'കശ്മീരികളുടെ ഹൃദയം ജയിച്ചു കൊണ്ടേ നിലവിലുള്ള പ്രശ്നം പരിഹരിക്കാനാവൂ' എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്‍റെ പ്രസ്താവന ശ്രദ്ധേയമാണ്. ഇത് വരെ കശ്മീര്‍ പ്രശ്നം കൈകാര്യം ചെയ്യുന്നിടത്ത് കേന്ദ്രത്തിന്ന് സംഭവിച്ച വീഴ്ചയും അത് തന്നെയായിരുന്നുവല്ലോ. കശ്മീരിന്‍റെ മണ്ണ് അമിതമയ ബലപ്രയോഗത്തിലൂടെ കൂടെ നിറുത്താം എന്നാണ് നാം എപ്പോഴും ചിന്തിച്ചിരുന്നത്.
കശ്മീര്‍ നമുക്ക് വേണം. ഇത് പറയുമ്പോള്‍ കശ്മീരിന്‍റെ മണ്ണ് മാത്രമല്ല; അതിന്‍റെ മനസ്സും നമുക്ക് വേണം. കശ്മീരിന്‍റെ മനസ്സ് ഇന്ത്യക്കൊപ്പം നില്‍ക്കണം. പിന്നെ അതിന്‍റെ മണ്ണ് നമുക്ക് നഷ്ടപ്പെടുകയില്ല.
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. എന്നാണ് നമ്മുടെ ധാരണ. കശ്മീരികളില്‍ ചിലര്‍ മറിച്ച് ചിന്തിക്കുന്നുണ്ട്. അതിന്‍റെ കാരണമാണ് ഇല്ലായ്മ ചെയ്യേണ്ടത്.
ഇന്ത്യയുടെ ഭൂപടം കാണുമ്പോള്‍ കശ്മീര്‍ തലയെ അനുസ്മരിപ്പിക്കുന്നു. കശ്മീര്‍ പോയാല്‍ ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് അതിന്‍റെ തല നഷ്ടമായ പോലെയാണ് തോന്നുക.
കശ്മീരില്‍ സൈന്യത്തിനുള്ള പ്രത്യേകാധികാരങ്ങള്‍ വലിയ കുഴപ്പം സൃഷ്ടിക്കുന്നവയാണ്. ഒരു നിയമവും വക വയ്കാതെ കശ്മീരീ സ്ത്രീകളെ ബലാല്‍സംഗം ചെയ്തും യുവാക്കളെ തട്ടിക്കൊണ്ട്പോയി കൊലപ്പെടുത്തിയും മുന്നേറാന്‍ സൈന്യത്തിന്ന് സാധിക്കുന്നു. പക്ഷെ ഇത് ഇന്ത്യക്ക് നേട്ടമല്ല വമ്പിച്ച കോട്ടമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര മന്ത്രി സൂചിപ്പിച്ച പ്രകാരം കശ്മീരിന്‍റെ മനസ്സിനെ കൂടെ നിറുത്താനല്ല ഇതുപകരിക്കുക. ഇന്ത്യയോടനുഭാവമുള്ളവരെക്കൂടി അകറ്റാനാണ് ഇത് കാരണമാവുക. മാത്രമല്ല; ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി മനുഷ്യാവകാശപ്രവര്‍ത്തകരുടെ അതി നിശിതമായ വിമര്‍ശനത്തിന്ന് ഭാരത സര്‍ക്കര്‍ ഇരയാകാനും ഈ നടപടി കാരണമായിട്ടുണ്ട്.
ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ശ്രീ ചിദംബരത്തിന്റെ പ്രസ്താവന ആശാവഹമാണ്.
കശ്മീരിലെ പ്രശ്നങ്ങള്‍ ഉരുക്ക്മുഷ്ടി ഉപയോഗിച്ച് തകര്‍ക്കണമെന്ന് ബി.ജെ.പി നേതാക്കളുടെ പ്രസ്താവന കാര്യമാകേണ്ടതില്ല. അത് പ്രശ്നപരിഹാരത്തിന്ന് ഉതകുകയില്ലെന്ന് മാത്രമല്ല കൂടുതല്‍ വഷളാക്കുകയും ചെയ്യും. മുസ്‌ലിംകളോടുള്ള അവരുടെ കുടിപ്പകയാണ് ഉരുക്കുമുഷ്ടിപ്രയോഗം നടത്താന്‍ അവരെ പ്രേരിപ്പിക്കുന്നത്. എല്ലാവരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് മാത്രമേ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയുള്ളു. ആ ഗുണം ബി.ജെ.പി.ക്കില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണല്ലോ. ഉരുക്കുമുഷ്ടി പ്രസ്താവന നടത്തിയ ബി.ജെ.പി. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ സ്വന്തം മുന്നണിക്കാരുടെ പോലും പിന്തുണ ലഭിക്കാത്തവിധം ഒറ്റപെടാനുണ്ടായ കാരണവും മറ്റൊന്നല്ല.
"ഇന്ത്യയോട് ചേര്‍ക്കുമ്പോള്‍ കശ്മീരികള്‍ക്ക് കൊടുത്ത ഉറപ്പ് പാലിക്കാത്തതാണ് താഴ്‌വരയിലെ അസ്വസ്ഥതകളുടെ അടിസ്ഥാന കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് സൈഫുദ്ദീന്‍ സോസ് പറഞ്ഞു. " ഇതാണ് പ്രശ്നത്തിന്‍റെ മര്‍മ്മം. ഹിതപരിശോധന ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ പാലിക്കപെട്ടിട്ടില്ല. പകരം ഉരുക്കുമുഷ്ടിയും ബലാല്‍സംഗവുമാണ് നടന്നത്. ഇത് പറയുമ്പോള്‍ ചിലര്‍ ചോദിക്കാറുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ എല്ലാ സംസ്ഥനത്തും ഇത് പോലെ ഹിതപരിശോധന നടത്താന്‍ കഴിയുമോ എന്ന്. ഹിത പരിശോധന നടത്താമെന്ന് മറ്റേതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലാണ് അത് നടത്തേണ്ടത്. ഇങ്ങനെയൊരു വാഗ്ദാനം മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടില്ലെങ്കില്‍ ചോദ്യം അപ്രസക്തമാണ്.
പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഇന്നത്തെ സാഹചര്യത്തില്‍ ഇനി ഹിതപരിശോധന അസാധ്യമാണെങ്കില്‍ അതിനുകൂടിയുള്ള പരിഹാരമാണ് ആഭ്യന്തര മന്ത്രിയുടെ വാക്കുകളിലുള്ളത്. കശ്മീരികളുടെ ഹൃദയവും മനസ്സും കൂടെ നിറുത്താന്‍ ഉതകുന്ന തരത്തിലുള്ള പ്രശ്നപരിഹാരശ്രമം. ഈ വഴിക്ക് മുമ്പോട്ട് പോകാന്‍ ഭാരത സര്‍ക്കറിന്ന് സാധിക്കട്ടെ എന്‍ നമുക്ക് സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കാം.
കെ.കെ. ആലിക്കോയ
No comments:
Post a Comment