Saturday, June 26, 2010

നന്ദി അടിമത്തമാകുമ്പോള്‍

ഉപകാര സ്മരണ ഒരു സദ്ഗുണമാണ്‌. ഇത് ചിലപ്പോള്‍ അനാവശ്യവിധേയത്വമായി
മാറുന്നതും കാണാം. ഒരുദാഹരണം: എം.കെ. മുനീറിന്‍റെ ഒലീവ് പബ്ളിഷേഴ്സ്
പരിഷ്കരിച്ച് പുനഃപ്രസിദ്ധീകരിച്ച 'ജമാഅത്തെ ഇസ്‌ലാമി അകവും പുറവും' എന്ന
കൃതിയെ ആസ്പദമാക്കി ഒരു ചര്‍ച്ച കോഴിക്കോട്ട് എം.എസ്.എസ്.
ഓഡിറ്റോറിയത്തില്‍ 2010 ജൂണ്‍ ഒമ്പതിന്ന് നടന്നിരുന്നു. ഒലീവ്
സംഘടിപ്പിച്ച പ്രസ്തുത പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചത് ഹമീദ്
ചേന്നമംഗല്ലൂര്‍ ആയിരുന്നു. ഉദ്ഘാടന പ്രസംഗത്തില്‍ ഹമീദ് കമ്മ്യൂണിസം
പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും മുസ്ലിം ലീഗിനെ ശക്തമായി
വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഡോ. എം. ഗംഗാധരന്‍ ഹമീദും എം.എന്‍. കാരശ്ശേരിയും മുസ്‌ലിം
സമുദായത്തിന്‍റെ ക്രിറ്റിക്കല്‍ ഇന്‍സൈഡേഴ്സ് അല്ല എന്ന് മാതൃഭൂമി
അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതേ ആശയം ലീഗിന്‍റെ പത്രത്തില്‍ ഒരാള്‍
എഴുതിയത് പരാമര്‍ശിച്ച് ഹമീദ് പറഞ്ഞു: ഗംഗാധരന്‍ പറഞ്ഞത് ജമാഅത്ത്
ഏറ്റുപറഞ്ഞു കൊള്ളട്ടെ; വിരോധമില്ല. എന്നാല്‍ മുസ്‌ലിം ലീഗ് അത് ഏറ്റ്
പറയരുത്. കാരണം മുഹമ്മദലി ജിന്നയാണ്‌ ലീഗിന്‍റെ നേതാവ്. അദ്ദേഹം
നമസ്ക്കാരം നോമ്പ് മുതലായ ആരാധനകള്‍ നിര്‍വ്വഹിച്ചിരുന്നില്ല. ശരീഅത്ത്
നിയമം പാലിച്ചിരുന്നില്ല. മുസ്‌ലിമിനെ അല്ല; ഒരു പാര്‍സിയെയാണ്‌ കല്യാണം
കഴിച്ചത്. ഈ ജിന്നയെ ഖായിദേ അ അ്‌സം (മഹാനേതാവ്)എന്ന് വിളിച്ചവരാണ്‌
ലീഗുകാര്‍. അത് കൊണ്ട് ഞാന്‍ ക്രിറ്റിക്കല്‍ ഇന്‍സൈഡറല്ല എന്ന് പറയാന്‍
ലീഗിന്ന് അവകാശമില്ല. യൂത്ത് ലീഗ് പ്രസിഡന്‍റ്‌ കെ.എം.ഷാജി
പരിപാടിയില്‍ പങ്കെടുക്കുമെന്ന് നോട്ടീസിലുണ്ടായിരുന്നെങ്കിലും അദ്ദേഹം
പങ്കെടുത്തിരുന്നില്ല. എം.കെ. മുനീര്‍ സദസ്സിലുണ്ടായിരുന്നു;
മുന്‍നിരയില്‍ തന്നെ. സംഘാടകന്‍ അദ്ദേഹമാണെന്നതും, പുസ്തകത്തിന്‍റെ
പേര്‌ നിര്‍ദ്ദേശിച്ചത് അദ്ദേഹമണെന്നതും ചിലര്‍ അദ്ദേഹത്തെ
മുമ്പിലിരുത്തി പറഞ്ഞു കഴിഞ്ഞതാണ്‌. മാത്രമല്ല; അദ്ധ്യക്ഷ പ്രസംഗം നീണ്ടു
പോയപ്പോള്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ്, അദ്ധ്യക്ഷന്‍റെ അടുത്ത്
ചെന്ന് (സ്റ്റേജില്‍ കയറിയിട്ടില്ല) പ്രസംഗം ചുരുക്കാന്‍ ആവശ്യപ്പെട്ടത്
മുനീറായിരുന്നു. എന്നിട്ടും ലീഗിന്‍റെ ലീഗിന്‍റെ പത്രത്തിനെതിരെ ഹമീദ്
ഉന്നയിച്ച ആരോപണത്തിന്‌ മറുപടി ഉണ്ടായില്ല.
ഈ ലീഗ് ജിന്നയുടെ ലീഗ് അല്ല; 1948-ല്‍ ഉണ്ടായ ലീഗാണ്‌ എന്നാണല്ലോ അവരില്‍
പലരും ആവര്‍ത്തിച്ചു പറയാറുള്ളത്. ജിന്നയുമായുള്ള ലീഗിന്‍റെ ബന്ധം
തള്ളിപ്പറയേണ്ടതാണെങ്കില്‍ അതും അവിടെ നടന്നില്ല.
ജമാഅത്ത് വിരോധം തലക്ക് കയറിയതിന്‍റെ അപകടങ്ങളില്‍ പെട്ടതാണിത്.
മറ്റൊരുദാഹരണം ഇതേ പരിപാടിയിലെ പി. സുരേന്ദ്രന്‍റെ പ്രസംഗമാണ്‌. ഈയിടെ
നടന്നതും ഒട്ടേറെ ബഹളത്തിന്ന് കാരണമായതുമായ ലീഗ്-ജമാഅത്ത് ചര്‍ച്ച
പുറത്തറിയിക്കുകയും ആ നീക്കം തകര്‍ക്കുകയും ചെയ്തതിന്‍റെ 'ക്രെഡിറ്റ്'
അദ്ദേഹം മുനീറിന്ന് നല്‍കുന്നുണ്ട്. ഇതും മുനീര്‍ നിഷേധിച്ചിട്ടില്ല.
മുസ്‌ലിം ലീഗ് ആരുമായി കൂട്ടു കൂടണമെന്ന കാര്യം ലീഗിന്‍റെ നാല്‌
നേതാക്കന്‍മാര്‍ തീരുമാനിച്ചാല്‍ പോരാ; ഞങ്ങളോടൊക്കെ ചോദിച്ചിട്ട് വേണം
തീരുമാനിക്കാന്‍ എന്നായിരുന്നു തുടര്‍ന്നദ്ദേഹം പറഞ്ഞത്. ഇവിടെ ഞങ്ങള്‍
എന്നാല്‍ പൊതു സമൂഹവും മറ്റ് മതക്കാരുമൊക്കെയാണെന്ന് അദ്ദേഹം
വിശദീകരിക്കുകയും ചെയ്തു. ഇതിനും ആരും അവിടെ മറുപടി പറഞ്ഞില്ല.
ലീഗിന്‍റെ കാര്യം തീരുമാനിക്കാന്‍ ലീഗിന്ന് അവകാശമില്ലെന്ന അത്യന്തം
അപകടകരമായ പ്രസ്താവനയെ പോലും ഖണ്ഡിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ
നാണക്കേടാണ്‌.
മുനീര്‍ എഫിഷെന്‍റല്ലെന്ന് ഡോ. എം. ഗംഗാധരന്‍ പറഞ്ഞപ്പോള്‍ ഇത്ര മാത്രം
അര്‍ത്ഥ വ്യാപ്തി അതിനുണ്ടാകുമെന്ന് കരുതിയിരുന്നില്ല. സാങ്കേതികമായി
മുനീര്‍ ആ പരിപാടിയില്‍ പ്രഭാഷകനായിരുന്നില്ല എന്ന് പറഞ്ഞൊഴിയാന്‍
കഴിയുമെന്ന് കരുതരുത്; കാരണം ആ പരിപാടിയിലെ അധ്യക്ഷനെപ്പോലും
(പരസ്യമായിത്തന്നെ) നിയന്ത്രിച്ച സൂപര്‍ അധ്യക്ഷനായ മുനീറിന്ന്
ഇതിന്‍റെയൊന്നും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ്‌മാറാന്‍ കഴിയില്ല.
ഇതെല്ലാം പറയിച്ചത് തന്നെ മുനീറാണെന്നിരിക്കെ വിശേഷിച്ചും.
കെ.കെ. ആലിക്കോയ

1 comment:

shahir chennamangallur said...

മുനീറിന്റെ ഓരൊ കാര്യം.... വാപ്പ ആനപ്പുറത്തിരുന്നതിന്‌ തനിക്ക് തഴമ്പുണ്ടെന്ന് കരുതി നെഗെളിക്കുന്നു. പാവം