാതലം ഒന്നു വായിച്ചു നോക്കൂ."

മറുപടി: അബ്ദുല്ലയും ഭാസ്‌കരനും നല്ല സുഹൃത്തുക്കളാണ്‌. ഒരിക്കല്‍ അവര്‍ തമ്മില്‍ തെറ്റി. പരസ്പരം പലതും വിളിച്ചു പറഞ്ഞു. ഭാസ്‌കരന്‍ തോല്‍ക്കുമെന്നായപ്പോള്‍ അവന്‍ ഒരു തന്ത്രം പ്രയോഗിച്ചു. 'എടോ അബ്ദുല്ലാ, ഞാന്‍ ഇപ്പോള്‍ പറഞ്ഞതും അതിലപ്പുറവും പറയും, പക്ഷെ നീ കരുതി സംസാരിച്ചോ. കാരണം എനിക്ക് കാഫറായിപ്പോകുന പേടിയില്ല.'
സൂറഃ അല്‍ കാഫിറൂന്‍ അവതരിക്കാന്‍ ഇടയായ സാഹചര്യം ഓര്‍മ്മിപ്പിച്ചപ്പോള്‍ എനിക്കിതാണ്‌ ഓര്‍മ്മ വന്നത്. 
അതായത് കാഫിറായിപ്പോകുമെന്ന് പേടിക്കേണ്ടതില്ലാത്തവര്‍ക്ക് മാത്രം സ്വീകരിക്കാന്‍  കഴിയുന്ന ഒരു നിര്‍ദ്ദേശമായിരുന്നു അവര്‍ മുമ്പോട്ട് വച്ചത്.
നബി അതംഗീകരിച്ചിരുന്നുവെങ്കില്‍ യുക്തിവാദികള്‍ക്ക് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ വേറെ ഒരു പോയിന്‍റും ആവശ്യമുണ്ടാകുമായിരുന്നില്ല.

ജബ്ബാര്‍ എഴുതി:
 "പില്‍ക്കാല‍ത്ത് റദ്ദാക്കി എന്നു പറയുന്ന “കാഫിറൂന്‍” എന്ന അധ്യായം..." 
മറുപടി: ഇപ്പോള്‍ ഖുര്‍ആനില്‍ കാഫിറൂന്‍ എന്ന് പേരുള്ള ഒരദ്ധ്യായം ഉണ്ട്. 109-ആമത്തെ അദ്ധ്യായം. 
ചോദ്യം: 
1. 
കാഫിറൂന്‍ എന്ന അദ്ധ്യായം ആരാണ്‌ പില്‍ക്കാലത്ത് റദ്ദാക്കിയത്?
2. 
റദ്ദാക്കിയെന്ന വിവരം എവിടെ നിന്നാണ്‌ താങ്കള്‍ക്ക് കിട്ടിയത്?
3. 
ഖുര്‍ആനിലെ ഒരദ്ധ്യായം റദ്ദാക്കാന്‍ ആര്‍ക്കാണ്‌ അധികാരമുള്ളത്?
4. 
ഖുര്‍ആനിലെ ഒരദ്ധ്യായം ആരെങ്കിലും റദ്ദാക്കിയാല്‍ അത് റദ്ദായതായി താങ്കള്‍ കണക്കാക്കുന്നുണ്ടോ?
5. 
മനഃപൂര്‍വ്വം തെറ്റിദ്ധാരണ പരത്തലല്ലാത്ത വല്ല ഉദ്ദേശ്യവും ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഉള്ളതായി തെളിയിക്കാമോ?

'ഇസ്‌ലാം എങ്ങനെ പ്രചരിച്ചു' എന്ന കുറിപ്പ് വായിച്ചു. പതിവ്പോലെ ഇതിലും ഇസ്‌ലാം വിരുദ്ധത നുരഞ്ഞ് പൊങ്ങുന്നത് കാണാം. ഓരോ പരാമര്‍ശങ്ങളായെടുത്ത് പരിശോധിക്കാം:
1. '
മക്കക്കാര്‍ മുഹമ്മദിന്‍റെ പ്രവാചകത്വത്തെ എതിര്‍ത്തെങ്കിലും കായികമായല്ല; ആശയപരമായാണ്‌ എതിര്‍ത്തത്.' 
മറുപടി: മുഹമ്മദ് നബി മുമ്പോട്ട് വച്ച ആശയങ്ങളെ ആശയപരമായി നേരിടാന്‍ അവര്‍ തീര്‍ത്തും അശക്തരായിരുന്നു. അവര്‍ വല്ലാതെയൊന്നും അതിന്ന് മുതിര്‍ന്നിട്ടുമില്ല. കാരണം മുഹമ്മദ് നബി മുമ്പോട്ട് വച്ച ഏക ദൈവ വിശ്വാസം അവര്‍ അംഗീകരിച്ചില്ലെങ്കിലും അതവരെ വല്ലാതെ സ്വാധീനിച്ചിരുന്നു. 
തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങള്‍ തങ്ങളുടെ ലക്‌ഷ്യമല്ല; സാക്ഷാല്‍ ലക്‌ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗം മാത്രമാണ്‌; ആ സക്ഷാല്‍ ലക്‌ഷ്യം അല്ലാഹുവാണ്‌ 
എന്ന് പറയുമ്പോള്‍ തന്നെ അവര്‍ ആശയപരമായി മുഹമ്മദ് നബിക്ക് മുമ്പില്‍ ദുര്‍ബലരാവുകയാണ്‌ ചെയ്യുന്നത്. അവരുടെ വാക്ക് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: 1. 'ഇവര്‍ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ ഇവരെ ആരാധിക്കുന്നത്. (39/3)
2. "
ഇവര്‍ അല്ലാഹുവിങ്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാകുന്നു." (10/18)
ഹജ്ജ് വേളയില്‍ അവര്‍ ചൊല്ലിയിരുന്ന മന്ത്രത്തില്‍ നിന്ന്: 'ആ ദൈവങ്ങളുടെ ഉടമസ്ഥതയിലുള്ളതിന്‍റെയും സാക്ഷാല്‍ ഉടമസ്ഥന്‍ നീയാണെന്നാണ്‌' അവര്‍ അല്ലാഹുവിനോട് പറഞ്ഞിരുന്നത്. നീയാണ്‌ (അല്ലാഹു) ഞങ്ങളുടെ ലക്‌ഷ്യമെന്നും പറഞ്ഞിരുന്നു. ഇതൊക്കെ പറയുനവര്‍ക്ക് ആശയപരമായി ഇസ്‌ലാമിന്‍റെ ഏക ദൈവ സങ്കല്‍പ്പത്തെ നേരിടാന്‍ കഴിഞ്ഞിരുന്നുവെന്ന് വാദിക്കാന്‍ അസാമാന്യമായ തൊലിക്കട്ടി തന്നെ വേണം. ഇസ്‌ലാം വിരോധം വല്ലാതെ തലക്ക് പിടിച്ചാല്‍ തൊലിക്കട്ടി വര്‍ദ്ധിക്കുമായിരിക്കും.
(
ആത്മീയമായി താഴ്ന്ന നിലവാരത്തിലുള്ളര്‍ക്കാണ്‌ വിഗ്രഹ സങ്കല്‍പ്പമെന്നും ഉയര്‍ന്ന നിലവാരത്തിലുള്ളവര്‍ വിഗ്രഹാരാധന നടത്താറില്ലെന്നുമുള്ള ഹൈന്ദവ കാഴ്ചപ്പാട് ഇതോട് ചേര്‍ത്ത് വായിക്കുക.)
തങ്ങളുടെ വിഗ്രഹാരാധനയില്‍ കടിച്ചു തൂങ്ങാന്‍ അവര്‍ക്കുണ്ടായിരുന്ന ന്യായം ഇത് പാരമ്പര്യമായി കിട്ടിയതാണ്‌ എന്ന വാദമായിരുന്നു. ഇസ്‌ലാമിനെ ആശയപരമായി നേരിടാന്‍ ഇത് മതിയോ?പിന്നെ ശാരീരികമായ എതിര്‍പ്പ്. പ്രവാചകന്ന് പ്രബലരായ രണ്ട് പിന്തുണക്കാരുണ്ടായിരുന്നു, ഒന്ന്: പിതൃവ്യന്‍ അബൂ താലിബ്. രണ്ട്: ഭാര്യ ഖദീജ. ഇത് നബിക്ക് താങ്ങും തണലുമായിരുന്നു. എന്നിട്ടും നിരവധി അധിക്ഷേപങ്ങള്‍ കേട്ടിട്ടുണ്ട്. അദ്ദേഹം നടക്കുന വഴിയില്‍ മുള്ള്‌ വിതറാറുണ്ടായിരുന്നു, വീട്ടിലേക്ക് മാലിന്യം എറിയാറുണ്ടായിരുന്നു. കഴുത്തില്‍ ഒട്ടകത്തിന്‍റെ കുടല്‍ മാല ഇട്ടിട്ടുണ്ട്. മൂന്ന് വര്‍ഷക്കാലം മക്കയില്‍ നിന്ന് ബഹിഷ്കരിക്കപെട്ടിട്ടുണ്ട്. ഇതില്‍ വിശ്വാസികള്‍ മാത്രമല്ല; വിശ്വാസികളെ സഹായികാന്‍ തയ്യാറായ അവിശ്വാസികളും ഉള്‍പ്പെട്ടിരുന്നു. ഇതെല്ലം സംഭവിച്ചത് മേല്‍ പറഞ്ഞ രണ്ട് പേരും ജീവിച്ചിരിക്കെ ആയിരുന്നു. ഇവരുടെ മരണ ശേഷം ശത്രുക്കള്‍ നബിക്കെതിരെ ഗൂഢാലോചന നടത്തി. നബിയെ പിടികൂടി തടവുകാരനാക്കുക അല്ലെങ്കില്‍ നാട് കടത്തുക അല്ലെങ്കില്‍ കൊന്ന് കളയുക ഇതായിരുന്നു ആലോചനയില്‍ തെളിഞ്ഞത്. അവസാനം കൊന്ന് കളയാനുള്ള തീരുമാനത്തില്‍ അവര്‍ ഉറച്ചു നിന്നു. (ഖുര്‍ആന്‍ 8/30 കാണുക) ഈ ഘട്ടത്തിലാണ്‌ നബി മദീനയിലേക്ക് പലായനം ചെയ്തത്. 
പ്രവാചകന്‍റെ അനുയായികളില്‍ പലരും കഠിനമായ പലതരം പീഡനങ്ങള്‍ക്കിരയായിട്ടുണ്ട്. കഴുത്തില്‍ കയറ്‌ കെട്ടി മണലിലൂടെ വലിച്ചിഴക്കുക, നെഞ്ചില്‍ പാറക്കല്ല്‌ കയറ്റിവയ്കുക, ചാട്ടവാറടിക്കുക, ചുട്ടു പഴുപ്പിച്ച ഇരുമ്പ് ദേഹത്ത് വച്ച് പൊള്ളിക്കുക, വെയിലില്‍ മണിക്കൂറുകളോളം കിടത്തുക, ശൈത്യ കാലത്ത് രാത്രിയില്‍ തുറന്ന സ്ഥലത്ത് കെട്ടിയിടുക, ദിവസങ്ങളോളം പട്ടിണിക്കിടുക ഇങ്ങനെ പലതും അവര്‍ അനുഭവിച്ചിട്ടുണ്ട്. കണ്ണീരും രക്തവും അവരൊരു പാട് ഒഴുക്കിയിട്ടുണ്ട്. ഒന്നാമതായി സുമയ്യയും രണ്ടാമതായി അവരുടെ ഭര്‍ത്താവ് യാസിറും രക്തസാക്ഷികളായിട്ടുമുണ്ട്. അനുയായികളേല്‍ക്കുന്ന മര്‍ദ്ദനങ്ങള്‍ അവരെ സ്നേഹിക്കുന്ന ഒരു നേതാവിന്ന് സ്വന്തം ദേഹത്തേല്‍ക്കുന മര്‍ദ്ദനങ്ങളേക്കാള്‍ അസഹ്യമായിരിക്കും. 
ഇസ്‌ലാമിന്‍റെ ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ എതിരാളികള്‍ക്ക് കഴിയാതെ വന്നപ്പോഴാണ്‌ അവര്‍ പ്രവാചകനെയും മുസ്‌ലിംകളെയും ശാരീരികമായി നേരിട്ടത്. അങ്ങനെ അത് മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പലായനത്തില്‍ കലാശിച്ചു. അവിടെയും നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്ന ഘട്ടത്തില്‍ ശത്രുക്കളെത്തിയപ്പോള്‍ അവരോട് പ്രവാചകന്ന് യുദ്ധം ചെയ്യേണ്ടി വന്നു. ഇതാണ്‌ വസ്തുത.

പിന്നെ മക്കക്കാരുടെ സംസ്കാരം അത് ഇപ്പോഴിവിടെ ചര്‍ച്ച ചെയ്യുന്നില്ലെങ്കിലും ഒരു കാര്യം സൂചിപ്പിക്കണമെന്നുണ്ട്. മക്കാക്കാര്‍ മുഹമ്മദ് നബിയെ തിരസ്‌കരിച്ചത് കൊണ്ട് മാത്രമാണ്‌ അവരുടെ സംസ്കാരം ഉന്നതമാണെന്ന് ജബ്ബാര്‍ വാദിക്കുന്നത്. നേരെ മറിച്ച് മദീനക്കാര്‍ നബിയെ സ്വീകരിച്ചവരാണല്ലോ. അവരെക്കുറിച്ചുള്ള ഇദ്ദേഹത്തിന്‍റെ വീക്ഷണം കാണുക: "അതില്‍ മദീനയിലെ ചില അപരിഷ്കൃത ഗോത്രങ്ങളാണു മുഹമ്മദിനെ സ്വീകരിക്കാന്‍ തയ്യാറായത്."
ഫോര്‍മുല വ്യക്തമായില്ലേ? 
* 
മുഹമ്മദിനെ തിരസ്കരിച്ചവര്‍ വളരെ ഉന്നത സംസ്കാരമുള്ളവര്‍. 
* 
മുഹമ്മദിനെ സ്വീകരിച്ചവരോ അപരിഷ്കൃതര്‍. 
ഇനി അറേബ്യയിലോ സമീപപ്രദേശങ്ങളിലോ ഉള്ള മറ്റ് ജനങ്ങളെ വിലയിരുത്തേണ്ടി വരുമ്പോള്‍ ഈ ഫോര്‍മുല ഓര്‍മ്മിച്ചാല്‍ മതിയാകും. ഇതാണത്രെ യുക്തിവാദം.





To read the Quran: thafheem.net

മാസപ്പിറവി: തെറ്റും ശരിയും

മാസപ്പിറവി: തെറ്റും ശരിയും

ഖുര്‍ആന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചും നബി (സ) മാതൃക കാണിച്ചതുമനുസരിച്ചുമാണല്ലോ നാം കാലഗണന നടത്തേണ്ടത്.
ഖുര്‍ആന്‍ പറയുന്നു: 'ഹിലാലുകളെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: മനുഷ്യര്‍ക്കും ഹജ്ജിനുമുള്ള കാല സൂചികളാകുന്നു അവ.' (2/189)
നബി (സ) പറഞ്ഞു: ഹിലാല്‍  കാണുവോളം നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. ഹിലാല്‍ കാണുവോളം നിങ്ങള്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യരുത്. ഹിലാല്‍ കണ്ടാല്‍ നിങ്ങള്‍ നോമ്പ് നോല്‍ക്കുക. ഹിലാല്‍ കണ്ടാല്‍ നിങ്ങള്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക.
(അഹ്‌മദ് 9505)

ഈ പ്രമാണ വചനങ്ങളും  നബിയുടെ നടപടിക്രമവുമനുസരിച്ച്  നാം ചെയ്തുവരുന്നതിതാണ്‌:
നിലവിലുള്ള മാസം 29 ന്ന് സൂര്യാസ്തമയ വേളയില്‍  പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഹിലാല്‍ കണ്ടാല്‍ ആ സമയം മുതല്‍ അടുത്ത മാസം ആരംഭിച്ചതായി കണക്കാക്കുക.
ഏന്നാല്‍ ശാസ്ത്രമേറെ പുരോഗമിച്ച ഇക്കാലത്ത് മാസം നോക്കാന്‍ പോകേണ്ടതില്ലെന്നും കണക്ക് അവലംബിച്ചാല്‍ മതിയെന്നും ചിലര്‍ വാദിക്കുന്നു. നമസ്‌കാര സമയം നിര്‍ണ്ണയിക്കുന്നതിന്ന് കണക്ക് അവലംബിക്കുന്നത് തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ഈ വാദം സമൂഹത്തിലെ വലിയൊരു ഭാഗത്തെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ഇപ്പറയുന്നതിന്‍റെ പൊരുളറിഞ്ഞു കൊണ്ടല്ല പൊതു ജനം ഈ പ്രചരണത്തില്‍ വീഴുന്നത്. പഴഞ്ചന്‍, പ്രാകൃതം, എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നതിനോട് വെറുപ്പും അകല്‍ച്ചയും;  കണക്ക്, ശാസ്ത്രീയം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നതിനോട് കമ്പവും തോന്നുക തോന്നുക സ്വാഭാവികമാണ്‌.

നബിയുടെ കാലത്ത് ചക്രവാളത്തില്‍ നോക്കി സൂര്യന്‍ മറഞ്ഞെന്ന് ബോധ്യമാകുമ്പോള്‍ മഗ്‌രിബ് ബാങ്ക് വിളിക്കുമായിരുന്നു. പിന്നീട് കണക്കനുസരിച്ച് നമസ്‌കാര സമയം തീരുമാനിക്കാന്‍ തുടങ്ങിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചതായി 'ദൃശ്യമാവുക' എപ്പോഴാണെന്ന് കണക്ക് കൂട്ടി കണ്ടു പിടിച്ചു. എന്നിട്ട് ആ സമയ വിവരപ്പട്ടിക നോക്കി ബാങ്ക് വിളിക്കാനും തുടങ്ങി. യഥാര്‍ത്ഥത്തില്‍ സൂര്യനസ്തമിക്കുന്നത് ഈ പട്ടികയില്‍ പറയുന്ന സമയത്തിന്‍റെ 8 മിനിറ്റ് 20 സെക്കന്‍റ്‌ മുമ്പാണ്‌. അത് കണക്ക് കൂട്ടാന്‍ കഴിയാഞ്ഞിട്ടല്ല; പക്ഷെ അങ്ങനെ ചെയ്യാറില്ല; ആ സമയത്ത് ബാങ്ക് വിളിക്കാറുമില്ല. 
ഈ മാതൃക അനുസരിച്ച് മാസപ്പിറവിയുടെ കാര്യത്തില്‍ കണക്ക് അവലംബിക്കാമെന്ന് വച്ചാല്‍ എന്താണ്‌ ചെയ്യേണ്ടത്? നിലവിലുള്ള മാസം 29 ന്ന് സൂര്യന്‍ അസ്തമിച്ച ശേഷം ഹിലാല്‍ 'ദൃശ്യമാ'കുമോ എന്ന് കണക്ക് കൂട്ടണം. സൂര്യന്‍ അസ്തമിച്ച ശേഷം ഹിലാല്‍ ആകാശത്തുണ്ടായത് കൊണ്ട് മാത്രം അത് ദൃശ്യമാകണമെന്നില്ല. അത് കൊണ്ട് തന്നെ ഹിലാല്‍ ആകാശത്തുണ്ടാകുമോ എന്ന് പോലുമല്ല; അത് 'ദൃശ്യമാകുമോ' എന്ന് തന്നെയാണ്‌ കണക്ക് കൂട്ടേണ്ടത്. നമസ്‌കാരസമയം നിര്‍ണ്ണയിക്കുന്ന അതേ മാതൃക മാസനിര്‍ണ്ണയത്തിന്നും അവലംബിക്കുന്നു എന്ന് വാദിക്കുന്നവര്‍ ഇതാണ്‌ ചെയ്യേണ്ടത്.

എന്നാല്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യയുടെ ശൈലി ഖുര്‍ആനും ഹദീസും പഠിപ്പിച്ചതിന്ന്  വിരുദ്ധമാണ്‌. അവര്‍ക്ക് ഹിലാല്‍ കാണണമെന്നില്ലെന്ന് മാത്രമല്ല; അസ്തമയ ശേഷം ഹിലാല്‍ ആകാശത്തുണ്ടാകുമോ എന്ന് പോലും പരിഗണിക്കേണ്ടതില്ലത്രെ. ഇത്തവണ (2010) അവര്‍ ഈദുല്‍ ഫിത്വ്‌ര്‍ ആഘോഷിക്കുക സെപ്റ്റമ്പര്‍ 9 ന്ന് വ്യാഴാഴ്ചയാണ്‌. ബുധനാഴ്ച സൂര്യനസ്തമിക്കുമ്പോള്‍ മാസപ്പിറവി കണ്ടെങ്കില്‍ മാത്രമേ വ്യഴാഴ്ച ഒന്നാം തിയ്യതി ആവുകയുള്ളൂ. അതാണ്‌ നബിയുടെ നടപടിക്രമം.
ഒരിക്കല്‍ ഒരു ഗ്രാമീണന്‍ നബിയുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: 'ഞാന്‍ ഹിലാല്‍ കണ്ടിരിക്കുന്നു.'
നബി ചോദിച്ചു: അല്ലാഹുവല്ലാതെ ഒരു ഇലാഹില്ലെന്ന് നീ സാക്‌ഷ്യം വഹിക്കുന്നുണ്ടോ?
അദ്ദേഹം പറഞ്ഞു: അതെ.
വീണ്ടും നബി ചോദിച്ചു: മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാണെന്ന് നീ സാക്‌ഷ്യം വഹിക്കുന്നുണ്ടോ?
അദ്ദേഹം പറഞ്ഞു: അതെ.
നബി പറഞ്ഞു: ഓ ബിലാല്‍, അടുത്ത പകല്‍ നോമ്പനുഷ്ഠിക്കണമെന്ന്  ജനങ്ങള്‍ക്കിടയില്‍ വിളമ്പരം ചെയ്യുക. (അബൂ ദാവൂദ് 1993)
എന്നാല്‍ ബുധനാഴ്ച കോഴ്ക്കോട്ട് സൂര്യനസ്തമിക്കുന്നതിന്‍റെ 10 മിനിറ്റ് (മക്കയില്‍ 10 മിനിറ്റ്) മുമ്പാണ്‌ ചന്ദ്രന്‍ അസ്തമിക്കുന്നത്. അത് കൊണ്ട് തന്നെ അലി മണിക്ഫാന്‍ നേതൃത്വം നല്‍കുന്ന, ഹിജ്‌റ കമ്മിറ്റിക്കാരുടെ ശൈലി ഖുര്‍ആനിന്‍റെയോ നബി ചര്യയുടെയോ പിന്തുണയില്ലാത്ത പിഴച്ച വാദമാണ്‌.

അതേസമയം വ്യാഴാഴ്ച സൂര്യന്‍ അസ്തമിച്ച ശേഷം കോഴിക്കോട്ട് 38 മിനിറ്റ് (മക്കയില്‍ 34 മിനിറ്റ്) സമയം ഹിലാല്‍ ചക്രവാളത്തില്‍ ഉണ്ടാകും. അത് കാണാനും വെള്ളിയാഴ്ച പെരുന്നാളാകാനും സാധ്യതയുണ്ട്.

NB: 1. 1990 മുതല്‍ 2030 വരെയുള്ള ലോകത്തിന്‍റെ എല്ലാ ഭാഗത്തെയും സൂര്യ ചന്ദ്രന്‍മാരുടെ ഉദയാസ്തമയങ്ങളറിയാന്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക: http://www.timeanddate.com/worldclock/sunrise.html

2. 2010 സെപ്റ്റമ്പറിലെ കോഴിക്കോട്ടെ ഉദയാസ്തമയങ്ങള്‍ : സൂര്യന്‍: http://www.timeanddate.com/worldclock/astronomy.html?n=1895&month=9&year=2010&obj=sun&afl=-11&day=1

3. 2010 സെപ്റ്റമ്പറിലെ മക്കയിലെ ഉദയാസ്തമയങ്ങള്‍ : സൂര്യന്‍: http://www.timeanddate.com/worldclock/astronomy.html?month=9&year=2010&obj=sun&afl=-11&day=1&n=151

4. ആഗോളാടിസ്താനത്തില്‍ ഓരോ മാസവും ഹിലാല്‍ ദൃശ്യമാകുമോ എന്നതിനെക്കുറിച്ച് ശാസ്ത്രീയ പ്രവചനവും പിന്നീട് ദൃശ്യമാകുന്നത്  സംബന്ധിച്ച റിപ്പോര്‍ട്ടും ലഭിക്കാന്‍:  http://www.moonsighting.com/

കെ.കെ. ആലിക്കോയ

എലിയെ പേടിച്ച് ഇല്ലം ചുടരുത്

ആധുനിക ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും വളര്‍ച്ചയും അത് മൂലം   മനുഷ്യ സമൂഹത്തിനുണ്ടായ നേട്ടങ്ങളും എടുത്ത് പറയത്തക്കത് തന്നെ. ഇപ്പോള്‍ എത്ര എളുപ്പത്തിലാണ്‌ നാം ഈ ബ്ലോഗിലൂടെ ആശയസംവാദം നടത്തുന്നത്? ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് സാധിക്കുമായിരുന്നില്ലാല്ലോ.
എന്നാല്‍ ശാസ്ത്രത്തിന്‍റെ വളര്‍ച്ചയോടെ മൂല്യ ബോധം വളര്‍ന്നു എന്ന് പറയുന്നത് ശരിയല്ല. മനുഷ്യന്‍ പണ്ടേപോലെ തന്നെയാണ്‌ മൂല്യ ബോധത്തിന്‍റെ കാര്യത്തില്‍ ഇപ്പോഴുമുള്ളത്. ഒരു പാശ്ചാത്യ ചിന്തകന്‍ പറഞ്ഞത്: 'മനുഷ്യന്‍ ആകാശത്തില്‍ പറവകളെ പോലെ പറക്കാന്‍ പഠിച്ചിട്ടുണ്ട്; സമുദ്രത്തില്‍ മല്‍സ്യത്തെ പോലെ ഊളിയിടാനും പഠിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യനെ പോലെ ഭൂമിയില്‍ ജീവിക്കാന്‍ മാത്രം അവന്‍ പഠിച്ചിട്ടില്ല.' എന്നാണ്‌. ഇത് തന്നെയല്ലേ സത്യം?
മതങ്ങല്‍ മനുഷ്യന്‍റെ സ്വൈര ജീവിതം തകര്‍ക്കുന്നില്ല. മതമൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താത്തവര്‍ മാത്രമേ മനുഷ്യനെ ദ്രോഹിക്കുകയുള്ളു. ഒരു നല്ല മത വിശ്വാസി ഒരു നല്ല മനുഷ്യനായിരിക്കും. ഒരു സംശയവും വേണ്ട. മറിച്ച് സംഭവിക്കുന്നുവെങ്കില്‍ അയാള്‍ മതം ഉള്‍ക്കൊണ്ടിട്ടില്ലാത്തവനായിരിക്കും; അല്ലെങ്കില്‍ കപടനായിരിക്കാം. കുഴപ്പം മതത്തിന്‍റേതല്ല; വ്യക്തിയുടേതണ്‌. ദൈവപ്രീതി കാംക്ഷിച്ചു നന്‍മ ചെയ്യുന്നവരും ദൈവകോപം ഭയന്ന് തിന്‍മ ചെയ്യാത്തവരും  നിരവധിയുണ്ട്. അവരുടെ മത ബോധം ഇല്ലാതായാല്‍ എന്താണ്‌ സംഭവിക്കുക എന്നാലോചിച്ചു നോക്കൂ.
ഇപ്പോള്‍ മുസ്‌ലിംകള്‍ വ്രതാനുഷ്ഠാനത്തിലാണ്‌. പട്ടിണി കിടക്കുകയും ദൈവത്തെ ധ്യാനിക്കുകയും ചെയ്തത് കൊണ്ട് വ്രതം പൂര്‍ണ്ണമാകുന്നില്ല. മനുഷ്യനുമായി കൂടി ബന്ധപ്പെട്ടതാണ്‌ ഇസ്‌ലാമിലെ വ്രതം. ദാനം ചെയ്യുക, സഹാനുഭൂതി വളര്‍ത്തിയെടുക്കുക, മനുഷ്യരോട് കാരുണ്യം കാണിക്കുക, അസത്യമായ വാക്കും പ്രവൃത്തിയും വെടിയുക, ആരോടും കയര്‍ത്ത് സംസാരിക്കാതിരിക്കുക, കൂടുതല്‍ ക്ഷമ കൈക്കൊള്ളുക, ശണ്ഠകൂടാതിരിക്കുക, ആരെങ്കിലും ഇങ്ങോട്ട് ശണ്ഠയ്ക്ക് വന്നാല്‍ ഞാന്‍ നോമ്പുകാരനാണെന്ന് പറഞ്ഞ് ഒഴിവാവുക ഇതൊക്കെ വ്രതത്തിന്‍റെ ഭാഗമാണ്‌. ഇതൊന്നും ചെയ്യാന്‍ കൂട്ടാക്കാത്തവന്‍ വിശപ്പും ദാഹവും സഹിക്കണമെന്ന് ദൈവത്തിന്‌ ഒരാവശ്യവുമില്ലെന്ന് മുഹമ്മദ് നബി പറഞ്ഞിരിക്കുന്നു. അത്തരക്കാരുടെ വ്രതം വ്രതമാകില്ലെന്നാണല്ലോ ഇതിന്നര്‍ത്ഥം. മേല്‍ പറഞ്ഞ കാര്യങ്ങള്‍ വ്രത കാലത്ത് മാത്രം ചെയ്യാനുള്ളതല്ല; എന്നാല്‍ ഒരു മാസത്തെ വ്രതകാലത്ത് ഒരു ശക്തമായ പരിശീലനം നേടിയെടുക്കാന്‍ വിശ്വാസികളെ അത് പ്രാപ്തമാക്കുന്നു.
ഇതൊന്നും മനസ്സിലാക്കാതെ വ്രതമനുഷ്ഠിക്കുന്നവരുണ്ടാകാം. അത്തരക്കാരെ ഈ പൊരുള്‌ മനസ്സിലക്കി വ്രതമനുഷ്ഠിക്കാന്‍ പ്രേരിപ്പിക്കുകയാണ്‌ ചെയ്യേണ്ടത്. ഓരോ യുക്തിവാദിയും അതിന്നാണ്‌ ശ്രമിക്കേണ്ടത്. ഒരു മനുഷ്യനെ നല്ല മനുഷ്യനാക്കി മാറ്റുന്ന ഈ പ്രക്രിയക്കിടെ വ്രത നാളില്‍ മധ്യാഹ്നത്തിന്‌ ശേഷം വായ്ക്കുണ്ടാകുന്ന ചെറിയ ദുര്‍ഗ്ഗന്ധമാണ്‌ ഗുരുതരമായ പ്രശ്നം എന്ന് വാദിക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും? പക്ഷെ പ്രവാചകന്‍ പറഞ്ഞത് ഈ ദുര്‍ഗന്ധം ദൈവത്തിങ്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണെന്നാണ്‌.
ഒരു ജനനം നടക്കുമ്പോഴും അതിന്‌ മുമ്പ് മാസങ്ങളോളവും ഒരമ്മ അനുഭവിക്കുന്ന വേദന നമുക്കറിയാമല്ലോ. മനുഷ്യക്കുഞ്ഞെന്ന ഒരു അസംസ്കൃത വസ്തു ഉല്‍പ്പാദിപ്പിക്കാനാണ്‌ ഈ നോവത്രയും സഹിക്കുന്നത്. അതിനെ ഒരു നല്ല മനുഷ്യനാക്കാന്‍ ഇത്തിരി കൂടി നോവ് സഹിച്ചാല്‍ അതൊട്ടും അധികമാകില്ല.
മൂല്യ ബോധമാണ്‌ ഒരു മനുഷ്യനെ നല്ല മനുഷ്യനാക്കുന്നത്; മൂല്യ ബോധം ലഭിക്കുന്നത് ശാസ്ത്രത്തില്‍ നിന്നല്ല; യുക്തിവാദത്തില്‍ നിന്നുമല്ല. മതത്തില്‍ നിന്നാണ്‌. അത് കൊണ്ട് മതത്തെ എതിര്‍ക്കരുത്. എന്നാല്‍ മതത്തെ ദുരുപയോഗപ്പെടുത്തുന്നതിനെ എതിര്‍ക്കണം. അഥവാ എലിയെ പേടിച്ച് ഇല്ലം ചുടരുത്.
കെ.കെ. ആലിക്കോയ

Monday, September 6, 2010

മതപരിത്യാഗിയുടെ ശിക്ഷ: മുജീബ്




"മതപരിത്യാഗിയുടെ ശിക്ഷ ഇസ്ലാമിക നിയമത്തില്‍ എന്നൊരു പുസ്തകം ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൌലാനാ മൌദൂദി എഴുതിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ ശാലയായ ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് മലയാളത്തിലാക്കി പ്രസിദ്ധീകരിച്ച അനേകം കൃതികളില്‍ ഈ പുസ്തകം ഇല്ല. സമാന സ്വഭാവമുള്ള മറ്റു ചില പുസ്തകങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടില്ല. ഇസ്ലാമില്‍നിന്നും മതം മാറുന്നവരെ വധിക്കണം എന്നാണ് ജമാഅത്ത് സ്ഥാപകന്‍ ആ പുസ്തകത്തില്‍ ആഹ്വാനം ചെയ്യുന്നത്. ഇന്ന് ജമാഅത്ത് നേതാക്കള്‍ മലയാളിക്ക് മുന്നില്‍ ആടുന്ന പ്രഛന്ന വേഷത്തെ പിച്ചിച്ചീന്തുന്നതാകും ആ ഗ്രന്ഥത്തിന്റെ വായന. ഇതര സംസ്ഥാനങ്ങളില്‍ മത രാഷ്ട്രവാദം പച്ചയായി പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ സവിശേഷ സാഹചര്യങ്ങളില്‍ എടുത്തണിഞ്ഞ കാപട്യത്തിന്റെ കുപ്പായമാണ് ദലിത്-ആദിവാസി-പരിസ്ഥിതി പ്രണയവും പുരോഗമന ഇടതുപക്ഷ നാട്യവും.''
'എന്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി എതിര്‍ക്കപ്പെടണം?' എന്ന തലക്കെട്ടില്‍ രണ്ടാഴ്ചക്കാലം നീണ്ടുനിന്ന ദേശാഭിമാനിയിലെ ലേഖന പരമ്പരയുടെ അവസാനം 'ജമാഅത്തെ ഇസ്ലാമിയും സി.പി.ഐ.എം നിലപാടും' എന്ന പിണറായി വിജയന്റെ ലേഖനത്തില്‍നിന്ന് (2010 ജൂലൈ 5 തിങ്കള്‍). മുജീബിന്റെ പ്രതികരണം?
സബിത റഫീഖ് കടലായി


സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി ആയുഷ്കാലത്തിനിടയില്‍ ഏകദേശം എഴുപത്തഞ്ചോളം കൃതികള്‍ എഴുതിയിട്ടുണ്ടെന്നാണ് കണക്ക്. അവയില്‍ ചിലത് ബൃഹദ് ഗ്രന്ഥങ്ങളാണ്. ആറു വാള്യങ്ങളുള്ള ഖുര്‍ആന്‍ വ്യാഖ്യാനം-തഫ്ഹീമുല്‍ ഖുര്‍ആന്‍- ഉദാഹരണം. ചിലത് സത്യസാക്ഷ്യം, രക്ഷാസരണി, ഇസ്ലാമും ജാഹിലിയ്യത്തും പോലുള്ള ലഘു കൃതികളും. ഇവയില്‍ ചിലത് ആനുകാലിക പ്രാധാന്യം മാത്രം ഉണ്ടായിരുന്നവയാണ്; ചിലത് കര്‍മശാസ്ത്ര പ്രധാനവും. ജമാഅത്തെ ഇസ്ലാമി ഹിന്ദ് മലയാള പ്രസിദ്ധീകരണ വിഭാഗം എല്ലാ കൃതികളും വിവര്‍ത്തനം ചെയ്ത് പുറത്തിറക്കേണ്ടത് ആവശ്യമായി കരുതിയില്ല. തഫ്ഹീമുല്‍ ഖുര്‍ആന്റെ ആറ് വാള്യങ്ങളും മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൌദൂദിയുടെ ഒട്ടുമിക്ക ആശയങ്ങളും അഭിപ്രായങ്ങളും അതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. പര്‍ദ, പലിശ പോലുള്ള കൃതികള്‍ അതിനാല്‍ വേറെ ഇറക്കേണ്ടത് അത്യാവശ്യമല്ല. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവ് അദ്ദേഹമായതുകൊണ്ട് അദ്ദേഹം എഴുതിയതും പറഞ്ഞതുമൊക്കെ സംഘടന അപ്പടി അംഗീകരിക്കുന്നു എന്നും അര്‍ഥമില്ല. പലതവണ അദ്ദേഹം തന്നെ വ്യക്തമാക്കിയപോലെ ഇസ്ലാമിക ശരീഅത്തിന്റെ വിശദാംശങ്ങളുമായും ദൈവശാസ്ത്ര സംബന്ധമായും ബന്ധപ്പെട്ട മൌദൂദിയുടെ വീക്ഷണങ്ങള്‍ ഒരിക്കലും സംഘടനയുടെ അഭിപ്രായങ്ങളല്ല. ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് അവയുമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. മറ്റു വിഷയങ്ങളിലും സ്വന്തം ഇജ്തിഹാദിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ വിമര്‍ശനാതീതമോ വേദവാക്യങ്ങള്‍ക്ക് തുല്യമോ അല്ല.
'മുര്‍ത്തദ്ദ് കീ സസാ ഇസ്ലാമീ ഖാനൂന്‍ മേ' (മതപരിത്യാഗിയുടെ ശിക്ഷ ഇസ്ലാമിക നിയമത്തില്‍) എന്ന കൃതി കര്‍മശാസ്ത്ര പ്രധാനമാണ്; ഭിന്നാഭിപ്രായത്തിന് വകയുള്ളതുമാണ്. എന്നാല്‍ മതപരിത്യാഗിയുടെ ശിക്ഷയെക്കുറിച്ച് നാല് സുന്നീ മദ്ഹബുകള്‍ക്കും ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയെപോലുള്ള സലഫി പണ്ഡിതന്മാര്‍ക്കുമുള്ള അഭിപ്രായത്തില്‍നിന്ന് ഭിന്നമായ യാതൊന്നും മൌദൂദിക്കില്ല. പിണറായി വിജയന്‍ ഇക്കാര്യം അറിയുന്നവനോ അറിയേണ്ടവനോ അല്ല. അദ്ദേഹം മുസ്ലിം മതേതര നാട്യക്കാര്‍ എഴുതുന്നതും പറയുന്നതും പകര്‍ത്തുകയേ ചെയ്തിട്ടുള്ളൂ. മുസ്ലിം പണ്ഡിതന്മാരുടെ സ്ഥിതി അതല്ല. സുന്നീ പണ്ഡിതന്മാര്‍ക്ക് അറിയാം ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലി മദ്ഹബുകളുടെ ഉപജ്ഞാതാക്കളും ആധികാരിക പണ്ഡിതന്മാരും എന്താണ് പറഞ്ഞിട്ടുള്ളത് എന്ന്. അതുപോലെ സലഫികള്‍ക്കും അസ്സലായറിയാം, അവരുടെ മുന്‍കാല പണ്ഡിതന്മാര്‍ ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. പക്ഷേ, എല്ലാവരും അര്‍ഥഗര്‍ഭമായ മൌനം പാലിക്കുകയും, ആക്രമിക്കപ്പെടുന്നത് മൌദൂദിയായതുകൊണ്ട് മിണ്ടാതിരിക്കുകയുമാണ്. മുസ്ലിം മതേതരവാദികള്‍ക്കും ഇക്കാര്യത്തില്‍ മൌദൂദിയെ വിമര്‍ശിക്കാന്‍ എല്ലാ സ്വാതന്ത്യ്രവുമുണ്ട്. പക്ഷേ, അവര്‍ കാണിക്കേണ്ട മിനിമം സത്യസന്ധത പ്രവാചകന്റെ കാലം മുതല്‍ മതപരിത്യാഗിയുടെ ശിക്ഷയെക്കുറിച്ച് രൂപപ്പെട്ട ഏകകണ്ഠമായ അഭിപ്രായത്തെ എതിര്‍ക്കുകയും തുടര്‍ന്ന് അത് തിരുത്തിപ്പറയാത്തതിന് മൌദൂദിയെ കുറ്റപ്പെടുത്തുകയുമാണ്. അവരതിന് തയാറാവാത്തത് അതോടെ ഇസ്ലാമിനെത്തന്നെ എതിര്‍ക്കുന്നവരായി അവര്‍ മുദ്രകുത്തപ്പെടും എന്ന ഭീതി നിമിത്തമാണ്. യഥാര്‍ഥത്തില്‍ ഒരു ഇസ്ലാമിക സ്റേറ്റ് നിലവില്‍ വന്ന ശേഷം അതിന്റെ ആദര്‍ശപരമായ അടിത്തറയെ ചോദ്യം ചെയ്യുന്നയാളെ, അയാള്‍ തെറ്റ് തിരുത്താന്‍ തയാറില്ലെങ്കില്‍ രാജ്യദ്രോഹിയായി കണക്കാക്കുകയും തദടിസ്ഥാനത്തില്‍ വധശിക്ഷക്കര്‍ഹനായി വിധിക്കുകയും ചെയ്യുന്നതാണ് മതപരിത്യാഗിയുടെ ശിക്ഷ എന്ന് വിശദീകരിക്കുകയാണ് മൌദൂദി ചെയ്തത്. കമ്യൂണിസ്റ് നാടുകളിലും ഇത്തരക്കാരെ രാജ്യദ്രോഹികളായി വിധിച്ച് വധിക്കുകയല്ലേ ചെയ്തതും ചെയ്യുന്നതും? ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യങ്ങളിലും വിഘടനവാദികള്‍ക്കും രാജ്യത്തിന്റെ പരമാധികാരം വെല്ലുവിളിക്കുന്നവര്‍ക്കും നല്‍കുന്ന ശിക്ഷ എന്താണ്? വധശിക്ഷ തന്നെയല്ലേ?
അതല്ലാതെ, പാകിസ്താനെ പോലുള്ള ഒരു രാജ്യം ഒരു സുപ്രഭാതത്തില്‍ സ്വയം ഇസ്ലാമിക് റിപ്പബ്ളിക്കായി പ്രഖ്യാപിച്ച് പിന്നീടവിടെ കഴിയുന്ന പൌരന്മാരാരെങ്കിലും ഇസ്ലാമില്‍നിന്ന് പുറത്തുപോയാല്‍ അവരെ മുര്‍ത്തദ്ദായി ഗണിച്ചു വധശിക്ഷക്ക് വിധേയമാക്കണമെന്ന് മൌദൂദിയും പറഞ്ഞിട്ടില്ല. ഏതാണ്ടെല്ലാ മുസ്ലിം മതപണ്ഡിതന്മാരുടെയും കണ്ണില്‍, പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള്‍ ഇസ്ലാമില്‍നിന്ന് പുറത്താണ് (അഹ്മദികളുടെ കണ്ണില്‍ മറ്റു മുസ്ലിംകളും അങ്ങനെതന്നെ). മൌദൂദിക്ക് പട്ടാളക്കോടതി വധശിക്ഷ വിധിക്കാന്‍ പോലും കാരണമായ കൃതിയാണ് 'ഖാദിയാനി പ്രശ്നം.' അതില്‍ പോലും അദ്ദേഹം എഴുതിയത് ഖാദിയാനികളെ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ച് ന്യൂനപക്ഷങ്ങള്‍ക്കുള്ള എല്ലാ അവകാശങ്ങളും അവര്‍ക്ക് അനുവദിക്കണം എന്നാണ്, കൊന്നുകളയണം എന്നല്ല. അഹ്മദിയ്യ മതത്തില്‍ വിശ്വസിക്കാനും അതിനായി പ്രവര്‍ത്തിക്കാനും അവര്‍ക്ക് സ്വാതന്ത്യ്രമുണ്ടെന്നര്‍ഥം. ഇസ്ലാമില്‍നിന്ന് പുറത്തുപോയില്ലെങ്കിലും ഒരാള്‍ ഇസ്ലാമിക സ്റേറ്റിനെതിരെ വിഘടനവാദമുയര്‍ത്തിയാല്‍ അയാള്‍ മുസ്ലിമായിരിക്കെത്തന്നെ വധശിക്ഷക്കര്‍ഹനാണെന്ന പൂര്‍വിക പണ്ഡിതന്മാരുടെ അഭിപ്രായവും ശ്രദ്ധേയമാണ്. ഇസ്ലാമിക രാഷ്ട്രത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ക്കുന്ന വിധം ഒരു കൂട്ടര്‍ പ്രവാചകനു ശേഷം സകാത്ത് നിഷേധികളായി രംഗപ്രവേശം ചെയ്തപ്പോള്‍ ഒന്നാം ഖലീഫ അബൂബക്കര്‍(റ) അവരോട് യുദ്ധം ചെയ്തതും ചരിത്ര സത്യമാണ്.
അതേയവസരത്തില്‍ കേവല മതപരിത്യാഗിക്ക് വധശിക്ഷ നല്‍കുന്നതിനെ ചില ആധുനിക പണ്ഡിതന്മാര്‍ എതിര്‍ക്കുന്നു. ഇസ്ലാം അനുവദിക്കുന്ന മതസ്വാതന്ത്യ്രത്തിന് അത് വിരുദ്ധമാണ് എന്നതാണ് ചൂണ്ടിക്കാട്ടുന്ന ന്യായം. പഠനവും പരിഗണനയും അര്‍ഹിക്കുന്ന വീക്ഷണമാണിത്.


<a href = "http://www.prabodhanam.net/Issues/14.8.2010/faq.html"> (പ്രബോധനം)  

Saturday, September 4, 2010

സമാധാനത്തിന്‍റെ അകിടില്‍ നിന്ന് ചോര കുടിക്കുന്ന യുക്തിവാദി: കെ.കെ. ആലിക്കോയ

സമാധാനത്തിന്‍റെ അകിടില്‍ നിന്ന് ചോര കുടിക്കുന്ന യുക്തിവാദി

(തൊടുപുഴയില്‍ നടന്ന കൈ വെട്ട് കേസിനെക്കുറിച്ച് യുക്തിവാദി ഇ.എ. ജബ്ബാറിന്‍റെ 'സംവാദം'  ബ്ലോഗില്‍ 'ജോസഫിനെ വെട്ടിനുറുക്കി'  എന്ന തലക്കെട്ടില്‍ നടന്നു വരുന്ന ചര്‍ച്ചക്ക് പ്രതികരണമായി എഴുതിയത്.)

ചര്‍ച്ചക്ക് തുടക്കം കുറിച്ച ജബ്ബാര്‍ ഉള്‍പ്പെടെ പലരും ഇവിടെ വിഷയം ചര്‍ച്ച ചെയ്യുന്നത് ശരിയായ രീതിയിലല്ല. മുസ്‌ലിംകളിലെ ഒരു വിഭാഗം ചെയ്തത ദുഷ്കൃത്യത്തെ അപലപിക്കുന്നത് ന്യായമാണ്‌. എന്നാല്‍ അതോടൊപ്പം തന്നെ  മറ്റു മുസ്‌ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാത്തതെന്ത് കൊണ്ട്? വെട്ടിയവരെ അപലപിച്ച മുസ്‌ലിംകളെ നിങ്ങള്‍ കാണാത്തതെന്ത് കൊണ്ട്? ചികില്‍സയില്‍ കഴിയുമ്പോള്‍ പ്രൊ. ജോസഫിന്ന് രക്തം നല്‍കിയവരെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? നിങ്ങളവരെ അവഗണിക്കുന്നത് എന്ത് കൊണ്ട്? ഈ ദുഷ്കൃത്യത്തിന്റെ പാപ ഭാരം മുസ്‌ലിം സമുദായത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മേല്‍ വാരി വിതറാന്‍ നിങ്ങള്‍ തുനിയുന്നതെന്ത് കൊണ്ട്?
ഇനി ഈ വിഷയത്തെക്കുറിച്ച് വല്ലതും പറയാന്‍ നിര്‍ബന്ധിതനായാല്‍ തന്നെ ജബ്ബാര്‍ എന്താണ്‌ പറയുക നോക്കുക: "സംഭവങ്ങളുണ്ടാകുമ്പൊൾ പൊതു സമൂഹത്തെ വിഡ്ഡികളാക്കാൻ അവർ സമാധാനവും പറഞ്ഞ് രക്തദാനം നടത്താൻ വരും. ! തട്ടിപ്പ് ! വെറും തട്ടിപ്പ് !!"
(മാത്രമല്ല സോളിഡാരിറ്റി രക്തം നല്‍കിയതിനെ അനുകൂലിച്ച് ലേഖനമെഴുതിയ കെ.പി. രാമനുണ്ണിയെ കെ.പി. മുഹമ്മദുണ്ണി ആക്കും വിധം കടുത്ത അസഹിഷ്ണുവാണ്‌ മി. ജബ്ബാര്‍.)

ഇതിനു പുറമെ കുറ്റം ഇസ്‌ലാമിന്‍റെതും മൊത്തം  മുസ്‌ലിംകളുടേതുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ജബ്ബാര്‍ എഴുതുന്നു: 'മുഹമ്മദ് എന്നു കേള്‍ക്കുമ്പോഴേക്കും കയറു പൊട്ടിക്കുന്ന പോത്തുകളോട് പക്ഷെ ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ.' ഈ പോത്ത് വിളി കൈ വെട്ടിയവര്‍ക്ക് മാത്രം ബാധകമാണോ? അതല്ല; മുഴുവന്‍ മുസ്‌ലിംകള്‍ക്കും ബാധകമാവുന്നതാണോ?
ഇനി അതുമല്ല;  കേസെടുത്ത പൊലിസിനും കോടതിക്കും  ഇത്തരം പ്രവൃത്തികള്‍ കുറ്റമാണെന്ന് വിധിക്കുന്ന നിയമം നിര്‍മ്മിച്ചവര്‍ക്കും   ജനാധിപത്യ മാര്‍ഗ്ഗത്തില്‍ പ്രതിഷേധിച്ചവര്‍ക്കും എല്ലാം ബാധകമാണോ? ജോസഫിനെ വിമര്‍ശിച്ചവരില്‍ ചില യുക്തിവാദികളെയും കാണാന്‍ കഴിഞ്ഞു. അവര്‍ക്കും .....
ഇന്ത്യയില്‍ നിലവിലുള്ള നിയമമനുസരിച്ച് ജോസഫ് ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ പോലീസ് കേസ് എടുത്തതും കോടതി അദ്ദേഹത്തെ റിമാന്‍റ്‌ ചെയ്തതും എന്തിനായിരുന്നു? ഇപ്പോള്‍ അദ്ദേഹം ജാമ്യത്തിലാണ്‌ പുറത്ത് കഴിയുന്നത്. നിരവധി രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകന്‍മാരും എഴുത്തുകാരും മാധ്യമങ്ങളും വിവിധ മത നേതാക്കളും അദ്ദേഹത്തെ അപലപിച്ചതെന്തിനായിരുന്നു? കോളേജധികൃതര്‍ അദ്ദേഹത്തെ സസ്പെന്ഡ് ചെയ്തതും യൂനിവേഴ്സിറ്റി ഒരു വര്‍ഷത്തേക്ക് അദ്ദേഹത്തിന്‍റെ അംഗീകാരം റദ്ദാക്കിയതും എന്തിനായിരുന്നു? എല്ലാവര്‍ക്കും തറ്റു പറ്റിയെന്നോ?

ജബ്ബാറിന്‍റെ ഉദ്ദേശ്യം വേറെയാണ്‌. അത് വ്യക്തമാക്കുന്ന ചില ഉദ്ധരണികള്‍ കാണുക: "മുഹമ്മദ്‌ എന്നുച്ച്ചരിച്ച്ചാല്‍ ഞാങ്ങ ള്‍ വെ ട്ടും ,നുറുക്കും ! അത് മുഹമ്മദ്‌ തന്നെ പറഞ ത"
"ലോകം കണ്ട ഏറവും വലിയ ഭിക രന്‍ ആരെന്ന്‍ മനസ്സിലായില്ലേ?"
"കോടിക്കണക്കിനു മനുഷ്യരുടെ രക്തത്തില്‍ ഭീകരതയുടെ വിഷം കുത്തി വെക്കുന്ന മതം അതാണ ഇസ്ലാം"
ജബ്ബാറിന്‍റെ വീക്ഷണത്തില്‍  കുറ്റം പ്രവാചകന്‍റേതും ഇസ്‌ലാമിന്‍റേതുമാണ്‌. ലോകത്തിലെ ഏറ്റവും വലിയ ഭീകരന്‍ മുഹമ്മദ് നബിയും ഭീകരത ഇസ്‌ലാമുമാണ്‌. ഇത് പറയാന്‍ തീരുമാനിച്ചുറപ്പിച്ച് ഇറങ്ങിത്തിരിച്ച ഒരാള്‍ക്ക് ഈ വിഷയത്തില്‍ സമാധാനപരമായ നിലപാട് സ്വീകരിച്ചവരും മര്‍ദ്ദിതനെ സഹായിച്ചവരും മുസ്‌ലിംകളിലുണ്ട് എന്ന് പറയാന്‍ മനസ്സ് വരില്ല.

അതോടൊപ്പം,  ഒരു ശിങ്കിടിയുടെ, രോശമിളക്കി വിടുന്ന ഈ ടിപ്പണി കാണുക: "തലയില്‍ തൊപ്പിയും ശരീരത്തില്‍ പര്‍ദ്ദയുമണിയാത്ത എല്ലാ മനുഷ്യരേയും വെട്ടി ഇസ്ലാമിക രാജ്യം സ്ഥാപിക്കേട... ചെറ്റകളെ !!!
താലിബാന്റെ പൊലയാടിമക്കളെ !!!"
ഇത്രയുമാകുമ്പോള്‍ ഇനി ഇതു കൂടി പറയാമെന്ന അവസ്ഥയിലെത്തുന്നു മറ്റൊരു ടിപ്പണിക്കാരന്‍: "ഈ ഭീകര മതം ഭൂമിയില്‍ നിന്നും തുടച്ചു മാറ്റപെടെണ്ടത് തന്നെ." ഇപ്പോള്‍ ഉദ്ദേശ്യം വ്യക്തമായില്ലേ?
ഇല്ലെങ്കില്‍ ജബ്ബാര്‍ തന്നെ വ്യക്തമാക്കട്ടെ: "ഈ കൃത്യം നിർവ്വഹിച്ച ഏതാനും മന്ദബുദ്ധികളായ ചെറുപ്പക്കാരല്ല യഥാർത്ഥ കുറ്റവാളികൾ. അവരെ അതിനു പരിശീലിപ്പിക്കുകയും മസ്തിഷ്കപ്രക്ഷാളനം നടത്തുകയും ചെയ്ത സംഘടിതപ്രസ്ഥാനവും ആ പ്രസ്ഥാനത്തിനു മുലപ്പാലും വെള്ളവും വളവും നൽകി വളർത്തുന്ന മതബോധവും തന്നെയാണു കുറ്റവാളി ! എല്ലാത്തിനും അടിസ്ഥാനവേരായും ബീജമായും വർത്തിക്കുന്ന മതമൂഡവിശ്വാസവും ! മതങ്ങൾ തുലയട്ടെ ! മനുഷ്യത്വം പുലരട്ടെ!!"
((എന്നിട്ട് പകരം വയ്ക്കാനുള്ളതോ? യുക്തിവാദം! അതിന്‍റെ തനിനിറം മനസ്സിലാക്കാന്‍ ഇത് വായിക്കുക: http://notable-notes.blogspot.com/2010/08/blog-post_4088.html ))

എന്നാല്‍ എങ്ങനെയൊക്കെ ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും പറഞ്ഞാലും  അത് തീവ്രവാദമോ ഭീകരതയോ ആകുമോ? ഏയ്, ഇല്ല; ഒട്ടും ഭയപ്പെടേണ്ടതില്ല. മാത്രമല്ല; ഇത്തിരി കടുപ്പത്തില്‍ തന്നെ പറയുന്നവനാണ്‌ മതേതരവാദിയായി ആഘോഷിക്കപെടുക. അതാണ്‌ സവര്‍ണ്ണ ഫാഷിസ് നീതി ബോധം. ഇത് നമ്മുടെ പൊതു ബോധമാക്കി വളര്‍ത്തിക്കൊണ്ടിരിക്കുകയുമാണ്‌. യുക്തി വാദിയും നാടോടുമ്പോള്‍ നടുവേ തന്നെ….

ഇസ്‌ലാമെന്നാല്‍ ഭീകരതയാണെന്ന് വാദിക്കാന്‍ വേണ്ടി ജബ്ബാര്‍ ന്യായം നിരത്തുന്നത് കാണുക: "മതം നിരപരാധിയാണെന്ന വാദമുന്നയിക്കുന്നവർ മതചരിത്രം ഒന്നു വായിക്കണം. മുഹമ്മദിന്റെ ജീവിതകാലത്ത് അദ്ദേഹത്തെ ആരെങ്കിലും പരിഹസിച്ചതായോ വിമർശിച്ചതായോ ഒരു കിംവദന്തി കേട്ടാൽ ഉടനെ അവരെ കഴുത്തറുത്ത് തല ഹാജറാക്കാൻ “കൊട്ടേഷൻ“ സംഘത്തെ അയക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത്തരം നിരവധി സംഭവങ്ങൾ ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കുന്നു. അതൊക്കെ തന്നെയാണീ മതഭ്രാന്തിനു പ്രേരകമാകുന്നത്."
അപൂര്‍വ്വം ചില ഘട്ടങ്ങളില്‍ രാജ്യത്തിന്‍റെ അഖണ്ഡത തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരെ ഉന്‍മൂലനം ചെയ്തത് മാറ്റി വച്ചാല്‍ അങ്ങേയറ്റം സമാധാന പരമായാണ്‌ മുഹമ്മദ് നബി പ്രവര്‍ത്തിച്ചതെന്ന് കാണാം. രാഷ്ട്രത്തിന്‍റെ അഖണ്ഡത തകര്‍ക്കുന്നവര്‍ക്കെതിരെ ഏത് കാലത്തും ഭരണകൂടങ്ങള്‍ കര്‍ക്കശ നിലപാടുകള്‍ എടുക്കാറുണ്ട്. ഇല്ലെങ്കില്‍ രാജ്യം ശിഥിലമാകും; അക്രമവും അരാജകത്വവും നടമാടും. രാജ്യനിവാസികളെ രക്ഷിക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. അല്‍പ്പം കടും കൈ കാണിച്ചും ഈ ദൌത്യം നിര്‍വ്വഹിക്കാന്‍ ഭരണകൂടം ബാദ്ധ്യസ്ഥമാണ്‌. ഇത് ചെയ്യാത്ത ഭരണകൂടം ആ പേരിന്നര്‍ഹമല്ല. പ്രവാചകന്‍റെ ഭരണകൂടവും ഇതിന്നപവാദമല്ല.

പ്രവാചകന്‍റെ അങ്ങേയറ്റത്തെ ക്ഷമക്കും അസാമാന്യമായ സഹിഷ്ണുതക്കും  ഉദാഹരണമായി പ്രവാചക പത്നി ആയിശ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം കാണുക: ഒരിക്കല്‍ യഹൂദന്‍മാരുടെ ഒരു സംഘം പ്രവാചക സന്നിധിയില്‍ വന്നു. അപ്പോള്‍ അവര്‍ 'അസ്സാമു അലൈകും' (നിങ്ങള്‍ക്ക് നാശമുണ്ടാകട്ടെ) എന്ന് പറഞ്ഞു.
ഉടനെ ആയിശ അവരോട് പറഞ്ഞു: വ അലൈകുമുസ്സാമു വല്ല അ്‌ന. (നിങ്ങള്‍ക്ക് നാശവും ശാപവും ഉണ്ടാകട്ടെ)
ഇത് കേട്ട നബിയുടെ പ്രതികരണം: നീ അടങ്ങ് ആയിശാ. അല്ലാഹു സൌമ്യനാണ്‌; എല്ലാ കാര്യത്തിലും സൌമ്യതയാണ്‌ അവന്‍ ഇഷ്ടപ്പെടുന്നത്.
ആയിശ: അവര്‍ പറഞ്ഞത് താങ്കള്‍ കേട്ടില്ലേ?
പ്രവാചകന്‍: അതെ, ഞാന്‍ വ അലൈകും (നിങ്ങള്‍ക്കും) എന്ന് മറുപടിയും പറഞ്ഞല്ലോ.  (ബുഖാരി 6415)
ഇവിടെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:
മദീനയിലെ ഭരണാധികാരിയുടെ മുഖത്ത് നോക്കിയാണ്‌ അങ്ങേയറ്റം ധിക്കാരപരമായ ഈ അസഭ്യം അവര്‍ പറഞ്ഞത്. മാത്രമല്ല; 'അസ്സലാമു അലൈകും' (നിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ)  എന്ന ഇസ്‌ലാമിന്‍റെ ഔദ്യോഗിക അഭിവാദന വാക്യം വികൃതമാക്കിയാണ്‌ അവര്‍ പ്രവാചകനെ നിന്ദിച്ചത്. ഇത് ഒരു കിംവദന്തിയായിരുന്നില്ല. നേരിട്ട് പ്രവാചകന്‍ അനുഭവിച്ചതായിരുന്നു. എന്നിട്ടും പ്രവാചകന്‍ ക്ഷമിച്ചു; സൌമ്യത കാണിച്ചു; അല്ലാഹു സൌമ്യനാണെന്നും എല്ലാ കാര്യത്തിലും അവന്‍ സൌമ്യത ഇഷ്ടപ്പെടുന്നുവെന്നും പ്രഖ്യാപിക്കുകയും ചെയ്തു.
ഇത് കേട്ടാലും ജബ്ബാര്‍ പറയുമായിരിക്കും: 'തട്ടിപ്പ് വെറും തട്ടിപ്പ്' എന്ന്.

പ്രവാചകന്‍ യുദ്ധം ചെയ്തെന്നും വെട്ടിപ്പിടിച്ചെന്നുമാണല്ലോ മറ്റൊരാരോപണം. ഇതിന്‍റെ നിജസ്ഥിതി ശ്രീ. ഇടമറുകിന്‍റെ 'ഖുര്‍ആന്‍ ഒരു വിമര്‍ശന പഠന'ത്തില്‍ ഇങ്ങനെ വായിക്കാം: "മദീനയിലെത്തിയ മുഹമ്മദും അനുയായികളുമായി അവിടത്തുകാര്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടു. മുഹമ്മദിനെ അവര്‍ ആ നഗരരാഷ്ട്രത്തിന്‍റെ അധിപനാക്കി.  മക്കാ നിവാസികള്‍ക്ക് ഇത് സഹിച്ചില്ല. മദീനത്ത് അദ്ദേഹത്തിന്‍റെ ശക്തി വര്‍ദ്ധിച്ചു വരുന്നതില്‍ അസൂയയുണ്ടായിരുന്ന യൂദ കച്ചവടക്കാര്‍ മക്കക്കാരെ പറഞ്ഞ് ഇളക്കുകയും ചെയ്തു. അതിന്‍റെ ഫലമായി ഖുറൈശികള്‍ മദീനക്കെതിരെ യുദ്ധത്തിന്ന് പുറപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ നബിയും അനുയായികളും മുന്നൂറില്‍ ചില്വാനം  ആളുകള്‍ ഉള്‍പ്പെടുന്ന ഒരു ചെറിയ സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട്  അവരെ എതിര്‍ക്കാന്‍ പുറപ്പെട്ടു. ബദര്‍ എന്ന സ്ഥലത്ത് വെച്ച് രണ്ട് സൈന്യങ്ങളും ഏറ്റുമുട്ടി. അംഗ സംഖ്യ കുറവായിരുന്നെങ്കിലും മുഹമ്മദിന്‍റെ സൈന്യമാണ്‌ വിജയിച്ചത്. ഇസ്‌ലാം മത ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണിത്. ഖുറൈശികളുടെ പ്രതാപം തകരാന്‍ ഇത് കാരണമാക്കി. എങ്കിലും പിറ്റെ കൊല്ലം അവര്‍ വീണ്ടും യുദ്ധത്തിന്‌ വന്നു. ഉഹുദ് മലയുടെ താഴ്വാരത്തില്‍ വെച്ച് നടന്ന യുദ്ധത്തില്‍ ഇരു കൂട്ടര്‍ക്കും വമ്പിച്ച നഷ്ടമുണ്ടായി. ഇതോടെ മദീന അക്രമിച്ച് കീഴടക്കാമെന്ന മോഹം ഖുറൈശികള്‍ക്കില്ലാതായി."  (ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം പേജ് 51, 52)
യുദ്ധോല്‍സുകത ആര്‍ക്കാണുണ്ടായിരുന്നതെന്നും ആര്‌ ആരോടാണ്‌ യുദ്ധത്തിന്‌ പുറപ്പെട്ടതെന്നും ഇവിടെ വ്യക്തമായിരിക്കുകയാണ്‌. എന്നാല്‍ ഉദ്ധരണിയുടെ അവസാന വാചകത്തില്‍ സൂക്ഷ്മതക്കുറവുണ്ട്. കാരണം മൂന്നാമതൊരിക്കല്‍ക്കൂടി അവര്‍ സര്‍വ്വ ശക്തിയും സംഭരിച്ച് മദീനക്കെതിരെ ഒരാക്രമണം കൂടി നടത്തിയിരുന്നു. അതാണ്‌ ഖന്ദഖ് (കിടങ്ങ്) യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്. യുദ്ധത്തിന്‌ വന്ന ഭീമന്‍ സൈന്യത്തില്‍ നിന്ന് മദീനയെ രക്ഷിക്കാന്‍ വേണ്ടി മദീനക്ക് ചുറ്റും കിടങ്ങ് തീര്‍ത്ത് യുദ്ധം ഒഴിവാക്കാനുള്ള വഴി തേടുകയായിരുന്നു പ്രവാചകന്‍. ഈ യുദ്ധത്തില്‍ അല്ലാഹുവിന്‍റെ ഇടപെടല്‍ മൂലം അല്‍ഭുതകരമായാണ്‌ പ്രവാചകനും വിശ്വാസികളും മദീനയും രക്ഷപ്പെട്ടത്.
ഈ ഭാഗം വിട്ടുകളഞ്ഞിട്ട് അതിന്‍റെ ശേഷം  നടന്ന ചില കാര്യങ്ങള്‍ ഉഹ്ദ് യുദ്ധത്തിന്‍റെ തുടര്‍ച്ചയെന്നോണം വിവരിക്കുകയാണ്‌ ശ്രീ ഇടമറുക് ചെയ്തത്. ആ ഭാഗം ഇങ്ങനെ: "അടുത്തുള്ള ചില കോട്ടകള്‍ അക്രമിച്ച് കൊള്ളയടിക്കാനും ആളുകളെ തടവുകാരായി പിടിക്കാനും മുഹമ്മദും അനുയായികളും തയ്യാറായി." (പേജ് 52)
മദീനയിലെ താമസക്കാരായിരുന്ന യഹൂദന്‍മാര്‍ പ്രവാചകനുമായി സഖ്യത്തിലായിരുന്നു. എങ്കിലും തക്കം കിട്ടുമ്പോഴൊക്കെ മുസ്‌ലിംകളെ വഞ്ചിക്കാനും പ്രവാചകനെ വധിക്കാന്‍ ശ്രമിക്കാനും അവര്‍ ഒരു മടിയും കാണിച്ചിരുന്നില്ല. മാപ്പര്‍ഹിക്കാത്ത ഈ രാജ്യദ്രോഹത്തിനുള്ള ശിക്ഷ പ്രവാചകന്‍ അവര്‍ക്ക് നല്‍കുകയും ചെയ്തു. ഇവിടെ പ്രവാചകന്‍റെ നടപടിയെ അക്രമം, കൊള്ള, കൊലപാതകം എന്നൊക്കെ വിശേഷിപ്പിക്കുകയും അതിന്ന് പ്രവാചകനെ നിര്‍ബന്ധിതനാക്കിയ സാഹചര്യം ഒളിച്ച് വയ്ക്കുകയുമാണ്‌ വിമര്‍ശകന്‍മാര്‍ സാധാരണ ചെയ്യാറുള്ളത്. ഈ ശ്രമം ശ്രീ ഇടമറുകും നടത്തുന്നുണ്ട്. എന്നിട്ടും അദ്ദേഹം ചില സത്യങ്ങള്‍ തുറന്നു പറയാന്‍ നിര്‍ബന്ധിതനാകുന്നു എന്ന് മാത്രം.

"വലിയ രക്തച്ചൊരിച്ചിലൊന്നും കൂടാതെ തന്നെ മക്ക കീഴടങ്ങി" (പേജ് 52) എന്നും ഇടമറുക് എഴുതുന്നു. ഇതിന്ന് തൊട്ട് മുമ്പുള്ള വളരെ പ്രധാനപ്പെട്ട ഒന്നാണ്‌ ഹുദൈബിയാ സന്ധി. ഈ കാര്യവും ഇടമറുക് വിട്ടുകളഞ്ഞിരിക്കുന്നു. ഖുരൈശികളുമായി ഉണ്ടാക്കിയ ഒരു യുദ്ധമില്ലാ കരാറായിരുനു ഇത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഖുറൈശികള്‍ തന്നെ കരാര്‍ ലംഘിച്ചു. അതിന്ന്  ശേഷമാണ്‌ മക്ക വിജയം നടന്നത്. ഇടമറുക് എഴുതുന്നു: (മക്ക വിജയത്തെ) "തുടര്‍ന്ന് സമീപത്തുള്ള ശത്രുക്കളുടെ ഗോത്രങ്ങളെയും മുസ്‌ലിം സൈന്യം പരാചയപ്പെടുത്തി." (പേജ് 52) ഇത് കേട്ടാല്‍ തോന്നുക മുസ്‌ലിംകള്‍ യുദ്ധം ചെയ്യാന്‍ ആളുകളെയും തിരഞ്ഞ് നടക്കുകയായിരുന്നു എന്നാണ്‌. 
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിതാണ്‌. മക്ക വിജയം കഴിഞ്ഞ് ആശ്വാസത്തിലും ആഹ്ലാദത്തിലുമായിരുന്ന മുസ്‌ലിംകളെ നേരിടാന്‍ മക്കയുടെ സമീപത്ത് വസിക്കുന്ന ഹവാസിന്‍, സഖീഫ്, നദ്‌റ്‌, ജുശം ഗോത്രങ്ങള്‍ ഒരുങ്ങി മക്കക്ക് നേരെ പുറപ്പെട്ടതറിഞ്ഞ്  അവര്‍ക്കങ്ങോട്ട് പുറപ്പെടേണ്ടി വരികയായിരുന്നു ചെയ്തത്. മറ്റുള്ളവര്‍ ഇങ്ങോട്ട് യുദ്ധത്തിന്ന് വരുമ്പോള്‍ പ്രവാചകന്‍ പിന്നെ എന്ത് ചെയ്യണമായിരുന്നു? മറ്റൊരു യുദ്ധത്തിന്‍റെ നിര്‍ബന്ധിതാവസ്ഥ ശ്രീ ഇടമറുക് വിവരിക്കുന്നത് കാണുക: "ഇങ്ങനെ പശ്ചിമ അറേബ്യയില്‍  ഒരു സുശക്തമായ മുസ്ളിം രാജ്യം വളര്‍ന്നു വരുന്നത് കണ്ടപ്പോള്‍ സിറിയന്‍ രാജാവ് യുദ്ധത്തിനൊരുങ്ങി. മുഹമ്മദും പടയൊരുക്കം ചെയ്തു. തബൂക്ക് എന്ന സ്ഥലം വരെ മുസ്ലിം സൈന്യം നീങ്ങി. അവിടെ വെച്ച് സന്ധി ചെയ്ത് സിറിയന്‍ രാജാവ് പിന്‍വാങ്ങി. ഇതോടെ അറേബ്യ മുഴുവന്‍ മുഹമ്മദിന്‍റെ നിയന്ത്രണത്തില്‍ വന്നു. (പേജ് 52, 53)

അഥവാ മുഹമ്മദ് നബി യുദ്ധോല്‍സുകനായിരുന്നില്ല. അനിവാര്യമായ ഘട്ടങ്ങളില്‍ അദ്ദേഹം അത് ചെയ്തിട്ടുണ്ടെങ്കിലും. മനുഷ്യന്‌ മാര്‍ഗ്ഗദര്‍ശനം നല്‍കുകയായിരുനു പ്രവാചകന്‍റെ ലക്‌ഷ്യം. അത് അനുവദിക്കാത്തവര്‍ക്കെതിരെ, പ്രവാചകനെയും ഇസ്‌ലാമിക സമൂഹത്തെയും നശിപ്പിക്കാന്‍ വരുന്നവര്‍ക്കെതിരെ, അതും മറ്റെല്ലാ വഴിയും അടയുമ്പോള്‍ അദ്ദേഹം യുദ്ധം ചെയ്തിട്ടുണ്ട്.  ഇസ്‌ലാമിക സമൂഹത്തിന്‍റെ നില നില്‍പ്പ് ഉറപ്പ് വരുത്താന്‍ വേണ്ടി അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമാണ്‌ പ്രവാചകന്‍ ആയുധമെടുത്തിട്ടുള്ളത്. 
കെ.കെ. ആലിക്കോയ