1. 'താങ്കള്‍ മാംസഭുക്കാണോ?' അയാള്‍ ചോദിച്ചു.
'അങ്ങനെയൊന്നുമില്ല' ഞാന്‍ പറഞ്ഞു.
'താങ്കളോ?' ഞാന്‍ ചോദിച്ചു.
'ഞങ്ങള്‍ വൈഷ്ണവ ജനത ശുദ്ധ സസ്യ ഭുക്കുകളാണ്.' തെല്ലഭിമാനത്തോടെ അയാള്‍ പറഞ്ഞു.
'നിങ്ങളില്‍ ചില പുല്ലുതീനികള്‍ പൂര്‍ണ്ണഗര്‍ഭിണിയുടെ വയറുകീറി കുട്ടിയെ വെളിയിലെടുത്ത് വെട്ടിനുറുക്കിത്തിന്നതോ, തള്ളയേയും?' ഞാന്‍ പെട്ടെന്ന് ചോദിച്ചുപോയി.
ഒരു വികൃത ജന്തുവായി രൂപം മാറിയ അയാള്‍ കൊലപ്പല്ലുകള്‍ കാട്ടി പുരികത്തില്‍ വില്ലുകള്‍ കുലച്ചുകൊണ്ട് എന്‍റെ നേരെ മുരണ്ടു: 'ക്യാ?'
(കടമ്മനിട്ട)
2. ഇല്ല, ഒരമ്മയും ഇങ്ങനെ കുഞ്ഞിനെ
ചിതയിലേക്ക് പെറ്റിട്ടിട്ടുണ്ടാവില്ല
ഒരു നിലവിളിയും ഇങ്ങനെ
ഉയരും മുമ്പേ ചാരമായിട്ടുണ്ടാവില്ല
വിട, നിന്നെ പിറക്കാനയക്കാത്ത ലോകത്തില്‍
എനിക്കും ഇനി പിറക്കേണ്ട
ഇന്ത്യയിലെ അമ്മമാരേ,
നിങ്ങളിനി പ്രസവിക്കുകയും വേണ്ടാ.
(സച്ചിദാനന്ദന്‍)
3. ഞാന്‍ സമ്പൂര്‍ണ്ണ സസ്യഭുക്കല്ല. എന്നാലും ഞാന്‍ അന്യ മതസ്ഥകളെ ബലാല്‍സംഗം ചെയ്യുകയോ അമ്മ വയറ്റില്‍ ഉറങ്ങിയ കണ്ണുതുറക്കാം കണ്‍മണിയെ ശൂലത്തില്‍ കുത്തി തീയിലെറിഞ്ഞാടുകയോ ചെയ്തിട്ടില്ല. അപ്പോള്‍ ചങ്ങാതീ യഥാര്‍ത്ഥ ദുശ്ശിലം എന്താണ്? (കുരീപ്പുഴ ശ്രീകുമാര്‍)
4. 'നിരന്തരമായ ആക്രമണങ്ങളും വര്‍ഗീയ ലഹളകളും നേരിടേണ്ടി വന്ന മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഭരണകൂടത്തിലും ഭരണനിയന്ത്രണത്തിലും നിഷ്പക്ഷവും മതനിരപേക്ഷവും എന്ന നിലക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നു. മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗം മുസ്ലിം വര്‍ഗീയതക്ക് എതിരാണെങ്കിലും ഒരു വിഭാഗം യുവാക്കള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന നൈരാശ്യത്തില്‍ നിന്ന് മതമൌലികവാദികള്‍ മുതലെടുക്കുകയാണ്. (സി.പി.ഐ.എം. 17-ആം പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം. ഭാഗം 2/10)
5. 'ദലിതരും ന്യൂനപക്ഷങ്ങളും ഇരകളാക്കപ്പെടുന്ന ഒരു കാലത്ത് അവരുടെ സാമ്പത്തികവും സാംസ്കാരികവുമായ 'തനതുപ്രശ്നങ്ങള്‍' ഉയര്‍ത്തിക്കൊണ്ട് വരേണ്ടത് ഇടതുപക്ഷം തന്നെയാണ്. സൂക്ഷ്മാര്‍ത്ഥത്തില്‍ ഈ ദൌത്യം ഇടതുപക്ഷം നിര്‍വഹിക്കുമ്പോള്‍ അന്യവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളുടെ നൈരാശ്യത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിക്കുന്ന വിഭാഗീയ തീവ്രവാദി പ്രസ്ഥാനങ്ങള്‍ക്ക് ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍ അന്ത്യവിശ്രമം കൊള്ളേണ്ടിവരും.
(ഗുലാബ്ജാന്‍)
ഈ ഉദ്ധരണികളത്രയും ഇരകളുടെ മാനിഫെസ്റ്റോ എന്ന കൃതിയില്‍ നിന്നുള്ളതാണ്; ഒന്നും കെ.ഇ.എന്നിന്‍റെതല്ലെങ്കിലും! നേര്‍ക്ക് നേരെ ചിന്തിക്കുന്നവര്‍ക്ക് എപ്പോഴും കാണാന്‍ കഴിയുന്ന യാഥര്‍ത്ഥ്യമാണ് മേല്‍ പറഞ്ഞവ ഉള്‍ക്കൊള്ളുന്നത്. ഇതിലെവിടെയും വംശീയതയോ വര്‍ഗീയതയോ ഇല്ല. മാത്രമല്ല; വര്‍ഗീയതയും വംശീയതയും തകര്‍ക്കപ്പെടണമെന്ന് ഉണ്ട് താനും. എനാല്‍ ഇതൊന്നും കാണാന്‍ കൂട്ടാക്കാതിരിക്കുകയാണ് പി. സുരേന്ദ്രന്‍ ചെയ്യുന്നത്. (പിണറായി സഖാവേ ഇപ്പോള്‍ പാര്‍ട്ടിയാണു ശരി
പി സുരേന്ദ്രന്റെ തുറന്ന കത്ത്) കെ.ഇ.എന്നിന്‍റെ 'ഇരകളുടെ മാനിഫെസ്റ്റോ' എന്ന കൃതി ഇപ്പോള്‍ 'ചിന്ത' പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആ കൃതിയെ ചിന്തയുടെ പുസ്തക വാര്‍ത്ത പരിചയപ്പെടുത്തുന്നതിങ്ങനെ: 'ഹിന്ദുത്വ ബുദ്ധിജീവികളെയും മൃദുഹിന്ദുത്വവാദികളെയും വിറളിപിടിപ്പിച്ച സ്ഫോടനാത്മകമായ രഷ്ട്രീയ സാംസ്കാരിക ഇടപെടല്‍. നവകൊളോണിയല്‍-നവഫാസിസ്റ്റ് ഇന്ത്യനവസ്ഥയുടെ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പരിപ്രേക്‌ഷ്യം.'
ഭൂരിപക്ഷ വര്‍ഗ്ഗിയ്തയെയും ന്യൂനപക്ഷ വര്‍ഗീയതെയും ഒരെ നണയത്തില്‍ കാണാനല്ല സി.പി.ഐ.എം. ഈ വാക്കുകളില്‍ പഠിപ്പിക്കുന്നത്. അത് ഇപ്പോള്‍ പുതുതായി തുടങ്ങിയതാണ്. മുമ്പ് 1987-ല്‍ ഇതേ കാര്‍ഡ് കളിച്ചിരുന്നു. രണ്ടും തുല്യമായല്ല; ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടാണ് പാര്‍ട്ടി ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇത് പി. സുരേന്ദ്രന്ന് വളരെ ഇഷ്ടമാണെന്നറിയാം. അതാണല്ലോ തുറന്ന കത്തിന്‍റെ പ്രസക്തി.
കെ.ഇ.എന്നിനോട് പി. സുരേന്ദ്രന്നുള്ള പകയും പരസ്യമായ കാര്യമാണല്ലോ. കോഴിക്കോട്ട് എം.എസ്.എസ്. ഓഡിറ്റോറിയത്തില്‍ 2010 ജൂണ്‍ 9ന് നടന്ന, ഒലീവ് സംഘടിപ്പിച്ച, ഒരു പുസ്തക ചര്‍ച്ചയില്‍ പി. സുരേന്ദ്രന്‍ പങ്കെടുത്തിരുന്നു. 'ജമാഅത്തെ ഇസ്‌ലാമി അകവും പുറവും' എന്നതായിരുന്നു ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകം.
ആ ചര്‍ച്ചയില്‍ പങ്കെടുക്കവേ സുരേന്രന്‍ ചോദിച്ചു: 'കെ.ഇ.എന്‍. ജമാഅത്തിനെ വിമര്‍ശിക്കുന്ന ഒരു വരിയെങ്കിലും എഴുതിയത് കാണിക്കാമോ' എന്ന്. സദസ്സില്‍, 'ജമാഅത്തെ ഇസ്‌ലാമി അകവും പുറവും' എന്നകൃതിയുടെ പ്രസാധകനായ ഡോ. എം.കെ. മുനീറുണ്ട്. സ്റ്റേജില്‍ പ്രസ്തുത പുസ്തകത്തിന്‍റെ എഡിറ്ററായ എം.എ. കാരപ്പഞ്ചേരിയുണ്ട്. ഇവരാരും കെ.ഇ.എന്നിനെ സംരക്ഷിക്കാന്‍ മുതിര്‍ന്നില്ല. ഏറെ ക്രൂരമായിപ്പോയി ഇത്. കാരണം മറ്റൊന്നുമല്ല.
ഏതൊരു പുസ്തകമാണോ ചര്‍ച്ചാവിധേയമായിട്ടുള്ളത് ആ പുസ്തകത്തില്‍ ജമാഅത്തിനെ വിമര്‍ശിക്കുന്ന ഒരു ലേഖനം കെ.ഇ.എന്നിന്‍റെതായി ഉണ്ട്. 'മതരാഷ്ട്രീയത്തിന്‍റെ ബലതന്ത്രം.' (രണ്ടാം ഭാഗത്തിലെ എട്ടാമത്തെ ലേഖനം.) ഒരുപക്‌ഷെ സുരേന്ദ്രന്‍ പുസ്തകം വായിക്കാതെയാകാം ചര്‍ച്ചക്ക് വന്നത്. എന്നാല്‍ എഡിറ്ററോ പ്രസാധകനോ ഇത് ചൂണ്ടിക്കാണിക്കുകയും ഈ നന്ദികേടില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തെളിയിക്കുകയും ചെയ്യേണ്ടിയിരുന്നു. അതൊന്നുമുണ്ടായില്ല.
No comments:
Post a Comment