തിരുവിതാംകൂറിലെ ഒരു സുപ്രസിദ്ധ ക്രിമിനല്‍ വക്കീലിന്‍റെ മുമ്പില്‍
ഒരിക്കല്‍ ഒരു സങ്കടക്കാരന്‍ ചെന്നു. വക്കിലിന് മുമ്പ് തന്നെ
പരിചിതനായിരുന്ന ആ വൃദ്ധനോട്:
വക്കീല്‍: എന്തു ചേട്ടാ വന്നത്?
കക്ഷി: എനിക്ക് ഒരു അനന്തിരവനുണ്ട്. അവന്‍റെ ഉപദ്രവം കൊണ്ട് തീരെ
നിവൃത്തിയില്ലാതായി.
വക്കീല്‍: അതിനെന്തു വേണം?
കക്ഷി: തൊണ്ണൂറാം വകുപ്പ് എടുക്കുന്നതിന് അവന്‍റെ മേല്‍ ഒരു ഹരജി കൊടുക്കണം.
വക്കീല്‍: അവന്‍റെ ഉപദ്രവം അത്ര കലശലോ?
കക്ഷി: വളരെ വളരെ കലശല്‍ ആണ്.
വക്കീല്‍: അവനെ വിളിക്കുന്നതെങ്ങനെ?
കക്ഷി: പരമേശ്വരന്‍ എന്ന്.
വക്കീല്‍: എന്നാല്‍ അവന്‍റെ മേല്‍ പോലീസുകാര്‍ ക്രിമിനല്‍ നടപടി നിയമം
തൊണ്ണൂറാം വകുപ്പിന് നടപടി നടത്തുകയില്ല.
കക്ഷി: അവന്‍റെ ഉപദ്രവം വളരെ കലശല്‍ ആണ്. വലിയ അക്രമി ആണ്. അവനെ
ക്കൊണ്ട് ഒരു നിവൃത്തിയും ഇല്ല.
വക്കീല്‍: അതല്ലേ ചോദിക്കുന്നത് അവന്‍റെ പേര്‍ എന്തെന്ന്?
കക്ഷി: പരമു എന്ന് ചുരുക്കപ്പേര്‍; രാമന്‍ പരമേശ്വരന്‍ എന്ന് ശരിയായ പേര്‍.
വക്കീല്‍: ഇങ്ങനെയാണ് പേരുകള്‍ എങ്കില്‍ അവന്‍റെ മേല്‍ ഹരജി കൊടുക്കേണ്ട.
കക്ഷി: അതെന്ത്?
വക്കീല്‍: അവന്‍ അത്ര വലിയ അക്രമിയാണെങ്കില്‍ 'പട്ടാളം പരമു' എന്നോ
'കടുവാപ്പരമു' എന്നോ 'അടികൊള്ളീപ്പരമു' എന്നോ ദിക്കുകാര്‍ ഒരു
സ്ഥാനപ്പേര് അവനു കൊടുത്തുകാണും. അങ്ങനെയാണെങ്കില്‍ അവന്‍ തൊണ്ണൂറാം
വകുപ്പിന് അര്‍ഹനായി.
കക്ഷി: പൊന്നങ്ങുന്നേ! അവനെ 'കാട്ടുപോത്തുപരമു' എന്നാണ് വിളിക്കുന്നത്.
വക്കീല്‍: എന്നാല്‍ ഇപ്പോള്‍ തന്നെ ഹരജി കൊടുക്കാം.
(ഇ.വി. കൃഷ്ണപിള്ളയുടെ 'ചിരിയും ചിന്തയും' എന്ന കൃതിയില്‍ നിന്ന്.
1934-ല്‍ എഴുതിയത്.)
ഭീകരന്‍, തീവ്രവാദി തുടങ്ങിയ 'സ്ഥാനപ്പേരുകള്‍' ഒരാള്‍ക്ക് വീണു
കഴിഞ്ഞല്‍ പിന്നെ അയാളെ എങ്ങനെ വേണമെങ്കിലും കൈകാര്യം ചെയ്യാന്‍
രാജ്യത്തുള്ള സകല സംസ്ഥാനങ്ങളിലെ പോലീസുകര്‍ക്കും ചൊദ്യം ചെയ്യാന്‍
പാടില്ലാത്ത അധികാരം ലഭിക്കുമെന്നാണ് വര്‍ത്തമാന കാലം നമുക്ക് നല്‍കുന്ന
പാഠം. അതിന്‍റെ മുമ്പില്‍ മുസ്‌ലിം എന്ന് കൂടി ചേര്‍ത്തിട്ടുണ്ടെങ്കില്‍
പിന്നെ പറയുകയും വേണ്ട. ഈ പേര് വീണ് കഴിഞ്ഞാല്‍ പിന്നെ കോടതി പോലും
നിസ്സഹായമായിപ്പോകും. ആള് പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കും,
സാക്ഷികളെ സ്വാധീനിക്കും, ഗൂഢാലോചന നടത്തും ... അത് കൊണ്ട് പ്രതിക്ക്
ജാമ്യം അനുവദിക്കരുത് എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ പറഞ്ഞാല്‍ പിന്നെ
വര്‍ഷങ്ങളോളം അവരുടെ വാസം ജയിലില്‍ തന്നെ. എല്ലാ സുരക്ഷിതത്വവും
ഏര്‍പ്പെടുത്തി വിചാരണ നടത്തിയിട്ടും തെളിവിന്‍റെ ഒരു തരിമ്പ് പോലും
ഹാജറാക്കാന്‍ കഴിയാതെ കേസ് തള്ളിപ്പോയാലും അയാള്‍ എന്നും തീവ്രവാദി
തന്നെ.
ഒരു കോടതിക്കും അയാളെ നിരപരാധിയാക്കാന്‍ കഴിയില്ല; വെറുതെ ഒരു വിധി
പ്രസ്താവിച്ച് നോക്കാം എന്നേയുള്ളൂ. ജനാധിപത്യത്തിന്‍റെ ചില കാവല്‍
പട്ടികള്‍ അതൊന്നും അംഗീകരിക്കില്ല. ആജീവനാന്തം അയാള്‍ തീവ്രവാദി തന്നെ.
(യഥാര്‍ത്ഥത്തില്‍ ആജീവനാന്ത ജയില്‍ വാസമാണ് വിധിക്കേണ്ടത്.) ഇനി
പുറത്തിറങ്ങിയാല്‍, മേലില്‍ എപ്പോള്‍ എവിടെ തീവ്രവാദി ആക്രമണമുണ്ടായാലും
അയാളെക്കൂടി പ്രതിചേര്‍ക്കുന്നത് വളരെ എളുപ്പം. അത് നിസ്സഹായരായി
നോക്കിനില്‍ക്കാന്‍ മാത്രമേ ആര്‍ക്കും കഴിയുകയുള്ളൂ; കോടതിക്ക് പോലും.
തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെന്തിനാ കേസിനെ പേടിക്കുന്നത്;
അറസ്റ്റിനെ പേടിക്കുന്നത്; പ്രതിക്ക് കോടതിയില്‍ നിരപരാധിത്തം
തെളിയിച്ച് ഇറങ്ങിപ്പോരാമല്ലോ' എന്ന സൌജന്യം ചിലര്‍ വച്ചുനീട്ടുന്നതും
കാണാം. മഅ്‌ദനിയുടെ കാര്യത്തില്‍ നിരപരാധിത്തത്തിന്‍റെ 'തെളിയലു'ണ്ടായത്
ഒമ്പത് വര്‍ഷത്തിന് ശേഷമാണ്. 'മഅ്‌ദനിയുടെ ഒമ്പത് വര്‍ഷത്തെ
ജയില്‍വാസത്തില്‍ എന്തിനാ പരാതി പറയുന്നത്? നിരപരാധിത്തം
'തെളിഞ്ഞപ്പോള്‍' അദ്ദേഹത്തെ ഇറക്കി വിട്ടില്ലേ' എന്നും ഈ മഹാമനസ്കര്‍
ചോദിക്കുമായിരിക്കും. 'ഒമ്പതോ അതില്‍ കൂടുതലോ വര്‍ഷം കഴിയുമ്പോള്‍
ഒരിക്കല്‍ക്കൂടി നിരപരാധിത്തം തെളിയിച്ച് ഇറങ്ങിപ്പോരാമല്ലോ പിന്നെന്തിനാ
അറസ്റ്റിനെതിരെ പരാതി പറയുന്നത്; അതങ്ങ് നടന്ന് കൊള്ളട്ടെ' എന്നാവും
ഇവര്‍ ഉദ്ദേശികുന്നത്. എത്ര നല്ല മനുഷ്യസ്നേഹികളാണിവര്‍! കാലാകാലം
ജയിലിലടക്കണമെന്ന് പറഞ്ഞില്ലല്ലോ. ഒന്ന് നിരപരാധിത്തം തെളിയിക്കും വരെ
മതിയല്ലോ. അവിടെക്കിടക്കട്ടെ. 'നിയമം അതിന്‍റെ വഴിക്ക് നടക്കട്ടെ'.
No comments:
Post a Comment